Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സൂപ്പര്‍ ഫോറില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍!! ലങ്കയെ വീഴ്ത്തി ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അവസാന അങ്കം ടൈയിലേക്കും സൂപ്പര്‍ ഓവറിലേക്കും നീണ്ടപ്പോള്‍ ശ്രീലങ്കയ്ക്കെതിരേ ത്രില്ലറില്‍ ഇന്ത്യക്കു ജയം. 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക അഞ്ചു വിക്കറ്റിനു 202 റണ്‍സെടുത്തതോടെ കളി ടൈയില്‍ കലാശിച്ചു. സൂപ്പര്‍ ഓവറില്‍ വെറും രണ്ടു റണ്ണെടുക്കാനെ ലങ്കയ്ക്കായുള്ളൂ. മറുപടിയില്‍ ആദ്യ ബോളില്‍ തന്നെ മൂന്നു റണ്ണെടുത്ത് സൂര്യകുമാര്‍ യാദവ് ടീമിനു നാടകീയ വിജയം സമ്മാനിച്ചത്.

പതും നിസങ്കയുടെ (107) കിടിലന്‍ സെഞ്ച്വറിയാണ് റണ്‍ചേസില്‍ ലങ്കയെ ഇന്ത്യക്കൊപ്പമെത്തിച്ചത്. 58 ബോളില്‍ ഏഴു ഫോറും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 58 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ നിസങ്ക- പെരേര ജോടി വാരിക്കൂട്ടിയ 127 റണ്‍സാണ് ലങ്കയെ റണ്‍ചേസില്‍ സഹായിച്ചത്.

INDIAN TEAM

കത്തിക്കയറി അഭിഷേക്

ഓപ്പണിങില്‍ ഒരിക്കല്‍ക്കൂടി കത്തിക്കയറിയ അഭിഷേക് ശര്‍മയുടെ സ്‌ഫോടനാത്മക ഫിഫ്റ്റിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഇത്തവണ 200 പ്ലസ് സ്‌കോര്‍ കുറിച്ച ആദ്യ ടീമായും ഇന്ത്യ മാറുകയായിരുന്നു. 22 ബോളില്‍ തന്റെ ഫിഫ്റ്റി കണ്ടെത്തിയ അഭിഷേക് 61 റണ്‍സ് കുറിച്ചാണ് ക്രീസ് വിട്ടത്. 31 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

തിലക് വര്‍മ (49*), അഞ്ചാമനായി മിന്നിച്ച സഞ്ജു സാംസണ്‍ (39), അക്ഷര്‍ പട്ടേല്‍ (21*) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. മുന്‍ മല്‍സരങ്ങളിലേതു പോലെ മികച്ചൊരു തുടക്കമല്ല ഇന്ത്യക്കു ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ശുഭ്മന്‍ ഗില്ലിനെ (4) മടക്കി.

രണ്ടാം വിക്കറ്റില്‍ അഭിഷേക്- നായകന്‍ സൂര്യകുമാര്‍ യാദവ് ജോടി 59 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇതില്‍ 90 ശതമാനം റണ്‍സും അഭിഷേകിന്റെ ബാറ്റില്‍ നിന്നായിരുന്നു. സൂര്യക്കു ക്രീസിന്റെ മറുഭാഗത്തു വെറും കാഴ്ചക്കാരന്റെ റോളായിരുന്നു. തപ്പിത്തടഞ്ഞ് ബാറ്റ് ചെയ്ത അദ്ദേഹം ഒടുവില്‍ 12ല്‍ നില്‍ക്കെ വിക്കറ്റിനു മുന്നിലും കുരുങ്ങി.

പിന്നാലെ അഭിഷേകും പുറത്തായി (92-3). നാലാം വിക്കറ്റില്‍ തിലക്- സഞ്ജു ജോടി 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ 190-200 റണ്‍സ് ഇന്ത്യ ഉറപ്പാക്കി. അവസാന അഞ്ചോവറില്‍ സ്‌കോറിങിനു വേഗം കൂട്ടാന്‍ ശ്രമിക്കവെയാണ് സഞ്ജു പുറത്തായത്. 23 ബോളുകള്‍ നേരിട്ട അദ്ദഹം മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു. ഹാര്‍ദിക് പാണ്ഡ്യ (2) പെട്ടെന്നു മടങ്ങിയെങ്കിിവും തിലകും അക്ഷറും മികച്ച ഫിനിഷിങിലൂടെ ടീമിനെ 200 കടത്തി.

ABHISHEK SHARMA

ടോസിനു ശേഷം ലങ്കന്‍ നായകന്‍ ചരിത് അസലെങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു വിശ്രമം നല്‍കി. പകരം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലേക്കു വരികയും ചെയ്തു. ശ്രീലങ്കയാവട്ടെ ഒരു മാറ്റവും വരുത്തി. ചാമിക കരുണരത്‌നെയ്ക്കു പകരം ജനിത് ലിയാന്‍ഗെയെ കളിപ്പിക്കുകയായിരുന്നു.

ആദ്യ കളിയില്‍ യുഎഇയെ നാണംകെടുത്തി അക്കൗണ്ട് തുറന്ന ഇന്ത്യ അടുത്ത കളിയില്‍ ചിരവൈരികളായ പാകിസ്താനെ ഏഴു വിക്കറ്റിനും വാരിക്കളഞ്ഞു. ഒമാനെതിരേയുള്ള അപ്രസക്തമായ കളിയില്‍ ടീമില്‍ അഴിച്ചപണികളും പരീക്ഷണങ്ങളും നടത്തിയെങ്കിലും 21 റണ്‍സിന് അല്‍പ്പം ബുദ്ധിമുട്ടി ജയിച്ചു കയറി. സൂപ്പര്‍ ഫോറില്‍ പാകിസ്താനെ ആറു വിക്കറ്റിനു തകര്‍ത്ത് കരുത്തുകാട്ടിയ ഇന്ത്യ അടുത്ത മാച്ചില്‍ ബംഗ്ലാ കടുവകളെയും തുരത്തി. 41 റണ്‍സിനായിരുന്നു വിജയം.

അതേസമയം, ഗംഭീരമായ തുടങ്ങിയ ശേഷം പിന്നീട് തകര്‍ന്നുവീണ ടീമാണ് ശ്രീലങ്ക. ബുദ്ധിമുട്ടേറിയ ഗ്രൂപ്പ് ബിയിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ചുകയറാന്‍ അവര്‍ക്കായിരുന്നു. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തുരത്തിയ ലങ്ക അടുത്ത മാച്ചില്‍ ഹോങ്കോങിനെതിരേ ചെറുതായൊന്നു വിറച്ചെങ്കിലും നാലു വിക്കറ്റിനു ജയിച്ചുകയറി.

അടുത്ത കളിയില്‍ അഫ്ഗാനിസ്താനെ ആറു വിക്കറ്റിനു തകര്‍ത്ത് ലങ്ക ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. പക്ഷെ സൂപ്പര്‍ ഫോറില്‍ അവര്‍ക്കു പ്രകടനമാവര്‍ത്തിക്കാനായില്ല. ബംഗ്ലാദേശിനോടു നാലു വിക്കറ്റിന്റെ പരാജയം സമ്മതിച്ച ലങ്ക അടുത്ത മാച്ചില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിനും കീഴടങ്ങി. ഇതോടെ ലങ്കയുടെ ഫൈനല്‍ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.

പ്ലെയിങ് 11

ഇന്ത്യ-അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക- പതും നിസ്സങ്ക, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.

Story first published: Friday, September 26, 2025, 16:59 [IST]
Other articles published on Sep 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+