ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ടീം ഇന്ത്യ ഈ വര്‍ഷം കളിക്കുന്ന മറ്റൊരു വമ്പന്‍ ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ടി20 ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയായിരുന്നു നേരത്തേ ടൂര്‍ണമെന്റിനു വേദിയാവേണ്ടിയിരുന്നത്.
എന്നാല്‍ ചാംപ്യന്‍സ് ട്രോഫി പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നതു കാരണം ഏഷ്യാ കപ്പ് വേദിയും ഇന്ത്യക്കു നഷ്ടമായി. യുഎഇ, ശ്രീലങ്ക എന്നിവയിലൊന്നായിരിക്കും ഇനി ടൂര്‍ണമെന്റിനു വേദിയാവുകയെന്നാണ് റിപ്പോര്‍ട്ട്. എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നിവരാവും മറ്റു ടീമുകള്‍.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പായിരിക്കും ഏഷ്യാ കപ്പെന്നു പറയാം. കിരീടം നിലനില്‍ത്തുകയെന്ന ലക്ഷ്യത്തോടെയാലും നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഏഷ്യാ കപ്പില്‍ ഇറങ്ങുക.
ഏകദിന ഫോര്‍മാറ്റിലുള്ള 2023ലെ എഡിഷനില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ഇത്തവണ ടി20 ഫോര്‍മാറ്റിലായതിനാല്‍ സൂര്യകുമാര്‍ യാദവായിരിക്കും ടീമിനെ നയിക്കുക. എങ്ങനെയാവും ഇന്ത്യന്‍ സാധ്യതാ ഇലവനെന്നു നോക്കാം

ടോപ്പ് ത്രീയില്‍ ആരൊക്കെ?
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി യശസ്വി ജയ്‌സ്വാളും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമാവും കളിച്ചേക്കുക. ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയില്‍ ക്ലിക്കായില്ലെങ്കിലും അതിനു മുമ്പുള്ള ടി20 പരമ്പരകളില്‍ സഞ്ജു കസറിയിരുന്നു. തുടരെ രണ്ടു ടി20 സെഞ്ച്വറികളുമായി റെക്കോര്‍ഡിട്ട അദ്ദേഹം മൂന്നു സെഞ്ച്വറികളും ഈ ഫോര്‍മാറ്റില്‍ ഇതിനകം നേടിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കൈവിടാനും സാധ്യതയില്ല. ഓപ്പണിങ് റോളില്‍ മലയാളി താരം തന്നെ തുടരുമ്പോള്‍ മറ്റൊരു ഓപ്പണറായെത്തുക യശസ്വി ജയ്‌സ്വാളായിരിക്കും. ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് റോള്‍ ഇതിനകം ഉറപ്പിച്ചു കഴിഞ്ഞ താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റാന്‍ ഗംഭീര്‍ തയ്യാറായേക്കില്ല. ഇതോടെ വെടിക്കെട്ട് ബാറ്ററായ അഭിഷേ് ശര്‍മയ്ക്കു ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കും മാറേണ്ടിവരും.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക യുവ ഓള്‍റൗണ്ടറും അഗ്രസീവ് ബാറ്ററുമായ തിലക് വര്‍മയായിരിക്കും. ഈ പൊസിഷനിലേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോഴെല്ലാം കസറിയ താരമാണ് അദ്ദേഹം. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികളാണ് താരം വാരിക്കൂട്ടിയത്.
മധ്യനിരയില്‍ ഇവര്‍
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പര്‍ നായകന്‍ സൂര്യകുമാര്‍ യാദവിനു തന്നെയായിരിക്കും. നേരത്തേ മൂന്നാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്ന അദ്ദേഹം തിലകിനായി ഈ റോള്‍ വിട്ടു നല്‍കിയിരിക്കുകയാണ്. ഏഷ്യാ കപ്പിലും ഇതില്‍ മാറ്റമുണ്ടാവാനിടയില്ല. സൂര്യക്കു ശേഷം അഞ്ചാമനായി ക്രീസിലെത്തുക വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയായിരിക്കും.

ഈ ഫോര്‍മാറ്റില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമാണ് അദ്ദേഹം. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ അനായാസം അടിച്ചു പറത്താനുള്ള കഴിവും ദുബെയെ സ്‌പെഷ്യലാക്കി മാറ്റുന്നു. അദ്ദേഹത്തിനു ശേഷം ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. പിന്നാലെ ഫിനിഷര്‍ റിങ്കു സിങും ക്രീസിലെത്തും.
ബൗളിങ് നിര
എട്ടാം നമ്പറില്‍ ഇന്ത്യക്കായി കളിച്ചേക്കുക ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങിന്റെ ആഴവും വര്‍ധിപ്പിക്കും. ഒമ്പതാമനായി മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാവും ക്രീസിലെത്തുക.
അതിനു ശേഷം രണ്ടു പേസര്‍മാരാണ് ഇലവനിലുണ്ടാവുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയായിരിക്കും ബൗളിങിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിന്റെ പേസ് ബൗളിങ് പങ്കാളി അര്‍ഷ്ദീപ് സിങുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ 11
യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.