Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാതെ ഉറക്കമില്ല'!! ലങ്കയെ തീര്‍ത്തതിനു പിന്നാലെ പാക് ഫാന്‍സ്

അബുദാബി: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയതിനു പിന്നാലെ ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പുമായി പാകിസ്താന്റെ ആരാധകര്‍. ഞായറാഴ്‌ത്തെ കലാശക്കളിയില്‍ ഇന്ത്യയോടു മുട്ടാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നാണ് ആവേശത്തോടെയുള്ള അവരുടെ വാക്കുകള്‍.

ചൊവ്വാഴ്ച രാത്രി അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോര്‍ പോരില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനാണ് സല്‍മാന്‍ ആഗയുടെ പാക് ടീം തുരത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു തൊട്ടു പിന്നില്‍ രണ്ടാംസ്ഥാനത്തേക്കും പാകിസ്താന്‍ കയറിയിരിക്കുകയാണ്. അടുത്ത മല്‍സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അവര്‍ക്കു ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കാം.

PAKISTAN FANS

screenshot: BBN sports

പാക് ഫാന്‍സ് ആവേശത്തില്‍

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോറിലെ മികച്ച വിജയത്തിനു പിന്നാലെ അബുദാബി സ്റ്റേഡിയത്തിനു പുറത്തു വച്ചാണ് പാകിസ്താന്‍ ആരാധകര്‍ വലിയ ആവേശത്തില്‍ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയത്. പാക് ചാനലായ ബിബിഎന്‍ സ്‌പോര്‍ട്‌സിനോടു സംസംസാരിക്കവെയായിരുന്നു ഇന്ത്യയെ ഫൈനലില്‍ വീഴ്ത്താന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

'ഞായറാഴ്ച ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയെ തന്നെ എതിരാളികളായി ലഭിക്കണമെന്നാണ് പാകിസ്താന്റെ ആഗ്രഹം. അവരെ തോല്‍പ്പിക്കാതെ ഇനി ഞങ്ങള്‍ക്കു ഉറക്കമില്ല. ആ ഒരു ദിവസത്തിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്കു ആരെയും ഭയമില്ല. ഇന്ത്യയെ തന്നെയാണ് ഫൈനലില്‍ വേണ്ടത്. നേരത്തേയേറ്റ രണ്ടു തോല്‍വികള്‍ക്കും പാക് ടീം അന്നു പകരം ചോദിക്കും'.

'ഈ ഏഷ്യാ കപ്പില്‍ പാകിസ്താനെ രണ്ടു തവണ ഇന്ത്യ തോല്‍പ്പിച്ചുവെന്നതു ശരിയാണ്. പക്ഷെ ഫൈനലില്‍ അവരെ ഞങ്ങള്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും. കാരണം ഫൈനലിലെ സമ്മര്‍ദ്ദം എല്ലായ്്‌പ്പോഴും വലുതായിരിക്കും. 2023ലെ ഏകദിന ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ശേഷം ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടു. ഏഷ്യാ കപ്പിലും ഇതായിരിക്കും സംഭവിക്കുക. അവരെ തോല്‍പ്പിച്ച് ചാംപ്യന്‍മാരാവുക പാകിസ്താനുമായിരിക്കും'.

'ഈ ടൂര്‍ണമെന്റില്‍ രണ്ടു തവണ ഇന്ത്യയോടു തോല്‍ക്കേണ്ടി വന്നതില്‍ ഞങ്ങള്‍ക്കു ദുഖവും നിരാശയുമുണ്ട്. പക്ഷെ ഫൈനലില്‍ അവര്‍ക്കെതിരായ ഒരൊറ്റ വിജയത്തിലൂടെ പാകിസ്താനു അതു മായ്ച്ചുകളയാന്‍ കഴിയും. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഓര്‍മയില്ലേ? അന്നു ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോടു പാക് ടീം തോറ്റിരുന്നു. എന്നാല്‍ ഫൈനലില്‍ പാകിസ്താന്‍ ഇതിനെല്ലാം കണക്കുതീര്‍ക്കുകയും ചെയ്തു'.

india pak fans

'ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തന്നെ എതിരാളികളായി ലഭിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ വലിയ ഒത്തിണക്കത്തോടെയാണ് പാകിസ്താന്‍ കളിച്ചത്. ഇതേ പ്രകടനം അടുത്ത മാച്ചില്‍ ബംഗ്ലാദേശിനെതിരേയും ആവര്‍ത്തിക്കാനായാല്‍ ഞങ്ങള്‍ ഉറപ്പായും ഫൈനലില്‍ കാണും. കഴിഞ്ഞ രണ്ടു പരാജയങ്ങള്‍ക്കും അന്നു പാക് ടീം ഉറപ്പായും പകരം ചോദിക്കും'.

'ഇന്ത്യന്‍ ടീമിനു വഴിവിട്ട സഹായം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് സൂപ്പര്‍ ഫോറില്‍ അവരുടെ എല്ലാ മല്‍സരങ്ങളും ദുബായില്‍ നടത്തുന്നത്? അവര്‍ക്കു കൂടുതല്‍ യോജിച്ച വിക്കറ്റാണ് അവിടുത്തേത്.

നേരത്തേ ഒമാനെതിരായ ഗ്രൂപ്പ് മല്‍സരം ഇന്ത്യന്‍ ടീം അബുദാബിയില്‍ കളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നു നമ്മള്‍ കണ്ടതാണ്. കഷ്ടിച്ചാണ് അവര്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്. ഈ തരത്തില്‍ ഇന്ത്യക്കു അനാവശ്യമായി സഹായം നല്‍കുന്നതിനെതിരേ ഐസിസിക്കു പിസിബി പരാതി നല്‍കണം'- എന്നിങ്ങനെയാണ് പാകിസ്താന്റെ ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Wednesday, September 24, 2025, 15:16 [IST]
Other articles published on Sep 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+