ഏഷ്യാ കപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ സ്ഥാനം. ആദ്യ ലീഗ് മല്‍സരത്തില്‍ യുഎഇക്കെതിരായ റെക്കോര്‍ഡ് വിജയത്തോടെ ഇന്ത്യ ശരിവയ്ക്കുകയും ചെയ്തു. യുഎഇയെ 15 ഓവറിനുള്ളില്‍ എറിഞ്ഞിട്ട ഇന്ത്യ പിന്നീട് പവര്‍പ്ലേയില്‍ തന്നെ റണ്‍ചേസ് പൂര്‍ത്തിയാക്കിയാണ് എതിരാളികളെ തീര്‍ത്തത്.
നിലവില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ ശക്തരാണ് ഇന്ത്യ. എന്നാല്‍ സൂര്യകുമാര്‍ യാദവും സംഘവും 100 ശതമാനവും പെര്‍ഫെക്ടല്ലെന്നും ഒരു വീക്ക്‌നെസ് അവര്‍ക്കുമുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷുഐബ് മാലിക്ക്.

ഇന്ത്യയുടെ വീക്ക്‌നെസെന്ത്?
ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ ടീമിനു വീക്ക്‌നെസുകളിലെന്നു തോന്നുമെങ്കിലും ഒരു ദൗര്‍ബല്യം അവര്‍ക്കുമുണ്ടെന്നാണ് ഷുഐബ് മാലിക്കിന്റെ നിരീക്ഷണം. ക്രിക്കറ്റ് വിത്ത് ഫാബി ബട്ടെന്ന ഷോയില്‍ സംസാരിക്കവെയാണ് ഒമ്പതാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യന്‍ ടീമിനു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും പവര്‍ഹിറ്റര്‍മാരാണെന്നും പക്ഷെ യുഎഇയിലെ പിച്ചുകള്‍ക്കു അതു അത്ര യോജിച്ചതല്ലെന്നുമാണ് മാലിക്കിന്റെ നിരീക്ഷണം. ബാറ്റര്‍മാര്‍ക്കു വളരെ ഫ്രീയായി അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന പിച്ചുകളല്ല യുഎഇയിലേത്. ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യന് ടീമിനു ആവശ്യമായിരുന്നത് ശ്രേയസ് അയ്യരെ പോലെയൊരു താരത്തെയാണ്.
നേരത്തേ ഇവിടെ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ ശ്രേയസ് ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ നിലവിലെ ഇന്ത്യന്‍ ഏഷ്യാ കപ്പ് ടീമിലേക്കു നോക്കിയാല്‍ കൂടുതല്‍ ബാറ്റര്‍മാരും ഒരേ രീതിയില്‍ മാത്രം കളിക്കുന്നവരാണ്.
എല്ലാവരും അടിക്കാരാണ്. സൗത്താഫ്രിക്ക, ഓസ്ട്രലിയ പോലെയുള്ള പിച്ചുകളില്‍ ഇതു വര്‍ക്കായേക്കും. പക്ഷെ യുഎഇയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇതായേക്കുമെന്നും മാലിക്ക് വ്യക്തമാക്കി.
യുഎഇയിലെ സ്ലോ പിച്ചുകളില്‍ മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കവെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുഴപ്പത്തിലായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ തന്നെയാണ് ഈ ടൂര്‍ണമെന്റിലെ ശക്തമായ കിരീട ഫേവറിറ്റുകളെന്നതില്‍ സംശയമില്ല. പക്ഷെ സ്പിന്‍ ബൗളിങ് അല്‍പ്പം ചാലഞ്ചായി മാറുന്ന ദിവസങ്ങളില്‍ അവരുടെ ബാറ്റര്‍മാര്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കുമെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

ഏകപക്ഷീയ ജയം
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആതിഥേയരും അസോസിയേറ്റ് രാജ്യങ്ങളിലൊന്നുമായ യുഎഇക്കെതിരേ ഒട്ടു വിയര്‍ക്കാതെയാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ടോസിനു ശേഷം യുഎഇയെ ബാറ്റിങിനുഅയച്ച ഇന്ത്യ അവരെ 100 റണ്‍സ് പോലും കടത്തിയില്ല.
13.1 ഓവറില്‍ വെറും 57 റണ്‍സിനു അവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. കുല്‍ദീപ് യാദവ നാലു വിക്കറ്റുകളമായി ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മൂന്നു വിക്കറ്റുമായി ശിവം ദുബെ സര്‍പ്രൈസ് ഹീറോയാവകയും ചെയ്തു.
58 റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്കു വെറും 27 ബോളുകള്‍ മാത്രമേ വേണ്ട വന്നുള്ളൂ. ഇന്നിങ്‌സിലെ ആദ്യത്തെ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയ അഭിഷേക് ശര്‍മ നയം വ്യക്തമാക്കി കഴിഞ്ഞിരുന്നു. തൊട്ടടുതത ബോളില്‍ ഫോറുമടിച്ച് അദ്ദേഹം കാണികളെ ഇറക്കി മറിച്ചു. 187.50 സ്‌ട്രൈക്ക് റേറ്റില്‍ വെറും 16 ബോളില്‍ 30 റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. മൂന്നു സിക്‌സും രണ്ടു ഫോറും ഇതിലുള്‍പ്പെടും.
വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മോശമാക്കിയില്ല. ഒമ്പതു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുടക്കം 20 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം (രണ്ടു ബോളില്‍ 7) അദ്ദേഹം പുറത്താനാതെ നിന്നു.