ദുബായ്: ചിരവൈരികളായ പാകിസ്താനുമായി ഞായറാഴ്ച ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ കലാശക്കളിയില്‍ വലിയൊരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലാണ് വലിയൊരു മാറ്റം അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പാക് ടീമിനെതിരേ ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരത്തിലും ഒരേ ഇലവനാണ് ഇന്ത്യ ഇറക്കിയത്. പക്ഷെ ഈ മല്‍സരങ്ങളില്‍ ബെഞ്ചിലായിരുന്ന താരത്തെയാണ് ഫൈനലില്‍ ഉള്‍പ്പെടുത്തണമെന്നു ഇര്‍ഫാന്‍ പറഞ്ഞിരിക്കുന്നത്. ബദ്ധവൈരികള്‍ക്കെതിരേ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഫൈനലില്‍ ഇന്ത്യ ലക്ഷ്യമിടുക.

ഇലവനിലെ മാറ്റമെന്ത്?
പാകിസ്താനെതിരായ കലാശക്കളിയില്‍ ടി20 സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ ഉറപ്പായും കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങില്‍ മാത്രമേ അര്‍ഷ്ദീപിനെ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളൂ. രണ്ടും അപ്രസക്തമായ മല്‍സരങ്ങളിലായിരുന്നു.
ആദ്യത്തേത് ഒമാനുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മല്‍സരത്തിലാണ്. മറ്റൊന്നാവട്ടെ കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേയുള്ള സൂപ്പര്‍ ഫോറിലെ മല്‍സരത്തിലാണ്. ഇവയില്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ലങ്കയ്‌ക്കെതിരേ ഗംഭീര പ്രകടനമാണ് അര്‍ഷ്ദീപ് കാഴ്ചവച്ചത്. പ്രത്യേകിച്ചും ഡെത്ത് ഓവറിലെയും അതിനു ശേഷം സൂപ്പര്‍ ഓവറിലെയും പ്രകടനം എടുത്തു പറയേണ്ടതാണ്. സൂപ്പര്‍ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്.
സോണു സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കവെയാണ് പാകിസ്താനുമായുള്ള ഫൈനലില്‍ അര്‍ഷ്ദീപ് വേണമന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാണിച്ചത്. ആദ്യത്തെ കാര്യം ആദ്യം തന്നെ വേണം. അര്‍ഷ്ദീപ് സിങ് ശരിക്കും ഐസ് പോലെയാണ്. സമ്മര്‍ദ്ദം വരുമ്പോള്‍ അവന്‍ ബോള്‍ ആവശ്യപ്പെടുകയും പന്തെറിയുകയും ചെയ്യും.
അവസാന ഓവുകളില്‍ യോര്‍ക്കറുകളെറിയാന്‍ അവന്‍ റെഡിയാണ്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം കളിക്കുകയാണെങ്കില്‍ രണ്ടു പേരും മാറി മാറി യോര്‍ക്കറുകളെറിയും. അത്രയും വകഴിവുറ്റ ബൗളറാണ് അര്‍ഷ്ദീപ്. ഇതൊരു പുതിയ കാര്യമല്ല. അവന്‍ നമ്മുടെ പ്ലെയിങ് ഇലവനില്‍ വേണമെന്നു ഞാന്‍ ആദ്യ ദിവസം മുതല്‍ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്.
ചിലപ്പോള്‍ രണ്ടു എന്‍ഡുകളില്‍ നിന്നും യോര്‍ക്കറുകളെറിയേണ്ട സാഹചര്യം ടീമിനു ആവശ്യമായി വരും. ഇന്നു (ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍) ഈ മല്‍സരം അവസാനം വരെ നീണ്ടു. പക്ഷെ നമുക്കു നീളമേറിയ ബാറ്റിങ് ലൈനപ്പ് വേണമെന്നാണ് ഇന്ത്യന്‍ ടീം ചിന്തിക്കുന്നത്.
അതുകൊണ്ട് ഓള്‍റൗണ്ടറായ ശിവം ദുബെ കളിക്കുകയും ചെയ്യുന്നു. അവന്‍ ഇലവനിലുള്ളതു കാരണമാണ് അര്‍ഷ്ദീപിനു ഇടം ലഭിക്കാതെ പോവുന്നത്. അര്‍ഷ്ദീപ് എല്ലായ്‌പ്പോഴും പ്ലെയിങ് ഇലവനില്‍ ആവശ്യമാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോറില്‍ സ്റ്റാര്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര വേണ്ടെന്നു വച്ചാണ് സൂപ്പര്‍ ഓവറില്‍ അര്‍ഷ്ദീപിന് നായകന്‍ സൂര്യകുമാര്‍ യാദവ് ബോള്‍ നല്‍കിയത്. ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.
ആദ്യത്തെ ബോളില്‍ തന്നെ കുശല്‍ പെരേരയെ അര്‍ഷ്ദീപ് മടക്കുകയായിരുന്നു. വൈഡ് യോര്‍ക്കറുകളെറിഞ്ഞ അദ്ദേഹം ലങ്കന്‍ ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. വൈകാതെ ദസുന്‍ ഷനകയെയും അര്‍ഷ്ദീപ് മടക്കിയതോടെ സൂപ്പര്‍ ഓവറില്‍ ലങ്ക വെറും രണ്ടു റണ്‍സിലൊതുങ്ങുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര ടി20യില്‍ 100 വിക്കറ്റുകളെടുത്ത ഏക ഇന്ത്യന്‍ ബൗളറാണ് അര്‍ഷ്ദീപ്. 65 മല്‍സരങ്ങളില്‍ നിന്നും 8.37 ഇക്കോണമി റേറ്റില്‍ 101 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അര്‍ഷ്ദീപിനായിരുന്നു.