ദുബായ്: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥനകള്‍ പോലെ തന്നെ ബദ്ധവൈരികളായ പാകിസ്താനെതിരേ കളിക്കളത്തിലെ അങ്കവും ജയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവിന്റെ ചുണക്കുട്ടികള്‍. തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിനാണ് പാക് പടയെ ഇന്ത്യ വാരിക്കളഞ്ഞത്. ഈ മല്‍സരത്തിലെ ഫേവറിറ്റുകള്‍ നേരത്തേ തന്നെ ഇന്ത്യയായിരുന്നു. അതു ശരിവയ്ക്കുന്ന പ്രകടനം തന്നെ കളിക്കളത്തിലും ടീം പുറത്തെടുത്തു.
യഥാര്‍ഥത്തില്‍ ഈ മല്‍സരത്തിലെ മിന്നും വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും ഇന്ത്യക്കു എടുക്കാന്‍ സാധിക്കില്ല. ഈ പരാജയത്തിനു പാകിസ്താനു സ്വയം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുമില്ല. കാരണം അവരുടെ മണ്ടത്തരം കാരണമാണ് ഇത്രയും എളുപ്പത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തത്. പാക് ടീം കാണിച്ച വലിയ അബദ്ധം എന്താണെന്നറിയാം.

പാക് ടീമിന്റെ ബാറ്റിങ് പ്രകടനം
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ തീരുമാനം അമ്പെ പാളുകയായിരുന്നു. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായത് വെറും 127 റണ്‍സ് മാത്രം. അപ്പോള്‍ തന്നെ അവര്‍ യഥാര്‍ഥത്തില്‍ കളി തോറ്റു കഴിഞ്ഞിരുന്നു.
മൂന്നു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവും രണ്ടു പേരെ വീതം പുറത്താക്കിയ ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് പാക് ടീമിനെ എറിഞ്ഞൊതുക്കിയത്. പിച്ച് യഥാര്‍ഥത്തില്‍ ബാറ്റിങിനു അത്രയേറെ ബുദ്ധിമുട്ടുള്ളതായിരുന്നില്ല. റണ്‍ചേസില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കണ്ടാല്‍ ഇക്കാര്യം നമുക്കു ബോധ്യമാവുകയും ചെയ്യും.
അപ്പോള്‍ പിന്നെ പാക് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത് എങ്ങനെയാണ്? ഉത്തരം വളരെ സിംപിളാണ്. പാക് ടീമിന്റെ തെറ്റായ ബാറ്റിങ് സമീപനമാണ് ഇതിനു പിന്നിലെന്നത് വളരെ വ്യക്തമാണ്. അതോടൊപ്പം അമിത സമ്മര്‍ദ്ദവും അനുഭവസമ്പത്തില്ലായ്മയും ചേര്‍ന്നതോടെ പാക് നാണക്കേട് പൂര്‍ത്തിയായി.
ഈ മല്‍സരത്തില്‍ പാകിസ്താന്‍ ബാറ്റര്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ ഭൂരിഭാഗം പേരും ഒരേ രീതിയിലാണ് ഔട്ടായിട്ടുള്ളതെന്നു കാണാം. പിച്ചിന്റെ സ്വഭാവമോ, ബൗളറെയോ, കളിയിലെ സാഹചര്യമോ പരിഗണിക്കാതെ തീര്‍ത്തും അശ്രദ്ധമായി പാക് ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ ഇന്ത്യക്കു ദാനം ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വില നല്‍കാതെ അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് അവരെ ബാക്ക് ഫൂട്ടിലാക്കുകയെന്നതായിരുന്നു പാക് ടീമിന്റെ പ്ലാന്‍. പക്ഷെ അതില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 13ാം ഓവറില്‍ ആറു വിക്കറ്റിനു 64 റണ്‍സിലേക്കു കൂപ്പുകുത്തിയിട്ടും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനോ, മോശം ബോളുകളെ പ്രഹരിക്കാനോ പാക് ടീം ശ്രമിച്ചില്ല.
പകരം ആഞ്ഞുവീശുകയെന്ന ഒരേ രീതി തന്നെ അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 150-160 റണ്‍സെങ്കിലും പാക് ടീമിനു ഉറപ്പായും നേടാന്‍ സാധിച്ചേനെ. ഈ പിച്ചില്‍ അതു വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന സ്‌കോറുമായി മാറുമായിരുന്നു.

ദുബായിലെ ഈ പിച്ചില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു പിന്നീട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമെല്ലാം പാകിസ്താന്‍ ടീമിനു കാണിച്ചു കൊടുത്തു. സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടുകളും കട്ടുമെല്ലാം കളിച്ച് ഇരുവരും ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു.
അനാവശ്യ റിസ്‌കുകളെടുക്കാതെയും സ്‌കോറിങ് മുന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കുമെന്നു സൂര്യയും തിലകുമെല്ലാം കാണിച്ചുതന്നു. പാകിസ്താന്‍ ചെയ്യേണ്ടിയിരുന്നതും ഇതായിരുന്നു. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും പാക് ടീം ഇനിയുള്ള മല്‍സരങ്ങളില്‍ ഇറങ്ങുയെന്നുറപ്പാണ്.