ക്രിക്കറ്റ് ലോകം ഏഷ്യാ കപ്പിന്റെ ആരവങ്ങളിലേക്കു നീങ്ങുകയാണ്. യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനു ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു വേണ്ടി കാത്തിരിക്കുകാണ് ആരാധകര്‍. ചൊവ്വാഴ്ചയാവും (19) ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീം ടി20യിലേക്കു മടങ്ങിയെത്തുന്ന ടൂര്‍ണമെന്റും കൂടിയാണിത്.
ഒരുപാട് പ്രതിശാലികളായ കളിക്കാര്‍ മല്‍സരരംഗത്തുള്ളതിനാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കകയെന്നതു ഏറെ കടുപ്പമായി മാറിയിരിക്കുകയാണ്. അതിനിടെ ഇന്ത്യക്കു ഏതാണ് ബെസ്റ്റ് ഇലവനെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മധ്യനിരയിലെ മുന്‍ സൂപ്പര്‍ താരവും ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്.

ഗില്ലും ജയ്‌സാളും ഔട്ട്
ഇന്ത്യ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ബാറ്റര്‍മാരായ ശുഭമന്‍ ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയും ഏഷ്യാ കപ്പ് ഇലവനില്‍ മുഹമ്മദ് കൈഫ് ഉള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തിടെ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത താരമാണ് ഗില്‍. ഏഷ്യാ കപ്പിനുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അദ്ദേഹം സജീവ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷെ തന്റെ ഇലവനില്‍ പോലും ഗില്ലിനെ കൈഫ് ഉള്‍പ്പെടുത്തിയില്ല. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ യശസ്വി ജയ്‌സ്വാളും ടീമില്‍ വേണ്ടെന്ന അഭിപ്രായമാണ് അദ്ദേഹത്തിലുള്ളത്. ഗില്ലിനും ജയ്‌സ്വാളിനും പകരം മലയാളി താരം സഞ്ജു സാംസണിനെയും ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെയുമാണ് ഓപ്പണിങ് ജോടികളായി കൈഫ് നിര്‍ദേശിച്ചിരിക്കുന്നത്.
സമീപകാലത്തു ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളാണ് സഞ്ജുവും. അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ടീമിനായി ഓപ്പണ്‍ ചെയ്തത് ഈ ജോടികളാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളാണ് ഈ പരമ്പരകളിലായി സഞ്ജു വാരിക്കൂട്ടിയത്.
സഞ്ജുവിനും അഭിഷേകിനു ശേഷം കൈഫിന്റെ ഇലവനിലെ മൂന്നാമന്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. ഈ പൊസിഷനില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടരെ രണ്ടു സെഞ്ച്വറികളാണ് മൂന്നാമനായി തിലക് അടിച്ചെടുത്തത്. അദ്ദേഹം കഴിഞ്ഞാല്‍ നാലാമനായി ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവ് കളിക്കും. അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ കന്നി അന്താരാഷ്ട്ര ടൂര്‍ണമെന്റും കൂടിയാണിത്.
മധ്യനിര, ബൗളര്‍മാര്‍
മുഹമ്മദ് കൈഫിന്റെ ഇന്ത്യന്‍ ഇലവനില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തിരിക്കുകയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും അദ്ദേഹമാണ്. ടോപ് ഓര്‍ഡര്‍ മുതല്‍ ലോവര്‍ ഓര്‍ഡര്‍ വരെ ടീമിനായി ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

അക്ഷറിനു ശേഷം ആറാമന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അതിനു ശേഷം ഫിനിഷര്‍ റോളിലുള്ളത് വെടിക്കെട്ട് ബാറ്ററും മീഡിയം പേസ് ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ്. നേരത്തേ ഫിനിഷര്‍ റോള്‍ നിര്‍വഹിച്ച റിങ്കു സിങിനു ടീമില്‍ സ്ഥാനമില്ല. ദുബെ കഴിഞ്ഞാല്‍ ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കാണാം, തുടര്‍ന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ കാണാം.
വരുണ്‍ ചക്രവര്‍ത്തി പ്ലെയിങ് ഇലവനില്‍നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ നറുക്കുവീണത് പരിചയസമ്പന്നനായ കുല്‍ദീപ് യാദവിനാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് ഇലവനിലെ അടുത്ത ഫാസ്റ്റ് ബൗളര്‍.
കൈഫ് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ബാക്കപ്പ് താരങ്ങള്‍- ശുഭ്മന്‍ ഗില്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സിറാജ്.