ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് സിംഹാസനത്തില്‍ ഒരിക്കല്‍ക്കൂടി രാജാക്കന്‍മാരായി ടീം ഇന്ത്യ വിലസുമോ? അതോ, ഇന്ത്യന്‍ ആധിപത്യം അവസാനിപ്പിച്ച് ബദ്ധവൈരികളായ പാകിസ്താന്‍ അതു തട്ടിയെടുക്കുമോ? എല്ലാത്തിനും ഉത്തരം ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ നാളെ രാത്രി ഇന്ത്യയും പാകിസ്താനും മുഖാമുഖം വരികയാണ്.
മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ടൂര്‍ണമെന്റില്‍ ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. നേരത്തേ രണ്ടു തവണയും പാക്പടയുടെ കഥ കഴിക്കാന്‍ സൂര്യകമാര്‍ യാദവിനും സംഘത്തിനുമായയിരുന്നു. ഇനി ഫൈനലിലും അവരെ തീര്‍ത്ത് തലുയര്‍ത്തി മടങ്ങുകയാവും ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ പാകിസ്താന് ഇതു അഭിമാനപ്പോരാണ്. കഴിഞ്ഞ രണ്ടു കളിയിലെയും നിരാശയും ദുഖവും മായ്ക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പാക് പട ഫൈനലില്‍ ആഗ്രഹിക്കില്ല. അതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ ഫൈനലില്‍ ഉറപ്പിക്കാം. ആരാവും ഇത്തവണ ഫൈനലില്‍ വിജയം കൊയ്യുകയെന്നും വിജയ മാര്‍ജിന്‍ എത്രയാവുമെന്നും എഐ പ്രവചിച്ചിരിക്കുകയാണ്. ഇതേ കുറിച്ചറിയാം.
വേദിയും സാഹചര്യങ്ങളും
ഇന്ത്യ-പാകിസ്താന്‍ ഫൈനലിന്റെ വേദിയായ ദുബായ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങിനു ഏറെ യോജിച്ചതാണ്. എന്നാല്‍ കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്കു ഇവിടെ സഹായം ലഭിക്കും. വൈകി മഞ്ഞുവീഴ്തയ്ക്കു സാധ്യതയുള്ളതിനാല്‍ റണ്‍ചേസ് കൂടുതല്‍ എളുപ്പമായി മാറുകയും ചെയ്യും.
119 ടി20കളാണ് ഈ വേദയില്‍ ഇതിനകം കളിച്ചിട്ടുള്ളത്. അതില്‍ 55 മല്‍സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ 63 എണ്ണത്തില്‍ ജയിച്ചത് റണ്‍ചേസ് നടത്തിയവരാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തന്നെയാണ് ഫൈനലിലെങ്കില്‍ 170-180 റണ്‍സ് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കു നേടാം.
എന്നാല്‍ പാകിസ്താനാണ് ആദ്യം ബാറ്റ് ചെയ്യുകയെങ്കില്‍ 150നടുത്ത് റണ്‍സ് പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിന്റെ അഭിപ്രായം. സമീപകാലത്തെ പാക് ടീമിന്റെ മോശം ഫോമാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
പ്രവചനം ഇങ്ങനെ
ഏഷ്യാ കപ്പ് ഫൈനലിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണെന്നാണ് എഐയുടെ പ്രവചനം. കണക്കുകളും ചരിത്രവും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ ഫൈനലില്‍ ഇന്ത്യന്‍ വിജയസാധ്യത 75-80 ശതമാനമാണ്. എന്നാല്‍ റണ്‍ചേസാണെങ്കില്‍ ജയസാധ്യത 65-70 ശതമാനവുമാണ്.
ഇനി ഫൈനലിലെ സ്‌കോറിനെ കുറിച്ച് പ്രവചിക്കുകയാണെങ്കില്‍ പാകിസ്താനാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 135-145 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ടീം ഇതു 17-18 ഓവറുകളില്‍ ചേസ് ചെയ്തു വിജയിക്കുകയും ചെയ്യും
കലാശക്കളിയില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുകയെങ്കില്‍ 175-185 റണ്‍സ് വരെ അടിച്ചെടുക്കുമെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. റണ്‍ചേസില്‍ പാകിസ്താനു 150ല്‍ താഴെ റണ്‍സ് മാത്രമേ നേടാനും സാധിക്കുകയുള്ളൂ.

പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് നിരയുടെ മോശം ഫോം പരിഗണിക്കുമ്പോള്‍ ടോസിനു ശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്താല്‍ മാത്രമേ നേരിയ വിജയസാധ്യതയുള്ളൂവെന്നും എഐ വിലയിരുത്തി. ഫൈനലില്‍ പാകിസ്താനു ടോസ് ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനത്തില്‍ പറയുന്നു.
ഫൈനലില്‍ ശ്രദ്ധിക്കേണ്ട താരങ്ങളായി ഇന്ത്യയുടെ മൂന്നു പേരെയാണ് എഐ തിരഞ്ഞെടുത്തത്. ഇതിലൊരാള്‍ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ്. കൂടാതെ മധ്യനിരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഫൈനലില്‍ മിന്നിച്ചേക്കാവുന്ന മറ്റുള്ളവരെന്നും പ്രവചനത്തില്‍ പറയുന്നു.