ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുകയാണ്. ഇന്ന് രാത്രി എട്ട് മണിക്ക് ഷെയ്ഖ് സയ്യീദ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നത്തെ മത്സരം യോഗ്യതാ മത്സരങ്ങളുടെ കാര്യത്തില്‍ അപ്രധാനമായിരിക്കുമെങ്കിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിന് മുമ്പുള്ള മത്സര സമയവും ജോലിഭാരവും സന്തുലിതമാക്കുന്ന കാര്യത്തില്‍ ഇതിന് സവിശേഷതയുണ്ട്.
നേരത്തെ തന്നെ സൂപ്പര്‍ 4 ഉറപ്പിച്ച ഇന്ത്യന്‍ നിരയില്‍ നിന്ന് പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും എന്നാണ് വിവരം. ഇതുവരെ കളിച്ച ഇലവനില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വലിയ മാറ്റങ്ങള്‍ നടത്തിയേക്കില്ലെങ്കിലും ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. സെപ്റ്റംബര്‍ 21, 24, 26 തീയതികളില്‍ആണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഉള്ളത്.

സെപ്റ്റംബര്‍ 28 നാണ് ഏഷ്യാ കപ്പിലെ കലാശ പോരാട്ടം. ഈ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യക്ക് ഏഴ് ദിവസത്തിനുള്ളില്‍ നാല് മത്സരങ്ങള്‍ കളിക്കേണ്ടി വന്നേക്കാം. അതിനാല്‍ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് ടീം തങ്ങളുടെ ഏറ്റവും മാരകമായ ഫാസ്റ്റ് ബൗളറെ ഫിറ്റ് ആയി നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ മത്സരങ്ങള്‍ക്കിടയില്‍ നല്ലൊരു ഇടവേള ബുംറയ്ക്ക് ലഭിക്കും.
മത്സരക്ഷമത കണക്കിലെടുക്കുമ്പോള്‍, 30 വയസ്സുകാരനായ ബുംറയ്ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താല്‍പ്പര്യമുണ്ടാകില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന വലിയ വെല്ലുവിളികള്‍ക്കായി ബുംറയ്ക്ക് വിശ്രമം നല്‍കേണ്ടതിന്റെ പ്രാധാന്യം മാനേജ്‌മെന്റ് തിരിച്ചറിയും. ബുംറയ്ക്ക് വിശ്രമം നല്‍കിയാല്‍, പകരക്കാരനായി ഇടംകൈയ്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗ് എത്താനായിരിക്കും സാധ്യത.
ഇന്ത്യ മള്‍ട്ടി-സ്‌കില്‍ഡ് ഓപ്ഷനുകളും വിപുലമായ ബാറ്റിംഗ് ഡെപ്ത്തും തിരഞ്ഞെടുത്തതിനാല്‍ അര്‍ഷ്ദീപ് സിംഗിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല, എന്നാല്‍ ഈ മത്സരം അദ്ദേഹത്തിന് ഇലവനില്‍ ഇടം നേടാന്‍ അവസരം നല്‍കിയേക്കാം. ടി 20യില്‍ 100 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിന് ഒരു വിക്കറ്റ് മാത്രം അകലെയാണ് അര്‍ഷ്ദീപ് സിംഗ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചാല്‍ അര്‍ഷ്ദീപിന് ചരിത്രം കുറിക്കും.
എന്നാല്‍ ഗംഭീര്‍ കുറച്ചുകൂടി പരീക്ഷണം നടത്താനാണ് ആഗ്രഹിക്കുന്നത് എങ്കില്‍, സ്പിന്നര്‍മാരില്‍ ഒരാള്‍ക്ക് ഇടവേള നല്‍കി ഹര്‍ഷിത് റാണയും ടീമിലേക്ക് വന്നേക്കാം. എന്നാല്‍ ബാറ്റിംഗില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല. യുഎഇക്കും പാകിസ്ഥാനുമെതിരായ ഏകപക്ഷീയമായ വിജയങ്ങള്‍ മധ്യനിരയ്ക്ക് സ്ഥിരത കൈവരിക്കാന്‍ ചെറിയ അവസരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ.
ഒമാനെതിരെയുള്ള മത്സരത്തിലൂടെ സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ തുടങ്ങിയ കളിക്കാര്‍ക്ക് ആവശ്യമായ മത്സര പരിശീലനം നേടാന്‍ കഴിയും. അഫ്ഗാനിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരായ സൂപ്പര്‍ ഫോറിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി ബാറ്റിംഗ് ഓര്‍ഡര്‍ ചെറുതായി പുനഃക്രമീകരിക്കാന്‍ ഗംഭീര്‍ ഈ മത്സരം ഉപയോഗിച്ചേക്കാം. ദുബായിയെ അപേക്ഷിച്ച് സ്പിന്നിന് അനുകൂലമല്ലാത്ത അബുദാബിയിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ ഒരു അധിക പേസര്‍ കൂടി കളത്തിലിറക്കാന്‍ പ്രേരിപ്പിച്ചേക്കാം.
ഇന്ത്യയുടെ സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി