ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വരുന്നത്. നേരത്തേ വന്ന സൂചനകളില്‍ നിന്നും വ്യത്യസ്തമായ ഒരു സംഘത്തെയാണ് അജിത് അഗാര്‍ക്കര്‍ക്കറിനു കീഴിലുള്ള സെലക്ഷ്ന്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫിറ്റ്‌നസ് പരീക്ഷിച്ച വിജയിച്ച സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് തന്നെയാവും ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റില്‍ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. അടുത്ത മാസം ഒമ്പതു മുതല്‍ യുഎഇയിലാണ് ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

സൂപ്പര്‍ ജോടികള്‍ ഔട്ട്
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവില്ല. ഭാവി സൂപ്പര്‍ താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേരും ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
ഇടംകൈയന്‍ അഗ്രസീവ് ബാറ്ററായ ജയ്‌സ്വാള്‍ തഴയപ്പെടുമെന്നും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരത്തോടു ആവശ്യപ്പെട്ടതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നുമായിരുന്നു ആദ്യം വന്ന സൂചനകള്‍.
മാത്രമല്ല, ഏഷ്യാ കപ്പില്‍ ടീമിന്റെ വൈസ് ക്യാപ്റ്റ്ന്‍സിയും അദ്ദേഹത്തിനായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ നിലവിലെ ടെസ്റ്റ് നായകന്‍ കൂടിയായ ഗില്‍ തല്‍ക്കാലത്തേക്കു ടി20 ടീമില്‍ വേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ എടുത്തിരിക്കുന്നതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഇതോടെ ഏഷ്യാ കപ്പില്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍ ആരാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വവും അവസാനിച്ചിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും ടീമിന്റെ ഓപ്പണിങ് ജോടികള്‍.
നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരും ഇവരാണ്. അവസാനമായി ടീം കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളിലും ഓപ്പണിങില്‍ ഇറങ്ങിയത് ഇവരാണ്. ഈ ജോടി വലിയ വിജയവമാവുകയും ചെയ്തു.
ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ സഞ്ജു- അഭിഷേക് സഖ്യത്തിനായിരുന്നു. മൂന്നു സെഞ്ച്വറികളാണ് ഈ പരമ്പരകളിലായി സഞ്ജു വാരിക്കൂട്ടിയത്. അഭിഷേകും ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ ഇടിവെട്ട് സെഞ്ച്വറി കുറിച്ചിരുന്നു.

ശ്രേയസില്ല, ജിതേഷും ബുംറയും ടീമില്‍
തകര്‍പ്പന്‍ ഫോമിലുള്ള സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ശ്രേയസ് മടങ്ങിവരവ് പ്രതീക്ഷിക്കേണ്ടെന്നും ഇതിനായി അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നുമാണ് ക്രിക്ക്ബസന്റെ റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ ടീമിന്റെ ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ സ്ഥാനമുറപ്പിത്തു കഴിഞ്ഞെന്നാണ് വിവരം. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ധ്രുവ് ജുറേലിനെ ഓവര്‍ടേക്ക് ചെയ്ത് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അദ്ദേഹത്തെ ഫേവറിറ്റാക്കിയിരിക്കുന്നത്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഏഷ്യാ കപ്പില്‍ നിന്നും വിട്ടുനില്‍ക്കാനിടയുണ്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുംറ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുമെന്നാണ് ക്രിക്ക്ബസ് പറയുന്നത്.
എന്നാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 23 വിക്കറ്റുകളുമായ കസറിയ മുഹമ്മദ് സിറാജിനു ടീമില്‍ സ്ഥാനമുണ്ടായേക്കില്ല. ടൂര്‍ണമന്റിന്റെ വേദിയായ യുഎഇ സ്പിന്‍ ബൗളിങിനു അനുകൂലമായതിനാല്‍ അതിനു മുന്‍തൂക്കം നല്‍കിയാവും ഇന്ത്യയിറങ്ങുക. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നിവരെല്ലാം ടീമിന്റെ ഭാഗമായേക്കും.