ഏഷ്യാ കപ്പില്‍ മൂന്നു ദിവസത്തിനിടെ രണ്ടു മല്‍സരങ്ങളില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒമാനുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിനു ശേഷം ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക.
ഈ രണ്ടു മല്‍സരങ്ങളിലും വ്യത്യസ്ത പ്ലെയിങ് ഇലവനെയാവും ഇന്ത്യയിറക്കുക. പാകിസ്താനുമായുള്ള കളിയില്‍ ഇന്ത്യ കാര്യമായ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നേക്കില്ല, ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കാനായിരിക്കും ഗൗതം ഗംഭീറിന്റെ പ്ലാന്‍. ഗ്രൂപ്പു ഘട്ടത്തില്‍ പാക് പടയെ അനായാസം മറികടന്നെങ്കിലും സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായേക്കും.

സര്‍പ്രൈസ് നിര്‍ദേശം
ഏഷ്യാ കപ്പിലെ അടുത്ത രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഒരു സര്‍പ്രൈസ് മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഒമാനെതിരേയും ഞായറാഴ്ച ബദ്ധവൈരികളായ പാകിസ്താനെതിരേയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കളിപ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യാ ടുഡേയുമായി സംസാരിക്കവെയാണ് ഒമാനെതിരേ മാത്രമല്ല, പാകിസ്താനുമായുള്ള സൂപ്പര്‍ 4 പോരാട്ടത്തിലും ബുംറ വേണ്ടെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. അതു ഫൈനലുള്‍പ്പെടെ പിന്നീടുള്ള മല്‍സരങ്ങളില്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാകിസ്താനെതിരേ പോലും അവനെ നമുക്കു ആവശ്യമില്ല. അങ്ങനെയെങ്കില്‍ 28നു ഞായറാഴ്ച (ഫൈനല്‍) നടക്കാനിരിക്കുന്ന വലിയ പോരാട്ടത്തില്‍ ബുംറയുടെ സേവനം ലഭ്യമാവും.
ഇന്ത്യ അതായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതോടെ ബെഞ്ചിലിരിക്കുന്ന ഒരാളെ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തേണ്ടതും ആവശ്യമായി വരും. പക്ഷെ ബുംറയ്ക്കു വിശ്രമം നല്‍കിയേ തീരൂവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
സഞ്ജുവിനു ചാന്‍സ് നല്‍കൂ
ടൂര്‍ണമെന്റില്‍ ഇനിയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇനിയെങ്കിലും അവസരം നല്‍കണമെന്നും സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെടുന്നു. ഒമാനുമായുള്ള മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വഴിമാറി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒമാനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യ ശ്രമിക്കണം. ശുഭ്മന്‍ ഗില്‍- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയെ തന്നെ നിലനിര്‍ത്തുകയും വേണം. നമ്പര്‍ ത്രീയില്‍ സൂര്യകുമാര്‍ യാദവായേക്കും.
എന്നാല്‍ ക്യാപ്റ്റനു സ്വയം ബാറ്റിങില്‍ താഴേക്കു ഇറങ്ങാവുന്നതാണ്. തിലക് വര്‍മയ്ക്കു ക്രീസില്‍ ചെലവഴിക്കാന്‍ അവസരവും നല്‍കാവുന്നതാണ്. കൂടാതെ സഞ്ജു സാസണിനും കുറച്ചു ബാറ്റ് ചെയ്യാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ ആവശ്യപ്പെടുന്നു.
ഈ തരത്തില്‍ ബാറ്റിങില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പാകിസ്താനെതിരായ മല്‍സരത്തിനു മുമ്പ് താരങ്ങള്‍ക്കു മികച്ച ബാറ്റിങ് പ്രാക്ടീസും ലഭിക്കും. സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മല്‍സരത്തിനു മുമ്പ് അതു ആവശ്യവുമാണ്. ബൗളര്‍മാരേക്കാള്‍, ബാറ്റര്‍മാരെയാണ് ടീം തയ്യാറാക്കേണ്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചര്‍ത്തു.