ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ ആദ്യ മല്‍സരത്തിനുള്ള ഇന്ത്യയുടെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ ശ്രീകാന്ത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയ അദ്ദേഹം ഫിനിഷറായ റിങ്കു സിങിനെയും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം ഏഷ്യാ കപ്പിനെകുറിച്ച് വിശകലനം നടത്തവെയാണ് എങ്ങനെയാവണം ഇലവനെന്നു ശ്രീകാന്ത് നിര്‍ദേശിച്ചത്. ബുധനാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും ആതിഥേയരായ യുഎഇയും കൊമ്പുകോര്‍ക്കുന്നത്. 14നു ചിരവൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യ 19ന് ഒമാനുമായും ഏറ്റുമുട്ടും.

സഞ്ജു വേണ്ട
മലയാളികളുടെ അഭിനമായ താരമായ സഞ്ജു സാംസണിനെ പലപ്പോഴും രൂക്ഷമായി വിമര്‍ശിക്കാറുള്ള കെ ശ്രീകാന്ത് ഇത്തവയും പതിവു തെറ്റിച്ചില്ല. ഇന്ത്യയുടെ ടീം കോമ്പിനേഷനെ കുറിച്ച് സംസാരിക്കവെ സഞ്ജുവിനെ തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ശുഭ്മന്‍ ഗില്ലിനെയും അഭിഷേക് ശര്‍മയെയും ഓപ്പണറായി സഞ്ജുവിനെ മൂന്നാം നമ്പറിലും തിലക് വര്‍മയെ അഞ്ചാമനായും ഉള്‍പ്പെടുത്തിയൊരു ടീം കോമ്പിനേഷനും ഇന്ത്യക്കു പരിഗണിക്കാവുന്നതാണെന്നു അനിരുദ്ധ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനോടു യോജിക്കാന്‍ ശ്രീകാന്ത് തയ്യാറായില്ല.
ഇത്തരമൊരു ലൈനപ്പ് ഇറക്കിയാല്‍ അതു ടീം ബാലന്‍സിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സഞ്്ജു സാംസണ്‍ ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ പരാജയമായി മാറിയ താരമാണ്. കൂടാതെ ഐപിഎല്ലിലും അവനു കാര്യമായൊന്നും ചെയ്യാനായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്കു സഞ്ജുവിനെ ഇഷ്ടമാണ്. വളരെ മികച്ച കളിക്കാരനാണ് അവന്‍. നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തി.
അഭിഷേക് ശര്‍മയാവട്ടെ ലഭിച്ച അവസരം നന്നായി മുതലെടുത്തു. തിലക് വര്‍മയും അവസരം മുതലാക്കിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി ഇന്ത്യയെ മല്‍സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള താരമാണ് തിലക്. നിങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് അവന്‍.

അടുത്ത ടി20 ലോകകപ്പില്‍ തിലകിനെ നിങ്ങള്‍ മധ്യനിരയില്‍ കളിപ്പിക്കുമോ? അല്ലെങ്കില്‍ ഫിനിഷര്‍ റോള്‍ നല്‍കുമോ? ഇതൊന്നും സാധ്യമായ കാര്യങ്ങളല്ല. സഞ്ജുവിനെ കളിപ്പിക്കുന്നതിനായി നിങ്ങള്‍ ടീമിന്റെ ബാലന്‍സ് നശിപ്പിക്കാന്‍ പാടില്ല. അതാണ് തന്റെ ഫിലോസഫിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
എന്തിന് എട്ടു ബാറ്റര്‍?
ടി20ിയില്‍ എട്ടാം നമ്പറില്‍ വരെ ബാറ്റിങ് നീളുന്ന തരത്തിലുള്ള ഇന്ത്യയുടെ ടീം കോമ്പിനേഷനോടു തനിക്കു യോജിപ്പില്ലെന്നു കെ ശ്രീകാന്ത് പറയുന്നു. ടി20യില്‍ ഏഴു ബാറ്റര്‍മാര്‍ മതിയെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് ഇറക്കാനും ഇന്ത്യക്കു സാധിക്കും.
എട്ടാം നമ്പറില്‍ കളിക്കുന്നയാള്‍ക്കു അധികം ബോളുകള്‍ നേരിടാനുള്ള അവസരമൊന്നും ലഭിക്കില്ല. കുല്‍ദീപ് അത്ര മോശം ബാറ്ററൊന്നുമല്ല. ആവശ്യമെങ്കില്‍ ഒന്നോ, രണ്ടോ സിക്‌സറുകളൊക്കെ നേടാനുള്ള ശേഷിയും അവനുണ്ട്.
നേരത്തേ കുല്‍ദീപ് അതു കാണിച്ചു തന്നിട്ടുമുള്ളതാണ്. എട്ട്, ഒമ്പത് നമ്പറില്‍ കുല്‍ദീപും വരുണും പിന്നാലെ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും കൂടി കളിക്കുകയാണെങ്കില്‍ അതു മികച്ച ടീം കോമ്പിനേഷനായി മാറുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീകാന്തിന്റെ ഇന്ത്യന്‍ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.