യുഎഇയില്‍ ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകള്‍ ഇന്ത്യയെന്നു മുന്‍ താര മദന്‍ ലാല്‍. പക്ഷെ സൂര്യകുമാര്‍ യാദവിനും സംഘത്തിനും കപ്പുയര്‍ത്തുക അത്ര എളുപ്പമായിരിക്കില്ലെന്നും ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നു അദ്ദേഹം മുന്നറിയിപ്പും നല്‍കി. ഒമ്പതാം കിരീടം തേടിയാണ് ടീം ഇന്ത്യ യുഎഇയിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്ാനോടൊപ്പം യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. ഇതില്‍ രണ്ടു കളിയെങ്കിലും ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറില്‍ കടക്കാം. അതിനു ശേഷമായിരിക്കും ഇന്ത്യയുടെ ശരിക്കുള്ള ചാലഞ്ച് ആരംഭിക്കുന്നത്.
അടുത്ത ചൊവ്വാഴ്ച ദുബായില്‍ ആതിഥേയരായ യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 14നു ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19നു ഒമാനെയും നേരിടും.

ഇന്ത്യയുടേത് കിടിലന്‍ ടീം
ഏഷ്യാ കപ്പിനായി ഇന്ത്യ തിരഞ്ഞെടുത്ത 15 അംഗ സ്‌ക്വാഡ് അതി ശക്തമാണെന്നും ചാംപ്യന്‍മാരാവാനുള്ള എല്ലാ ശേഷിയും അവര്‍ക്കുണ്ടെന്നും മദന്‍ലാല്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുറ്റ ടീമായതു കാരണം ഈ ഏഷ്യാ കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറിറ്റ് ഇന്ത്യയാണ്. ടി20യെന്നത് വളരെ അപ്രവചനീയമാണ്. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവരുമാണ്.
പ്രത്യേകിച്ചു സമീപകാലത്തു ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ അഫ്ഗാന് കഴിഞ്ഞിട്ടുമുണ്ട്. അവരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. അതിനാല്‍ വളരെ ആവേശകരായ ടൂര്‍ണമെന്റായിരിക്കും ഇത്.
അടുത്തിടെയായി മോശം ഫോമിലൂടെ കടന്നു പോവുകയാണ് പാകിസ്താന്‍ ടീം. അവരുടെ ആത്മവിശ്വാസത്തിന്റെ കാര്യത്തിലും സംശയമുണ്ട്. അതുകൊണ്ടു പാകിസ്താനു വെല്ലുവിളിയുയര്‍ത്താന്‍ അഫ്ഗാനിസ്താനു കഴിയും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരെല്ലാം ശക്തരായ എതിരാളികളായിരിക്കുമെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
കുല്‍ദീപിനെ കളിപ്പിക്കണം
ഏഷ്യാ കപ്പില്‍ സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഉറപ്പായും കളിപ്പിക്കണമെന്നു മദന്‍ ലാല്‍ ആവശ്യപ്പെടുന്നു. നേരിടാന്‍ വളരെ ബുദ്ധിമുട്ടുള്ള ബൗളറായ അദ്ദേഹത്തിനു കളി ജയിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും ലാല്‍ ചൂണ്ടിക്കാട്ടി. കുല്‍ദീപിനെ കൂടാതെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലുള്ള മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

കുല്‍ദീപ് യാദവിന്റെ ബൗളിങ് ശൈലി അത്ര സുപരിചിതമല്ലാത്തതാണ്. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തെ ഉറപ്പായും ഉള്‍പ്പെടുത്തുകയും വേണം. ടി20 ക്രിക്കറ്റില്‍ കുല്‍ദീപിനെ പോലെയൊരു ബൗളറെ നേരിടുകയെന്നത് ഏതൊരു ബൗളറെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്.
വിക്കറ്റിലെ സാഹചര്യങ്ങളും ടീം കോമ്പിനേഷനുമെല്ലാം ആശ്രയിച്ചായിരിക്കും പ്ലെയിങ് ഇലവനെക്കുറിച്ച് ഇന്ത്യ അന്തിമ തീരുമാനമെടുക്കുക. ദുബായിലെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ രണ്ടു സ്പിന്നര്‍മാരെയും മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയും ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലതെന്നും മദന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപറ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.