ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വഴിയൊരുങ്ങവെ വിചിത്രമായ ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഒരു പാക് ആരാധകന്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഏറെ വൈറലായിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ തങ്ങളുമായുള്ള മല്‍സരത്തില്‍ നിന്നും ഇന്ത്യന്‍ പിന്‍മാറണമെന്നാണ് ഈ ആരാധകന്റെ ആവശ്യം. അതിനു പറഞ്ഞിരിക്കുന്ന കാരണവും വളരെ വിചിത്രമാണ്.
കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയവും സ്വന്തമാക്കിയിരുന്നു. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരും.

ഇന്ത്യ പിന്‍മാറണം
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കണ്ട് പുറത്തിറങ്ങിയ ശേഷമായിരുന്നു പാക് ആരാധകന്‍ ഇന്ത്യയോടു വിചിത്രമായ ഒരു അഭ്യര്‍ഥന നടത്തിയത്.
ഒരു പാകിസ്താന്‍ ഫാനെന്ന നിലയില്‍ ഇന്ത്യയോടു ഞാന്‍ ഒരു അഭ്യര്‍ഥന നടത്തുകയാണ്. ദയവു ചെയ്ത് ഞങ്ങളുമായുള്ള അടുത്ത മല്‍സരത്തില്‍ (സൂപ്പര്‍ ഫോര്‍) നിങ്ങ്ള്‍ പിന്‍മാറണം. കാരണം ഞങ്ങള്‍ക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ ആഗ്രഹമുണ്ട്.
അതുകൊണ്ടു നിങ്ങള്‍ (ഇന്ത്യന്‍ ടീം) ദയവു ചെയ്ത് ഞങ്ങളുമായുള്ള മല്‍സരം ബഹിഷ്‌കരിക്കണം. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്കു രണ്ടു പോയിന്റ് ലഭിക്കുമെന്നും പാക് ആരാധകന്‍ പറഞ്ഞു. ഇതുകേട്ട് ഇയാള്‍ക്കു അരികിലുണ്ടായിരുന്ന മറ്റു ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കേള്‍ക്കുകയും ചെയ്യാം.
ഇപ്പോഴുള്ള ഈ ടീമിനെ വച്ച് അഫ്ഗാനിസ്താനെതിരേ പോലും ഞങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യയോടു ഞങ്ങള്‍ക്കു അപേക്ഷിക്കാന്‍ മാത്രമേ കഴിയൂ. ദയവു ചെയ്ത് അടുത്ത മാച്ചില്‍ നിന്നും നിങ്ങള്‍ പിന്‍മാറണം. ഫൈനലിലെങ്കിലും എത്തിയല്ലോ എന്നു സന്തോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും ഈ ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.
പൊരുതാന്‍ പോലുമാവാതെ പാക് ടീം
സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് പോര് തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഒരു സാധാരണ മല്‍സരത്തിന്റെ വീറോ, വാശിയോ പോലുമില്ലാത്ത ഒരു തണുപ്പന്‍ കളിയായി ഇതു മാറുകയായിരുന്നു.

ടോസിനു ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ബാറ്റിങാണ് തിരഞ്ഞെടുത്തത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ അനുഭവസമ്പത്ത് കുറഞ്ഞ പാക് ടീമിനെ ഒമ്പതു വിക്കറ്റിനു വെറും 127 റണ്‍സില്‍ ഇന്ത്യ വരിഞ്ഞുകെട്ടി.
സാഹിബ്‌സദ ഫര്‍ഹാന്‍ (40), വാലറ്റത്ത് ഷഹീന്‍ ഷാ അഫ്രീഡി (33*) എന്നിവരൊഴികെ മറ്റാരും പൊരുതിയില്ല. മൂന്നു വിക്കറ്റുകളുമായി സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ രണ്ടു പേരെ വീതം മടക്കിയ ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും മികച്ച പിന്തുണയേകി.
മറുപടിയില്‍ 15.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തി. 47 റണ്‍സോടെ നായകന്‍ സൂര്യകുമാര്‍ യാദവ് പുറത്താവാതെ നിന്നപ്പോള്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും 31 റണ്‍സ് വീതവും നേടി.