ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏഷ്യാ കപ്പും സ്വന്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യ തങ്ങളുടേതാക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഈ മാസം ലഭിക്കും. ഏഷ്യന്‍ ക്രിക്കറ്റിലെ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനു ചൊവ്വാഴ്ച യുഎഇയില്‍ തുടക്കമാവുകയാണ്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ ഇത്തവണ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടു ഗ്രൂപ്പുകളില്‍ ഏറ്റവും എളുപ്പം ഇതു തന്നെയാണെന്നു കാണാം. ചിരവൈരികളായ പാകിസ്താനോടൊപ്പം ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
10നു യുഎഇയെ നേരിടുന്ന ഇന്ത്യ 14നു പാകിസ്താനുമായും 19ന് അവസാന ഗ്രൂപ്പ് മാച്ചില്‍ ഒമാനുമായും കൊമ്പുകോര്‍ക്കും. ഗ്രൂപ്പുഘട്ടത്തില്‍ രണ്ടു വ്യത്യസ്തമായ പ്ലെയിങ് ഇലവനുകളായിരിക്കും കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിക്കുക. കാരണം സൂപ്പര്‍ ഫോര്‍ മുതല്‍ പോരാട്ടം കൂടുതല്‍ കടുപ്പമാവും.

യുഎഇ, പാക് എന്നിവര്‍ക്കെതിരേ ഒരേ ഇലവനെ നിലനിര്‍ത്തിയ ശേഷം ഒമാനെതിരേയാവും ഇലവനില്‍ ഗംഭീര്‍ അഴിച്ചുപണി നടത്തുക. എങ്ങനെയായിരുക്കും വ്യത്യസ്ത ലുക്കിലുള്ള ഇന്ത്യന്‍ ലൈനപ്പെന്നു നമുക്കു പരിശോധിക്കാം.
ആദ്യ രണ്ടു മാച്ചിലെ ടീം
യുഎഇ, പാകിസ്താന്‍ എന്നിവരുമായുള്ള മല്‍സരങ്ങളില്‍ ഒരേ ലുക്കിലുള്ള ഇന്ത്യന്‍ ടീമിനെ നമുക്കു പ്രതീക്ഷിക്കാം. യുവ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമായിരിക്കും ടീമിന്റെ ഓപ്പണിങ് ജോടികള്‍. ഇതോടെ സഞ്ജു സാംസണിനു മധ്യനിരയിലേക്കു മാറേണ്ടിയും വരും.
മൂന്നാം നമ്പറില്‍ ലോക രണ്ടാം നമ്പര്‍ ബാറ്റര്‍ കൂടിയായ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുണ്ടാവും. അദ്ദേഹത്തെ അവിടെ നിന്നും മാറ്റാന്‍ ഗൗതം ഗംഭീര്‍ താല്‍പ്പര്യം കാണിക്കില്ല. അതിനു ശേഷം നാലില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തിനു ശേഷം അഞ്ചായിരിക്കും സഞ്ജുവിന്റെ പുതിയ പൊസിഷന്‍.
ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉറപ്പിക്കാം. ഏഴാം നമ്പറില്‍ ഫിനിഷറായ റിങ്കു സിങുണ്ടാവും. തുടര്‍ന്നു എട്ടാമന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയുണ്ട്. തുടര്‍ന്നു ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരുമെത്തുന്നതോടെ ഇലവന്‍ പൂര്‍ത്തിയാവും.
ഇലവന്‍ ഇങ്ങനെ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
രണ്ടാമത്തേതില്‍ മാറ്റമെന്ത് ?
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒമാനുമായുള്ള കളി ഇന്ത്യക്കു അപ്രസക്തമായി മാറും. ടീമില്‍ അവസരം ലഭിക്കാതെ പുറത്തിരുന്നവരെയെല്ലാം ഈ കളിയില്‍ പരീക്ഷിക്കാനായിരിക്കും ഗൗതം ഗംഭീര്‍ ശ്രമിച്ചേക്കുക.

ടോപ്പ് ഫോറില്‍ അദ്ദേഹം മാറ്റം വരുത്തിയേക്കില്ല. ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെ ഈ റോളുകളില്‍ തുടരും. പക്ഷെ സഞ്ജു സാംസണിനു പകരം ജിതേഷ് ശര്‍മ ടീമിലേക്കു വരും. എന്നാല്‍ ഏഴാമനായിട്ടാവും അദ്ദേഹം കളിച്ചേക്കുക.
അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യയിറങ്ങു മ്പോള്‍ ആറില്‍ റിങ്കു സിങിനു പകരം ശിവം ദുബെയെത്തും. തുടര്‍ന്നായിരിക്കും ജിതേഷ് ബാറ്റിങിനെത്തുന്നത്. എട്ടില്‍ അക്ഷര്‍ പട്ടേല്‍ തുടരുമെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിക്കു പകരം കുല്‍ദീപ് യാദവെത്തും.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ബ്രേക്ക് നല്‍കി പകരം ഹര്‍ഷിത് റാണയെ വിളിക്കും. അര്‍ഷ്ദീപ് സിങിനായിരിക്കും പേസാക്രമണത്തിന്റെ ചുമതല. ഈ രണ്ടു വ്യത്യസ്ത ലൈനപ്പിനെ ഇറക്കിയാല്‍ ഇന്ത്യന്‍ സ്‌ക്വാഡിലെ 15 പേരെയും പരീക്ഷിക്കാനും ഇന്ത്യക്കു സാധിക്കും.
ഇലവന്‍ ഇങ്ങനെ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.