ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയോടു കനത്ത തോല്‍വിയേറ്റു വാങ്ങിയ പാകിസ്താന്‍ ടീമിനെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ പാക്പടയെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു.
ഇപ്പോഴത്തെ പാക് ടീം തീര്‍ത്തും ദുര്‍ബലാണെന്നും ഐപിഎല്ലിലുള്ള ടീ പോലും അവരെ തകര്‍ത്തു വിടുമെന്നുമാണ് ഇര്‍ഫാന്റെ പരിഹാസം. പാക് ടീമിനെ അനായാസം തോല്‍പ്പിക്കാാന്‍ സാധിക്കുന്ന ടീമുകള്‍ ആരൊക്കെയാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍.

ഐപിഎല്‍ ടീമുകളോടു പൊട്ടും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്തരം ഇപ്പോള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്റെ നിരീക്ഷണം. ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്ന ചില ഫ്രാഞ്ചൈസികളോടു പോലും അവര്‍ ഇപ്പോള്‍ ജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
നിങ്ങളുടെ ഏതു ആഭ്യന്തര ടീമുകളാണ് പാകിസ്താനെ പരാജയപ്പെടുത്തുകയെന്നു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനു അവരെ ഉറപ്പായും തോല്‍പ്പിക്കാന്‍ കഴിയുമെന്നു എനിക്കറിയാം. കൂടാതെ പഞ്ചാബ് കിങ്‌സിനെയും പാകിസ്താന്‍ ടീമിനെ തകര്‍ത്തു വിടാന്‍ സാധിക്കുമെന്നും രണ്ട് ഐപിഎല്‍ ടീമുകളുടെ പേരുകള്‍ എടുത്തു പറഞ്ഞ് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
ഈ രണ്ടു ഐപിഎല്‍ ടീമുകള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകളുടെ ധാരാളിത്തം പരിഗണിക്കുമ്പോള്‍ വേറെയും പല ടീമുകള്‍ക്കും ഇപ്പോഴത്തെ പാകിസ്താനെ തുരത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറയുന്നു.
പാകിസ്താന്റെ ഗെയിം പ്ലാന്‍
ഇന്ത്യക്കെതിരേ സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിച്ചുള്ള പാകിസ്താന്‍ ടീമിന്റെ ഗെയിം പ്ലാനിനെയും ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചിരിക്കുകയാണ്. ഷഹീന്‍ അഫ്രീഡിയെ ഏക സ്‌പെഷ്യലിസ്റ്റ് പേസറായി അണിനിരത്തിയുള്ള ഗെയിം പ്ലാനായിരുന്നു പാക് പടയുടേത്. പരിചയ സമ്പന്നനായ പേസര്‍ ഹാരിസ് റൗഫിനെ അവര്‍ പുറത്തിരുത്തുകയും ചെയ്തു.
ഇന്ത്യക്കെതിരേ ഓപ്പണിങ് ബാറ്റര്‍ കൂടിയായ സയീം അയൂബിനു മാത്രമാണ് പാക് ടീമിലെ സ്ലോ ബൗളര്‍മാരില്‍ അല്‍പ്പമെങ്കിലും ഇംപാക്ടുണ്ടാക്കാനായത്. മറ്റുള്ളവരെല്ലാം നനഞ്ഞ പടക്കമായ മാറുകയും ചെയ്തു. മറുഭാഗത്തു ഇന്ത്യയുടെയും ഗെയിം പ്ലാന്‍ ഇതായിരുന്നെങ്കിലും കൂടുതല്‍ ബാലന്‍സുള്ള ബൗളിങ് ആക്രമണമായിരുന്നു ടീമിന്റേത്.

ഗെയിം എങ്ങനെ ബില്‍ഡപ്പ് ചെയ്യാമെന്നതിനെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്. പാകിസ്താന്‍ സ്പിന്നര്‍മാരമായിട്ടാണ് വന്നത്, അവര്‍ക്കു ഫാസ്റ്റ് ബൗളര്‍മാരില്ലായിരുന്നു. പാകിസ്താന്റെ ബൗളിങ് വ്യത്യസ്തമായിരുന്നു, പക്ഷെ യഥാര്‍ഥത്തില്‍ അത്ര മാത്രം വ്യത്യാസവുമില്ലായിരുന്നു.
കളിയുടെ തുടക്കം മുതല്‍ അവസാനം വരെ, അതായത് ടോസ് ജയിക്കുകയും ബാറ്റിങ് തിരഞ്ഞെടുക്കകുയും മുതല്‍ ചേസ് വരെ പാകിസ്താന്‍ ഈ കളിയില്‍ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യ കളിച്ചത് ഇന്ത്യക്കെതിരേയായിരുന്നു. ഭാവിയില്‍ ഇന്ത്യ-പാകിസ്താന്‍ കളികള്‍ പരിശീലന മല്‍സരം പോലെയാവുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യക്കെതിരേ ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള പാക് നായകന്‍ സല്‍മാന്‍ ആഗയുടെ തീരുമാനം പാളുകയായിരുന്നു. ഒമ്പതു വിക്കറ്റകള്‍ നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ അവര്‍ക്കായുളളൂ. മറുപടിയില്‍ വെറും 15.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു.