ദുബായ്: ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്കു 128 റണ്‍സിന്റെ വിജയലക്ഷ്യംനല്‍കിയിരിക്കുകയാണ് ചിരവൈരികളായ പാകിസ്താന്‍. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ പാക് പട ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ്. 127 റണ്‍സിലെത്തിയത്. രണ്ടു പേരെയൊഴികെ മറ്റാരെയും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
അതിനിടെ കളിക്കു തൊട്ടുമുമ്പ്് വലിയ അപമാനമാണ് പാകിസ്താന്‍ ടീമിനും സ്റ്റേഡിയത്തിലെത്തിയ പാക് ആരാധര്‍ക്കും നേരിടേണ്ടി വന്നത്. എന്തായിരുന്നു സല്‍മാന്‍ ആഗയെയും സംഘത്തെയും നാണംകെടുത്തിയ സംഭവമെന്നറിയാം.

സ്റ്റേഡിയത്തില്‍ 'ജലേബി ബേബി' പാട്ട്
ടോസിനു ശേഷം പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ആഗ ബാറ്റിങായിരുന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിരഞ്ഞെടുത്തത്. കളിക്കു മുമ്പ് ദേശീയ ഗാനത്തിനു വേണ്ടി ഇരുടീമിലെയും കളിക്കാരും ഒഫീഷ്യലുകളും സ്റ്റേഡിയത്തില്‍ അണിനിരന്നപ്പോഴായിരുന്നു പാകിസ്താനെ സ്തബ്ധരാക്കിയ സംഭവം.
ആദ്യം പാകിസ്താന്റെയും തുടര്‍ന്ന് ഇന്ത്യയുടെയും ദേശീയ ഗാനം പ്ലേ ചെയ്യുമെന്നും മുഴുവന്‍ പേരും ബഹുമാന സൂചനകമായി എഴുന്നേറ്റു നില്‍ക്കമെന്നുമുള്ള അനൗണ്‍സ്‌മെന്റ് സ്റ്റേഡിയത്തില്‍ മുഴങ്ങി.
പാകിസ്താന്‍ കളിക്കാര്‍ നെഞ്ചില്‍ കൈവച്ച് ദേശീയ ഗാനം ആലപിക്കാനിരിക്കെ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് മറ്റൊരു ഗാനം. ജലേബി ബേബിയെന്ന സൂപ്പര്‍ ഹിന്ദി പോപ് ഗാനമാണ് അബദ്ധത്തില്‍ സ്റ്റേഡിയത്തില്‍ കേട്ടത്. പാകിസതാന്‍ താരങ്ങളും ഒഫീഷ്യലുകളും ആരാധകരുമെല്ലാം ഒരു നിമിഷം അമ്പരന്നു പോയ നിമിഷം.
ദേശീയ ഗാനത്തിനു തൊട്ടുമുമ്പ് സ്റ്റേഡിയത്തില്‍ ജലേബി ബേബി ഗാനം പ്ലേ ചെയ്തപ്പോള്‍. വീഡിയോ കാണാം
പക്ഷെ അല്‍പ്പസമയം മാത്രമേ ജലേബി ബേബിയെന്ന ഗാനം പ്ലേ ചെയ്തുള്ളൂ. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ അതു പെട്ടെന്നു നിര്‍ത്തുകയും പിന്നാലെ പാക് ടീമിന്റെ ദേശീയ ഗാനം വയ്ക്കുകയുമായിരുന്നു. സെക്കന്റുകള്‍ വ്യത്യാസത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. എങ്കിലും പാകിസ്താനെ അക്ഷരാര്‍ഥത്തില്‍ അപമാനിക്കുന്നായിരുന്നു ഈ സംഭവെന്നു നിസംശയം പറയാം.
തകര്‍ന്നടിഞ്ഞ് പാകിസ്താന്‍
ഇന്ത്യക്കെതിരേ ടോസിനു ശേഷം വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി കളിയില്‍ പിടിമുറുക്കാനായിരുന്നു പാക് നായകന്‍ സല്‍മാന്‍ ആഗയുടെ പ്ലാന്‍, പക്ഷെ ഇതു ദനയീമായി പരാജയപ്പെട്ടു. ആദ്യത്തെ രണ്ടോവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് പാക് ടീമിനെ ഇന്ത്യ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു.

ഒരു സമയത്തു അവര്‍ 100 റണ്‍സ് പോലും തികയ്ക്കുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്റെയും (40) വാലറ്റത്ത് ഷഹീന്‍ ഷാ അഫ്രീഡിയുടെയും (33*) ഇന്നിങ്‌സുള്‍ പാക് ടീമിനെ 127 വരെയെത്തിക്കുകയായിരുന്നു. പാക് നിരയയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല.
44 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് ഫര്‍ഹാന്റെ ഇന്നിങ്‌സ്. എന്നാല്‍ പാക് ടീമിന്റെ ശരിക്കുള്ള ഹീറോ ഷഹീനായിരുന്നു. വെറും 16 ബോളിലാണ് നാലു സിക്‌സറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ജസ്പ്രീത് ബുംറയും അക്ഷര് പട്ടേലും രണ്ടു വീതം വിക്കറ്റുകളെടുത്തു.