അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ സാധ്യതാ ലിസ്റ്റ് പുറത്തു വന്നതിനു പിന്നാലെ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ടീമില്‍ ഉറപ്പായും സ്ഥാനമര്‍ഹിച്ചിരുന്ന ചിലര്‍ തഴയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിന്റെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടത്. ഇതില്‍ ഇനി വലിയ. മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിവരം.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ള താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫലം വരാനിരിക്കുകയാണ്. അതു ലഭിച്ച ശേഷം അടുത്തയാഴ്ചയാവും ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. 19 അല്ലെങ്കില്‍ 20 തിയ്യതികളിലൊന്നില്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

ആരുടെയെല്ലാം ചീട്ട് കീറി?
പിടിഐ പുറത്തു വിട്ട ഇന്ത്യയുടെ ഏഷ്യാകപ്പ് സാധ്യതാ സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് യുവ ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തഴയപ്പെട്ടുവെന്നതാണ്. ടി20യില്‍ അടുത്തിടെ വരെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാളായി സ്ഥാനമുറപ്പിച്ചയാണ് അദ്ദേഹം. മാത്രമല്ല ജയ്‌സ്വാളിന്റെ അഗ്രസീവ് ബാറ്റിങ് ശൈലി ടി20 ഫോര്‍മാറ്റിനു ഏറെ യോജിച്ചതുമാണ്.
എന്നിട്ടും ഏഷ്യാ കപ്പിന്റെ സാധ്യതാ ലിസ്റ്റില്‍ അദ്ദേഹമില്ലെന്നത് ആരാധകരെ ശരിക്കും ഞെട്ടിക്കുകയും രോഷാകുലരുമാക്കിയിരിക്കുകയാണ്. മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ് ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും ലഭിക്കാതെ പോയ മറ്റൊരാള്‍. എല്ലാ ഫോര്‍മാറ്റുകളിലും ഇപ്പോള്‍ ഒരു പോലെ കസറുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ശ്രേയസ്. ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.
പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായും ശ്രേയസ് മിന്നിച്ചു. അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും കരിയര്‍ ബെസ്റ്റ് ഫോമിലുള്ള ശ്രേയസിനെ ഏഷ്യാ കപ്പില്‍ തിരികെ വിളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ഇടംകൈയന്‍ ബാറ്ററും ഫിനിഷറുമായ റിങ്കു സിങാണ് ഇന്ത്യന്‍ സാധ്യതാ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരാള്‍. സമീപകാലത്തെ ടി20 പരമ്പരകളിലെല്ലാം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. സമീപകാലത്തു അത്ര നല്ല ഫോമില്‍ അല്ലെങ്കിലും ഏഷ്യാ കപ്പില്‍ റിങ്കുവിനു സ്ഥാനമുണ്ടാവുമെന്നാാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ റിങ്കുവിനു സാധ്യതാ ലിസ്റ്റില്‍ സ്ഥാനം ലഭിച്ചത്.
പ്രതികരിച്ച് ഫാന്‍സ്
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് പ്രതികരിച്ചിട്ടുള്ളത്. ഇതൊരു പെര്‍ഫെക്ട് ടീമല്ലെന്നും ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നുമാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അസാന്നിധ്യമാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്.

ഇന്ത്യന്‍ സ്‌ക്വാഡില്‍ ഏറ്റവുമാദ്യം വേണ്ടയാള്‍ യശസ്വി ജയ്‌സ്വാളാണ്. അദ്ദേഹമില്ലാത്ത ഒരു ടി20 ടീമിനെക്കുറിച്ച് നമുക്ക് എങ്ങനെ ചിന്തിക്കാന്‍ കഴിയും? ഓപ്പണിങ് റോളില്‍ ജയ്‌സ്വാള്‍ അവിഭാജ്യ ഘടകം തന്നെയാണ്. ശുഭ്മന്‍ ഗില്ലിനു പകരം ജയ്‌സ്വാളിനെ ടീമിലെടുക്കൂ.
എവിടെ ശ്രേയസ് അയ്യര്‍? ഇത്രയും മികച്ച ഫോമില്‍ കളിക്കുന്ന ഒരാളെ എങ്ങനെ ഇന്ത്യക്കു കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കും? മധ്യനിരയില്‍ ശ്രേസിന്റെ സാന്നിധ്യം തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വലിയ പ്ലസ് പോയിന്റാണ്.
റിങ്കു സിങില്ലാതെ ഒരു ഇന്ത്യന്‍ ടി20 ടീമിനെ കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ഒരു നല്ല പിആര്‍ ടീമിനെ നിയമിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ഇനി രക്ഷയുള്ളൂ. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നീ രണ്ടു ഫ്രോഡുകള്‍ക്കു പകരം ഖലീല്‍ അഹമ്മദിനെ ടീമിലെടുക്കണം, എന്നിങ്ങനെ പോവുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ/ പ്രസിദ്ധ് കൃഷ്ണ, ജിതേഷ് ശര്‍മ /ധ്രുവ് ജുറേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.