ദുബായ്: ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പാകിസ്താനെ കൊമ്പുകുത്തിച്ച് ടീം ഇന്ത്യ. തുടരെ രണ്ടാമത്തെ കളിയിലും ബൗളിങ് നിര കത്തിക്കയറിയപ്പോള്‍ സല്‍മാന്‍ ആഗയ്ക്കും സംഘത്തിനും മറുപടിയില്ലായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദമുയര്‍ത്താതെയാണ് പാക് പട കീഴടങ്ങിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഏഴു വിക്കറ്റിന്റെ മിന്നും വിജയമാണ് ആഘോഷിച്ചത്.
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാക് ടീമിനു 128 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമേ ഇന്ത്യക്കു മുന്നില്‍ വയ്ക്കാനായുള്ളൂ. കാര്യമായി വിയര്‍ക്കാതെ തന്നെ 15.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും വിജയത്തിലെത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാ ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്കും മുന്നേറിയിരിക്കുകയാണ്.

പട നയിച്ച് സൂര്യ
പാകിസ്താനെതിരേ ക്യാപ്റ്റന്റെ കളി കെട്ടഴിട്ട നായകന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ വിജയം എളുപ്പമാക്കി. പുറത്താവാതെ 47 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത് അദ്ദേഹമാണ്. 37 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് സ്‌കൈയുടെ ഇന്നിങ്‌സ്. പാകിസ്താനെതിരേ ടി20യില്‍ അദ്ദേഹത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
അഭിഷേക് ശര്‍മ (31) ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ മിന്നിച്ചപ്പോള്‍ തിലക് വര്‍മയും (31) ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ശുഭ്മന്‍ ഗില്ലാണ് (10) പുറത്തായ മറ്റൊരു താരം. മലയാളി താരം സഞ്ജു സാംസണിനെ ഈ കളിയില്‍ ഇന്ത്യ ബാറ്റിങിനു ഇറക്കിയില്ല. പകരം ശിവം ദുബെയാണ് (10*) അഞ്ചാമനായി ഇറങ്ങിയത്.
പത്തി മടക്കി പാകിസ്താന്‍
വലിയൊരു ടോട്ടലുമായി ഇന്ത്യയെ റണ്‍ചേസില്‍ ബാക്ക്ഫൂട്ടിലാക്കാനുള്ള പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ആഗയുടെ പ്ലാന്‍ ദയനീയമായി പരാജയപ്പെട്ടു. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 127 റണ്‍സ് മാത്രമേ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഈ ടോട്ടലാവട്ടെ ഇന്ത്യക്കു ഒട്ടും തന്നെ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.
ഒരു സമയത്തു എട്ടു വിക്കറ്റിനു 97ലേക്കു കൂപ്പുകുത്തി ഇന്ത്യ 110 റണ്‍സ് പോലും നേടുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ വാലറ്റത്ത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയുടെ മിന്നല്‍ പ്രകടനം അവരെ 127ലെത്തിക്കുകയായിരുന്നു. വെറും 16 ബോളില്‍ നാലു സിക്‌സറടക്കം പുറത്താവാതെ 33 റണ്‍സാണ് ഷഹീന്‍ വാരിക്കൂട്ടിയത്.
ഷഹീനെക്കൂടാതെ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനാണ് (40) പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും ഉറച്ചുനിന്ന ഫര്‍ഹാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറുകയായിരുന്നു. 44 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഫഖര്‍ സമാന്‍ (17), ഫഹീം അഷ്‌റഫ് (11), സൂഫിയാന്‍ മുഖ്വീം (10) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ടീമിന്റെ അന്തകനായത്. ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും രണ്ടു വീതം വിക്കറ്റുകളുമായി മികച്ച പിന്തുണയേകി.
ടോസിനു ശേഷം പാക് നായകന്‍ സല്‍മാന്‍ ആഗ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ തന്നെ നിലനിര്‍ത്തിയാണ് രണ്ടു ടീമുകളും ഇറങ്ങിയത്. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ തിരിച്ചുവിളിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

മറുഭാഗത്തു പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിനെ പാകിസ്താനും ഇലവനിലേക്കു കൊണ്ടുവന്നേക്കുമെന്നായിരുന്നു സൂചനകള്‍. പക്ഷെ ആദ്യ കളിയിലെ വിന്നിങ് കോമ്പിനേഷനെ മാറ്റാന്‍ അവര്‍ തയ്യാറായില്ല. ആദ്യ മല്‍സരങ്ങളില്‍ തികച്ചും ഏകപക്ഷീയമായിട്ടാണ് ഇന്ത്യയും പാകിസ്താനും ജയിച്ചുകയറിയത്. ആതിഥേയരായ യുഎഇയെ ഇന്ത്യ ഒമ്പതു വിക്കറ്റിനു മുക്കിയപ്പോള്‍ പാകിസ്താന്‍ 93 റണ്‍സിനു ഒമാന്റെയും കഥ കഴിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്താന്‍- സയീം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.