Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: പത്തി മടക്കി പാക് പട!! ഏഷ്യന്‍ സിംഹാസനം വീണ്ടും ഇന്ത്യക്ക്, തിലക് ഹീറോ

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് സിംഹാസനം പിടിച്ചടക്കി വീണ്ടും ടീം ഇന്ത്യ. ബദ്ധവൈരികളുടെ ത്രില്ലിങ് ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് ഏഷ്യന്‍ കിരീടം ഇന്ത്യ കാത്തുസൂക്ഷിച്ചത്. പാക് പടയ്‌ക്കെതിരേ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും പോലെ അത്ര എളപ്പമായിരുന്നില്ല ഇത്തവണ ഇന്ത്യന്‍ വിജയം. ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിട്ടും ഇന്ത്യക്കു ജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടി വന്നു.

147 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്.19.4 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ വിജയം കൈക്കലാക്കുകയായിരുന്നു. തിലക് വര്‍മയാണ് (69*) ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. 53 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറും നാലു സിക്‌സറുകളുമടിച്ചു. ശിവം ദുബെ (33), സഞ്ജു സാംസണ്‍ (24), ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

tilak varma

റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. അഭിഷേക് ശര്‍മ (5), നായകന്‍ സൂര്യകുമാര്‍ യാദവ് (1), ശുഭ്മന്‍ ഗില്‍ (12) എന്നിവരെ നാലോവറിനുള്ളില്‍ നഷ്ടമായതോടെ ഇന്ത്യ മൂന്നിന് 20ലേക്കു തകര്‍ന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ തിലക്- സഞ്ജു ജോടി 57 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. സഞ്ജു മടങ്ങിയ ശേഷം തിലക്- ദുബെ സഖ്യം 60 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

കുതിച്ചു, പിന്നെ കിതച്ച് പാക് ടീം

സൂപ്പര്‍ ഫോറിലേതു പോലെ ഫൈനലിലും ഇന്ത്യക്കെതിരേ ഗംഭീര തുടക്കത്തിനു ശേഷമാണ് പാകിസ്താന്‍ ടീം 20 ഓവര്‍ പോലും തികയ്ക്കാനാവാതെ 146നു കൂടാരംകയറിയത്. ഓപ്പണര്‍ സാഹിസ്ബദ ഫര്‍ഹാന്‍ (57) ഇന്ത്യക്കെതിരേ തന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കുറിച്ചപ്പോള്‍ മറ്റൊരു ഓപ്പണര്‍ ഫഖര്‍ സമാന്‍ 46 റണ്‍സും നേടി. ഇവരെ കൂടാതെ സയീം അയൂബാണ് (14) രണ്ടക്കത്തിലെത്തിയ മറ്റൊരു പാക് താരം.

മുഹമ്മദ് ഹാരിസ് (0), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (8), ഹുസെയ്ന്‍ തലത്ത് (1), മുഹമ്മദ് നവാസ് (6), ഷഹീന്‍ അഫ്രീഡി (0), ഫഹീം അഷ്‌റഫ് (0), ഹരിസ് റൗഫ് (6), അബ്രാര്‍ അഹമ്മദ് (1*) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി.

നാലു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവാണ് പാക് ടീമിന്റെ അന്തകനായി മാറിയത്. ജസ്പ്രീക് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളുമെടുത്തു.

തകര്‍പ്പന്‍ തുടക്കമാണ് പാകിസ്താന് ഫര്‍ഹാന്‍-,ഫഖര്‍ ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സ് ഈ ജോടി അടിച്ചെടുത്തു. 58 ബോളുകളിലാണിത്. എന്നാല്‍ ഫര്‍ഹാനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ പാക് ടീമിന്റെ താളം തെറ്റി.

KULDEEP YADAV

സയീം അയൂബ് (14) മടങ്ങിയതോടെ പാകിസ്താന്‍ രണ്ടിന് 113. എന്നാല്‍ അടുത്ത 33 റണ്‍സിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും പാകിസ്താന്‍ കളഞ്ഞു കുളിച്ചതോടെ 19.1 ഓവറില്‍ 146ന് അവര്‍ കൂടാരം കയറുകയും ചെയ്തു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്കെതിരായ അവസാന മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്ദിക് പാണ്ഡ്യ ടീമിലില്ല.

അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും പുറത്തായി. ജസ്പ്രീത് ബുംറ ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ ശിവം ദുബെ, റിങ്കു സിങ് എന്നിവരും ടീമിലേക്കു വന്നു. മറുഭാഗത്തു പാകിസ്താന്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ കുതിപ്പ്. ഇതിനിടെ രണ്ടു തവണ പാക് ടീമിനെ തകര്‍ത്തുവിടാനും ഇന്ത്യക്കായിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ യുഎഇയെ ഒമ്പതു വിക്കറ്റിനു തകര്‍ത്താണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്.

രണ്ടാമങ്കത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നു. ഒന്നു വിയര്‍ക്കുക പോലും ചെയ്യാതെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം ഇന്ത്യ കൈക്കലാക്കുകയായിരുന്നു. ബൗളിങിലും ബാറ്റിങിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് കണ്ടത്. അതിനു ശേഷം അവസാന കളിയില്‍ അസോസിയേറ്റ് ടീം ഒമാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 21 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു.

സൂപ്പര്‍ ഫോറിലും ഇന്ത്യന്‍ പടയോട്ടം തുടര്‍ന്നു. പാകിസ്താനെ ആറു വിക്കറ്റിനാണ് ഇന്ത്യ തുരത്തിയത്. ബൗളിങില്‍ ചെറുതായി പതറിയെങ്കിലും ബാറ്റിങില്‍ ഇന്ത്യ ക്ഷീണം തീര്‍ത്തു. അതിനുശേഷം അടുത്ത കളിയില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനു കെട്ടുകെട്ടിച്ചതോടെ ഇന്ത്യ ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു.

ശ്രീലങ്കയുമായുള്ള അവസാന കളിയില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ത്രില്ലിങ് വിജയം. മല്‍സരം ടൈയില്‍ കലാശിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.

അതേസമയം, ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും റണ്ണറപ്പായാണ് പാകിസ്താന്‍ മുന്നേറിയത്. ആദ്യ മല്‍സരത്തില്‍ ഒമാനെ 93 റണ്‍ലിനാണ് പാക് പട തകര്‍ത്തുവിട്ടത്. പക്ഷെ രണ്ടാമത്തെ കളിയില്‍ ഇന്ത്യക്കു മുന്നില്‍ അവര്‍ ഏഴു വിക്കറ്റിനു മുട്ടുമടക്കി. നിര്‍ണായകമായ മൂന്നാത്തെ മല്‍സരത്തില്‍ യുഎഇയെ 41 റണ്‍സിനു തോല്‍പ്പിച്ച് പാക് ടീം സൂപ്പര്‍ ഫോറിലെത്തുകയായിരുന്നു.

ആദ്യ കളിയില്‍ ഇന്ത്യക്കു മുന്നില്‍ ആറു വിക്കറ്റിനു അടിതെറ്റിയെങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളിലും മികച്ച വിജയങ്ങളുമായി പാകിസ്താന്‍ ശക്തമായി തിരിച്ചുവന്നു. ശ്രീലങ്കയെ അഞ്ചു വിക്കറ്റിനും ബംഗ്ലാദേശിനെ 11 റണ്‍സിനുമാണ് സല്‍മാന്‍ ആഗയും സംഘവു മറികടന്നത്.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്താന്‍- സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയീം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Story first published: Sunday, September 28, 2025, 18:15 [IST]
Other articles published on Sep 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+