ദുബായ്: ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കിടെ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മല്‍സരത്തില്‍ യുഎഇ തകര്‍ത്ത് പാക് ടീം സൂപ്പര്‍ ഫോറിലേക്കു മുന്നേറിയതോയാണ് ബദ്ധവൈരികള്‍ വീണ്ടും മുഖാമുഖം വരുന്നത്.
ഞായറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും ഈ സൂപ്പര്‍ പോരാട്ടം. ഈ മല്‍സരത്തില്‍ ഇന്ത്യ തുരത്തുമെന്നു പാക് ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇജാസ് വസീം ബക്‌രിയെന്ന പാകിസ്താന്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ആരാധകരുടെ മുന്നറിയിപ്പ്.

പൊരുതി നേടി പാക് ടീം
ബുധനാഴ്ച രാത്രി ദുബായില്‍ നടന്ന നോക്കൗട്ടിനു തുല്യമായ മല്‍സരത്തില്‍ ആതിഥേയരായ യുഎയെ 41 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യക്കു പിന്നില്‍ രണ്ടാസ്ഥാനക്കാരായി പാകിസ്താന്‍ സൂപ്പര്‍ ഫോറിലെത്തിയത്. ഇതോടെ യുഎഇയും ഒമാനും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.
യുഎഇയെ തോല്‍പ്പിക്കാനായെങ്കിലു പാക് ടീമിന്റെ പ്രകടനം അത്ര ആധികാരികമായിരുന്നില്ല. ബറ്റിങില്‍ അവര്‍ ഒരു ഘട്ടത്തില്‍ ശരിക്കും പതറിയിരുന്നു. നമൂന്നിനു 70 റണ്‍സില്‍ നിന്നും ഏഴിന് 110ലേക്കു കൂപ്പുകുത്തിയ പാക് ടീമിനെ രക്ഷിച്ചത് ഷഹീന്‍ അഫ്രീഡിയുടെ (14 ബോളില്‍ 29*) മികച്ച ഫിനിഷിങാണ്. ഇതാണ് അവരെ ഒമ്പതിനു 146ലെത്തിച്ചത്.
മറുപടിയില്‍ ഒരു സമയത്തു നാലിനു 85 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ യുഎഇയ്ക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വെറും 20 റണ്‍സിനിടെ ശേഷിച്ച ആറു വിക്കറ്റുകളും കളഞ്ഞു കുളിച്ച അവര്‍ 18ാം ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ പാക് ടീം സൂപ്പര്‍ ഫോറിലേക്കും ടിക്കറ്റ് വാങ്ങുകയായിരുന്നു.
മുന്നറിയിപ്പുമായി പാക് ഫാന്‍സ്
യുഎഇയെ പരാജയപ്പെടുത്തി പാകിസ്താന്‍ ടീം സൂപ്പര്‍ കപ്പിലേക്കു യോഗ്യത നേടിയതിനു പിന്നാലെയാണ് അവരുടെ ഫാന്‍സ് സൂപ്പര്‍ ഫോറിനു മുമ്പ് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
'ഇന്ത്യക്കെതിരേ സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞാല്‍ പാകിസ്താന് സൂപ്പര്‍ ഫോറില്‍ ജയിച്ചുകയറാം. ഹസ്തദാന വിവാദവും മറ്റും കാര്യമാക്കേണ്ട. പാക് ടീം ഗെയിമിനെ ഗെയിമായി മാത്രം കണ്ടാല്‍ മതി. പാകിസ്താന്‍ ടീം ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞു. കൂടുതല്‍ അഗ്രസീവായാണ് പാക് ടീം ഇപ്പോഴുള്ളത്. ഇന്ത്യയെ തീര്‍ച്ചയായും പാകിസ്താന്‍ ടീം പാഠം പഠിപ്പിക്കും'.

'സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ ജയിച്ചുകഴിഞ്ഞാല്‍ അവരുടെ കളിക്കാരെ പാകിസ്താന്‍ ടീം നിര്‍ബന്ധിച്ച് ഹസ്തദാനം ചെയ്യണം. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം അതിനു തയ്യാറായില്ലെന്നതു ശരിയാണ്. എന്നാല്‍ സൂപ്പര്‍ ഫോര്‍ ജയത്തിനു ശേഷം പാകിസ്താന്‍ ടീം ഇന്ത്യക്കരികിലേക്കു പോയി അതു ചെയ്യുക തന്നെ വേണം'.
'പാകിസ്താന്റെ ഇപ്പോഴത്തെ ടീം മികച്ചതു തന്നെയാണ്. ഇന്ത്യയുടേതു പോലെ തന്നെ പാകിസ്താന്റെയും ടീം വളരെ സന്തുലിതമാണ്. ടി20യില്‍ മൂന്നോ, നാലോ കളിക്കാര്‍ 30-40 റണ്‍സെങ്കിലും നേടിയാല്‍ ടീമിനു നല്ലൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിയും. 160-180 റണ്‍സെടുത്താല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് കഴിയും'.
'ഇന്ത്യക്കെതിരേ സൂപ്പര്‍ ഫോറില്‍ ടോസ് ലഭിച്ചാല്‍ പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുക്കണം. എങ്കില്‍ പാക് ടീമിനു വിജയമുറപ്പാണ്. മല്‍സരശേഷം ഇന്ത്യന്‍ താരങ്ങളുമായി പാകിസ്താന്‍ ഹസ്തദാനം ചെയ്യരുത്. അത്രയും മോശമായിട്ടാണ് കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ കളിക്കാര്‍ പെരുമാറിയത്, ഇനി നമ്മളും വിട്ടുകൊടുക്കാന്‍ പാടില്ല'. എന്നിങ്ങനെയാണ് സ്റ്റേഡിയത്തിനു പുറത്തുള്ള പാകിസ്താന്‍ ഫാന്‍സ് പ്രതികരിച്ചത്.