അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരേ വമ്പന്‍ ജയം മോഹിച്ചിറങ്ങിയ ടീം ഇന്ത്യക്കു നിറം മങ്ങിയ വിജയം. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ഒമാനെതിരേ 21 റണ്‍സിന്റെ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്. ഇതോടെ അപരാജിതരായി ഇന്ത്യ സൂപ്പര്‍ ഫോര്‍ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി. ഇനി ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.
ഒമാനെതിരേ ടോസിനു ശേഷം ബാറ്റിങ് പരിശീലനം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 200 പ്ലസ് റണ്‍സ് ആഗ്രഹിച്ചെങ്കിലും എട്ടു വിക്കറ്റിനു 188 റണ്‍സ് കൊണ്ടു തൃപ്തിപ്പെട്ടു. റണ്‍ചേസില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ഒമാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. 56 റണ്‍സ് ആദ്യ വിക്കറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കു സാധിച്ചു.

രണ്ടാം വിക്കറ്റില്‍ 93 റണ്‍സും ഒമാന്‍ അടിച്ചെടുത്ത് ഇന്ത്യയെ വിറപ്പിച്ചു. എങ്കിലും കളി ജയിക്കാന്‍ ഒമാനായില്ല. നാലു വിക്കറ്റിനു 167 റണ്‍സോടെ ഒമാന്‍ പോരാട്ടമവസാനിപ്പിച്ചു. ഓപ്പണര്‍ ആമിര്‍ കലീം (64), ഹമ്മാദ് മിര്‍സ (51) എന്നിവരുടെ ഫിഫ്റ്റികളാണ് ഒമാനു കരുത്തേകിയത്.
നേരത്തേ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ (56) ഫിഫ്റ്റിയാണ് ഇന്ത്യയെ 180 കടത്തിയത്. 45 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദഹേത്തിന്റെ ഇന്നിങ്‌സ്. അഭിഷേക് ശര്‍മ 38 (15 ബോള്‍, 5 ബോള്‍, 2 സിക്‌സ്) ഒരിക്കല്‍ക്കൂടി വെടിക്കെട്ട് ഇന്നിങ്‌സിലൂടെ സാന്ന്യമറിയിച്ചു.
തിലക് വര്‍മ (29), അക്ഷര്‍ പട്ടേല്‍ (26), ഹര്‍ഷിത് റാണ (13*) എന്നിരാണ് രണ്ടക്കത്തലെത്തിയ മറ്റുള്ളവര്‍. ശുഭ്മന്‍ ഗില്‍ (5) , ഹാര്‍ദിക് പാണ്ഡ്യ (1), ശിവം ദുബെ (5) എന്നിവരെല്ലാം ഫ്‌ളോപ്പായി. ഓപ്പണിങില്‍ ഗില്‍-അഭിഷേ് ജോടിയെ നിലനിര്‍ത്തിയതൊഴിച്ചുനിര്‍ത്തിയാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ അടിമുടി അഴിച്ചപണി നടത്തി.
സഞ്ജു മൂന്നിലിറങ്ങിയപ്പോള്‍ ഹാര്‍ദിക്, അക്ഷര്‍, ദുബെ, തിലക്, ഹര്‍ഷിത്, അര്‍ഷ്ദീപ്, കുല്‍ദീപ് എന്നിവരും ക്രീസിലെത്തി. എന്നാല്‍ നായകന്‍ സൂര്യ ബാറ്റിങില്‍ നിന്നും വിട്ടുനിന്നു. ടോസിനു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിച്ച പ്ലെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മിസ്റ്റി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കി. പകരം ടീമിലേക്കു വന്നത് പേസര്‍മാരായ അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമാണ്.
ആതിഥേയരായ യുഎയെ ആദ്യ കളിയില്‍ ഒമ്പതു വിക്കറ്റിനു നാണംകെടുത്തിയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. ഒമ്പതു വിക്കറ്റിനു എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. പവര്‍പ്ലേയില്‍ തന്നെ റണ്‍ചേസില്‍ ടീം വിജയവും കുറിച്ചു കഴിഞ്ഞിരുന്നു. അതിനു ശേഷം ചിരവൈരകളായ പാകിസ്താനുമായാണ് ഇന്ത്യ ഏറ്റുമുട്ടിയത്. മറ്റൊരു ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഴു വിക്കറ്റിനും ടീം ജയിച്ചുകയറി.
അതേസമയം, ഒമാന്റെ ആദ്യത്തെ എതിരാളികള്‍ പാകിസ്താനായിരുന്നു. അവരെ ചെറുതായൊന്നു വിറപ്പിച്ചെങ്കിലും 42 റണ്‍സിന്റെ പരാജയം സമ്മതിച്ചു. രണ്ടാമങ്കത്തിലെ എതിരാളികള്‍ യുഎഇയായിരുന്നു. ഈ മല്‍സരത്തില്‍ കാര്യമായ വെല്ലുവിളി സൃഷ്ടിക്കാതെ 42 റണ്‍സിനും ഒമാന്‍ കീഴടങ്ങി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
ഒമാന്‍- ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതന്‍ രാമാനന്ദി.