ദുബായ്: ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനല്‍ യാഥാഥ്യമാവുകയാണ്. ഞായറാഴ്ച രാത്രി എട്ടിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ നടക്കാനിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോറിലെ നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാക് പടയുടെ ഫൈനല്‍ പ്രവേശനം.
ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു തവണ പാക് പടയെ മലര്‍ത്തിയടിച്ച സൂര്യകുമാര്‍ യാദവും സംഘവും ഹാട്രിക് ജയമായിരിക്കും കലാശക്കളിയില്‍ ലക്ഷ്യമിടുക. നിലവില്‍ ഇന്ത്യ തന്നെയാണ് ഫൈനലിലെയും ഫേവറിറ്റുകളെന്നതില്‍ സംശയമില്ല. എന്നാല്‍ പാകിസ്താനെ പൂര്‍ണമായി എഴുതിത്തള്ളാനും സാധിക്കില്ല.

കഴിഞ്ഞ മല്‍സരങ്ങളില്‍ ചില അബദ്ധങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ടെന്നു കാണാം. ഫൈനലില്‍ പാകിസ്താനെതിരേ ഇവ തീര്‍ച്ചയായും ഒഴിവാക്കിയേ തീരൂ, ഇല്ലെങ്കില്‍ പാക് ടീമില്‍ നിന്നും വലിയൊരു ഷോക്കും ഇന്ത്യക്കു നേരിട്ടേക്കും. ഇന്ത്യ തിരുത്തേണ്ട തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.
കസേര കളി നിര്‍ത്തൂ
പാകിസ്താനുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ ടീം ഒഴിവാക്കേണ്ട ആദ്യത്തെ അബദ്ധം ബാറ്റിങില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ കസേര കളി അവസാനിപ്പിക്കുകയെന്നയാണ്. ടീമിന്റെ ടോപ്പ് ഫൈവില്‍ യാതൊരു പരീക്ഷണങ്ങള്‍ക്കും ഇന്ത്യ തുനിയാന്‍ പാടില്ല.
ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മാച്ചില്‍ ശിവം ദുബെയെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാനുള്ള നീക്കം വന്‍ ദുരന്തമായിരുന്നു. ഇതു ബാറ്റിങിന്റെയാകെ താളം തെറ്റിക്കുകയും ചെയ്തു. ഫൈനലിലെ സാഹചര്യം എന്തു തന്നെയാണെങ്കിലും ബാറ്റിങ് ഓര്‍ഡര്‍ ഫിക്‌സഡായിരിക്കണം.
അഭിഷേക് ശര്‍മ- ശുഭ്മന്‍ ഗില്‍ ജോടി ഓപ്പണ്‍ ചെയ്യുമ്പോള്‍ പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരും കളിക്കണം. അതിനു ശേഷം വേണമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെയും ശിവം ദുബെയെയും പരസ്പരം മാറ്റിയാലും കുഴപ്പമില്ല. പക്ഷെ ടോപ്പ് ഫൈവില്‍ ഒരു മാറ്റത്തിനും ഇന്ത്യ ശ്രമിക്കരുത്.
ബുംറയോടു അതു പാടില്ല
ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മണ്ടത്തരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറുടെ നാലോവറുകളില്‍ മൂന്നും പവര്‍പ്ലേയില്‍ തന്ന എറിയിക്കുന്നുവെന്നതാണ്. ഫൈനലില്‍ ഇതൊരിക്കലും പാടില്ല. കാരണം ഡെത്ത് ഓവറില്‍ ബുംറയുടെ സേവനം തീര്‍ച്ചയായും ടീമിനു ആവശ്യമാണ്.
അര്‍ഷ്ദീപ് സിങ് ടീം കോമ്പിനേഷന്റെ ഭാഗമല്ലാത്തതിനാല്‍ പവര്‍പ്ലേയില്‍ ഇന്ത്യക്കു വിശ്വസിച്ചു പന്തേല്‍പ്പിക്കാവുന്നയാള്‍ ബുംറയാണ്. അതിനാല്‍ അവസാനത്തെ അഞ്ചോവറിലേക്കു അദ്ദേഹത്തിന്റെ രണ്ടോവറെങ്കിലും ഇന്ത്യ മാറ്റിവയ്ക്കണം. പവര്‍പ്ലേയില്‍ രണ്ടില്‍ക്കൂടുതല്‍ ഓവറുകള്‍ ബുംറയെ കൊണ്ട് എറിയിക്കാതിരിക്കാന്‍ ശ്രദ്ധിച്ചേ തീരൂ. ഇല്ലെങ്കില്‍ ഫൈനലില്‍ ടീമിനു വലിയ വില നല്‍കേണ്ടി വന്നേക്കും.

കൈ ചോരരുത്
പാകിസ്താനുമായുള്ള കിരീടപ്പോരില്‍ ഇന്ത്യ ഒഴിവാക്കേണ്ട മറ്റൊരു അബദ്ധം ഫീല്‍ഡിങില്‍ വരുത്തുന്ന പിഴവുകളാണ്. ഈ ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ താരങ്ങളുടെ കൈകള്‍ ചോരുന്നത് ദയനീയ കാഴ്ചയാണ്. ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ 12 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇത്രയുമധികം ക്യാച്ചുകള്‍ പാഴാക്കിയ മറ്റൊരു ടീം ടൂര്‍ണമന്റില്‍ വേറെയില്ല.
ക്യാച്ചിങില്‍ ആവര്‍ത്തിക്കുന്ന ഈ പിഴവിന് ഇനി മാപ്പില്ല. സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ നാലും ബംഗ്ലാദേശിനെതിരേ അഞ്ചും ക്യാച്ചുകളണ് ഇന്ത്യന്‍ താരങ്ങള്‍ താഴെയിട്ടത്. ഇനി ഫൈനലിനും ഇതു തുടര്‍ന്നാല്‍ ഇന്ത്യക്കു വലിയ വില തന്നെ നല്‍കേണ്ടി വന്നേക്കും.