ഏഷ്യാ കപ്പിന്റെ പുതിയ എഡിഷനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ ഏതു ടീമാണ് കിരീട ഫേവറിറ്റുകളെന്നും ഇന്ത്യയുടെ സാധ്യത എത്രത്തോളമുണ്ടെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അടുത്ത മാസം ഒമ്പതു മുതലാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പ് യുഎഇയില്‍ നടക്കാനിരിക്കുന്നത്.
നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബദ്ധവൈരികളായ പാകിസ്താന്‍, ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ 15 അംഗ സംഘത്തെയാണ് യുഎഇയിലേക്കു ഇന്ത്യ അയക്കുന്നത്.

വീരുവിന്റെ പ്രവചനം
ഏഷ്യാ കപ്പില്‍ ഇത്തവണത്തെ ബെസ്റ്റ് ടീം ഇന്ത്യയാണെന്നും കിരീടവുമായി തന്നെ നമ്മള്‍ മടങ്ങുമെന്നും പ്രവചിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. നമ്മള്‍ ലോക ചാംപ്യന്‍മാരാണ്. അടുത്തിടെയാണ് ലോകകപ്പ് വിജയിച്ചത് (2024ലെ ഐസിസി ടി20 ലോകകപ്പ്). ഏഷ്യാ കപ്പിലെ ബെസ്റ്റ് ടീം നമ്മളാണെന്നു എനിക്കുറപ്പുണ്ട്.
ഏഷ്യാ കപ്പ് നമ്മള്‍ തന്നെ സ്വന്തമാക്കുകയും ചെയ്യുമെന്നും ടൂര്‍ണമെന്റിന്‍െ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിനോടു സംസാരിക്കവെ സെവാഗ് പറഞ്ഞു. 2023ല്‍ യുഎഇയില്‍ തന്നെ നടന്ന അവസാനത്തെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. അന്നു ഫൈനലില്‍ ശ്രീലങ്കയെ നാണംകെടുത്തിയാണ് ഇന്ത്യ എട്ടാമത്തെ ഏഷ്യാ കപ്പില്‍ മുത്തമിട്ടത്.
ഈ ഏഷ്യാ കപ്പില്‍ വളരെ മികച്ച ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളതെന്നു സെവാഗ് വിലയിരുത്തി. നമ്മുടേത് വളരെ മികച്ച സ്‌ക്വാഡാണെന്നു ഞാന്‍ കരുതുന്നു. സ്‌കൈ (സൂര്യകുമാര്‍ യാദവ്) ടീമിനെ മുന്നില്‍ നിന്നു നയിച്ചു കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലെ ടോപ് പ്ലെയറും കൂടിയാണ് അദ്ദേഹം.
സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ നമ്മള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നതു എനിക്കുറപ്പാണ്. കാരണം സ്‌കൈ സ്ഥിരം ടി20 നായകനായ ശേഷം നേരത്തേ ടീമിന്റെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. ഒരുപാട് ടി20 മല്‍സരങ്ങള്‍ അദ്ദേഹത്തിനു കീഴില്‍ നമ്മള്‍ ജയിച്ചു. നമുക്ക് ഇനി ഏഷ്യാ കപ്പും സ്വന്തമാക്കാന്‍ കഴിയുമെന്നു തനിക്കുറപ്പാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
അവരുടെ അസാന്നിധ്യം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളും ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. ഇതിന്റെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒരുപാട് പഴിയും കേട്ടു. പക്ഷെ ഈ താരങ്ങളുടെ അഭാവമൊന്നും ഏഷ്യാ കപ്പില്‍ ഇന്ത്യയെ ബാധിക്കില്ലെന്നാണ് വീരേന്ദര്‍ സെവാഗിന്റെ അഭിപ്രായം.

നമ്മുടേത് വളരെ മികച്ച ടി20 സെലക്ടറാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ ടി20 ടീമും ശക്തമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20യില്‍ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് നമ്മുടെ ടീം.
ഏറ്റവും കരുത്തുറ്റ നിരയെയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതെന്നും സെലക്ടര്‍മാര്‍ അതു നല്‍കിയെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തവന ഏഷ്യാ കപ്പും നമ്മള്‍ ജയിക്കുമെന്നു പ്രതീക്ഷിക്കുന്നു.
2026ലെ അടുത്ത ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള നല്ല തയ്യാറെടുപ്പായിരിക്കും ഏഷ്യാ കപ്പ്. ഏതു പുതിയ താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നും ആരെയാണ് ഉള്‍പ്പെടുത്തേണ്ടതെന്നും കാണാനുള്ള അവസരമാണ് ഈ ടൂര്‍ണമെന്റ്.
ലോകകപ്പിനായുള്ള ടീമിനെ നിങ്ങള്‍ക്കു നിര്‍മിക്കാന്‍ തുടങ്ങാം. ടീമിന്റെ ശക്തി പരീക്ഷിക്കാന്‍ ഏഷ്യാ കപ്പിനേക്കാള്‍ നല്ലൊരു അവസരം ഇന്ത്യന്‍ ടീമിനു ഇനി ലഭിക്കില്ലന്നാണ് അഭിപ്രായമെന്നു സെവാഗ് വിശദമാക്കി.