കറാച്ചി: ഏഷ്യാ കപ്പില്‍ ഇന്ത്യയു പാകിസ്താനും തമ്മില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനെതിരേ ഗുരുരതര ആരോപണവുമായി മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഈ മല്‍സരത്തില്‍ പാകിസ്താന്‍ ഒത്തുകളിച്ചതായും മനപ്പൂര്‍വ്വം മോശമായി കളിച്ചിട്ടുണ്ടെന്നുമെന്നാണ് അദ്ദേഹം ആഞ്ഞടിക്കുന്നത്. തന്റെ സംശയത്തിന്റെ ചില കാരണങ്ങളും റഷീദ് നിരത്തിയിരിക്കുകയാണ്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷശിച്ചത്. 172 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് പാക് ടീം ഇന്ത്യക്കു മുന്നില്‍ വച്ചത്. എന്നാല്‍ അഭിഷേക് ശര്‍മയുടെ സ്‌ഫോടനാത്മക ഫിഫ്റ്റിയിലേറി ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റിനു വിജയത്തിലെത്തുകയായിരുന്നു.

ഞെട്ടിച്ച് റഷീദ് ലത്തീഫ്
ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഒരു മല്‍സരത്തിനെതിരേ ഇതാദ്യമായാണ് ഒരു ഒത്തുകളി ആരോപണം ഉയരുന്നത്. ഒരു പാക് ചാനലിലെ ചര്‍ച്ചയില്‍ കളിയെക്കുറിച്ച് വിശകലനം ചെയ്യവെയാണ് ഇന്ത്യക്കെതിരേ സൂപ്പര്‍ ഫോറില്‍ പാകിസ്താന്റെ തോല്‍വിയില്‍ റഷീദ് ലത്തീഫ് സംശയം പ്രകടിപ്പിച്ചത്.
ഇതാദ്യമായല്ല അദ്ദേഹം ഈ തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒല്‍സരത്തില്‍ ഉന്നയിക്കുന്നത്. നേരത്തേയും റഷീദ് സമാനമായ ചില ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദ നായകനായിരുന്നു.
സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ ഇന്നിങ്‌സിലെ രണ്ടാം പകുതിയിലെ (അവസാനത്തെ 10 ഓവര്‍) ബാറ്റിങ് പ്രകടനത്തിലാണ് റഷീദ് സംശയമുന്നയിക്കുന്നത്. രണ്ടാം വിക്കറ്റില്‍ സാഹിബ്‌സദ ഫര്‍ഹാനും സയീം അയൂബും ചേര്‍ന്ന് 72 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 11ാം ഓവറിലാണ് സയീം പുറത്തായത്. അപ്പോള് പാക് ടീം രണ്ടു വിക്കറ്റിനു 93 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.
190 പ്ലസ് റണ്‍സ് ടോട്ടല്‍ അവര്‍ ഉറപ്പായും നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 171 റണ്‍സ്
കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ശിവം ദുബെയടക്കമുള്ള ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാക് ടീമിനെ 171 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. പക്ഷെ അതു ഇന്ത്യയുടെ മിടുക്ക് കൊണ്ടല്ലെന്നും ചില പാക് താങ്ങള്‍ ഒത്തുകളിച്ചതു കാരണമാണ് പാക് ഇന്നിങ്‌സ് സ്ലോ ആയതെന്നുമാണ് റഷീദിന്റെ വിലയിരുത്തല്‍.
'ഇന്ത്യക്കെതിരേ പാകിസ്താന്‍ വളരെന നന്നായിട്ടാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പെട്ടെന്നു അതെങ്ങനെ മോശമായി മാറി? അഗ്രസീവായി കളിക്കാന്‍ പാക് താരങ്ങള്‍ ശ്രമിച്ചതു പോലുമില്ല. അവര്‍ കീഴടങ്ങിയതു പോലെയാണ് പെരുമാറിയത്. മധ്യ ഓവറുകളില്‍ എന്തുകൊണ്ടാണ് പാക് ടീം ആക്രമിക്കാന്‍ ശ്രമിക്കാതിരുന്നത്? എനിക്കറിയില്ല'.

'സാഹിബ്‌സദ ഫര്‍ഹാനും ഹുസൈന്‍ തലത്തും 17 ബോളില്‍ 17 റണ്‍സിന്റെ കൂട്ടുകട്ടാണുണ്ടാക്കിയത്. ഫര്‍ഹാന്‍ ആറു ബോളില്‍ അഞ്ചു റണ്‍സെടുത്തു. തലത്ത് 11 ബോളില്‍ 10 റണ്‍സും സ്‌കോര്‍ ചെയ്തു. ആ സമയത്തു പാകിസ്താന്‍ കളിയില്‍ നിയന്ത്രണം നേടിക്കഴിഞ്ഞിരുന്നു. ഔട്ടായാലും കുഴപ്പമില്ല, ആ സമയത്തു നിങ്ങള്‍ വലിയ ഷോട്ടുകള്‍ കൡക്കാന്‍ ശ്രമിക്കേണ്ടിയിരുന്നു.
പിന്നീട് മുഹമ്മദ് നവാസ് ക്രീസിലെത്തി. അവനും വളരെ സ്ലോയായിട്ടാണ് ബാറ്റ് ചെയ്തത്. സ്‌കോറിങ് റേറ്റുയര്‍ത്താനുള്ള ഒരു ശ്രമവും നവാസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതുകൊണ്ടു തന്നെയാണ് പാക് ടീമിന്റൈ ബാറ്റിങിനെയോ, ബൗളിങിനെയോ എനിക്കു വിശ്വാസമില്ലാത്തത്'-എന്നായിരുന്നു റഷീദ് തുറന്നടിച്ചത്.