ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ അഞ്ചാം നമ്പറില്‍ ഇറക്കിയ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റനും മുഖ്യ സെക്ടറുമായ കെ ശ്രീകാന്ത് രംഗത്തു വന്നിരുന്നു. യുഎഇക്കെതിരേ അഞ്ചാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യാനിരുന്നത്. സഞ്ജു ക്രീസിലെത്തും മുമ്പ് ഇന്ത്യ വിജയറണ്‍സ് കുറിക്കുകയായിരുന്നു.
അഞ്ചാമനായി സഞ്ജു ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യരെ പകരക്കാരനായി ടീമിലേക്കു കൊണ്ടു വരാനായിരിക്കും ഇന്ത്യയുടെ പ്ലാനെന്നും ശ്രീകാന്ത് സംശയം പ്രകടിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തില്‍ കഴമ്പുണ്ടോ? ടി20യില്‍ മധ്യനിര ബാറ്ററായി രണ്ടു പേരില്‍ ആരാണ് ബെസ്റ്റ്. ഇതേക്കുറിച്ചു പരിശോധിക്കാം.

ശ്രീകാന്ത് പറഞ്ഞതെന്ത്?
യുഎഇയുമായുള്ള മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ബാറ്റിങ് ഓര്‍ഡര്‍ പ്രകാരം തിലക് വര്‍മയ്ക്കു താഴെ അഞ്ചാം നമ്പറിലാണ് സഞ്ജു സാംസണ്‍ കളിക്കാനിരുന്നത്. മധ്യനിരയില്‍ മോശം റെക്കോര്‍ഡാണെന്നു അറിയാമായിരുന്നിട്ടും അദ്ദേഹത്തെ ഇലവനിലുള്‍പ്പെടുത്തിയ തീരുമാനത്തെയാണ് കെ ശ്രീകാന്ത് ചോദ്യം ചെയ്തത്.
സഞ്ജ സാംസണിനെ അഞ്ചാമനാക്കിയതിലൂടെ ശ്രേയസ് അയ്യര്‍ക്കു ടീമിലേക്കു മടങ്ങിവരാനള്ള വഴിയൊരുക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നു എനിക്കു തോന്നുകയാണ്. അഞ്ചാം നമ്പറില്‍ സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല. അവന്‍ ആ പൊസിഷനില്‍ ബാറ്റ് ചെയ്യാനും പാടില്ല. അഞ്ചാം നമ്പറില്‍ കളിച്ചാല്‍ അതു സഞ്ജുവിന്റെ ആത്മവിശ്വാസത്തെയും ദോഷകരമായി ബാധിക്കും. അവന്റെ കാര്യത്തില്‍ ഞാന്‍ ഹാപ്പിയല്ല.
ഇതു നിന്റെ അവസാനത്തെ അവസരമാണെന്നായികിക്കും അഞ്ചാം നമ്പര്‍ നല്‍കിയ ശേഷം ഞാനാണെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. അടുത്തതിലോ, ഇനിയുള്ള മൂന്നു ഇന്നിങ്‌സുകളിലോ കാര്യമായി സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ നിനക്കു പകരം ശ്രേയസത്തെുമെന്നു താന്‍ അവനോടു പറയുകയും ചെയ്യുമായിരുന്നെന്നായിരുന്നു ശ്രീകാന്തിന്റെ വാക്കുകള്‍.
വൈസ് ക്യാപ്റ്റന്‍ റോളില്‍ ശുഭ്മന്‍ ഗില്‍ ഏഷ്യാ കപ്പിലൂടെ ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ക്കു ഓപ്പണിങ് റോളില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടി വന്നത്. നേരത്തേ കളിച്ച അവസനത്തെ 12 ടി20 മല്‍സരങ്ങളിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് സഞ്ജുവായിരുന്നു. മൂന്നു സെഞ്ച്വറികളും ഇദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.
കേമന്‍ സഞ്ജുവോ, ശ്രേയസോ?
ഇന്ത്യക്കു വേണ്ടിയോ, ഐപിഎല്ലിലോ മധ്യനിരയില്‍ സഞ്ജു സാംസണിവു കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ചാം നമ്പറിലോ, അതിനു താഴെയോ ഇതുവരെയുള്ള ടി20 കരിയറില്‍ 23 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 112.19 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 276 റണ്‍സാണ്. സഞ്ജുവിന്റെ ശരാശരിയാവട്ടെ 14.52ഉം ആണ്. ഉയര്‍ന്ന സ്‌കോര്‍ വെറും 30 റണ്‍സ് മാത്രം.

എന്നാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച്-ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡ് ശ്രേയസ് അയ്യര്‍ക്കാണെന്നു നിസംശയം പറയാം. കരിയറില്‍ 34 മല്‍സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഇവിടെ ബാറ്റ് ചെയ്തിട്ടുണ്ട്.
25.04 ശരാശറിയില്‍ 128.92 സ്‌ട്രൈക്ക് റേറ്റില്‍ 526 റണ്‍സും അടിച്ചെടുത്തു. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ശരാശരിയും സ്‌ട്രൈക്ക് റേറ്റും അത്ര ഗംഭീരമല്ലെങ്കില്‍ അഞ്ചു മുതല്‍ ഏഴു വരെ സഞ്ജുവിനേക്കാള്‍ ഏറെ മുന്നിലാണ് ശ്രേയസെന്നു നിസംശയം പറയാനും കഴിയും.