ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീമിനെ കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കുമെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ ടീമിനെ സര്‍പ്രൈസുകളിലൊന്ന് ടെസ്റ്റ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരാണ്.
ഒരു ഇടവേളയ്ക്കു ശേഷമാണ് ടി20 ടീമിലേക്കു അദ്ദേഹം തിരിച്ചെത്തുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും ഗില്ലിനു ലഭിക്കുമെന്നാണ് സൂചനകള്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച മറ്റൊരാള്‍.
ഐസിസി റാങ്കിങില്‍ നിലവില്‍ ഒന്നാംസ്ഥാനത്തുള്ള അഭിഷേക് ശര്‍മയും ടീമിന്റെ ഭാഗമാവുമെന്നാണ് വിവരം. പക്ഷെ യുവ ഇടംകൈയന്‍ ബാറ്ററും അഗ്രസീവ് ബാറ്ററുമായ യശസ്വി ജയ്‌സ്വാള്‍ തഴയപ്പെട്ടേക്കും.

ഓപ്പണിങില്‍ ആരൊക്കെ?
അവസാനമായി ഇന്ത്യ കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഗൗതം ഗംഭീറിന്റെ ഈ പുതി. ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. നേരത്തേ ഇന്ത്യക്കായി ടി20യില്‍ സഞ്ജു മധ്യനിരയിലെ വ്യത്യസ്ത പൊസിഷനുകളിലാണ് ബാറ്റ് ചെയ്തിരുന്നത്. ഇവിടെയൊന്നും വേണ്ടത്ര ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.
എന്നാല്‍ ഗംഭീറിന്റെ വരവിനു ശേഷം ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ സഞ്ജു ആളാകെ മാറി. കഴിഞ്ഞ മൂന്നു പരമ്പരകളിലായി മൂന്നു സെഞ്ച്വറികളാണ് അദ്ദേഹം കുറിച്ചത്. മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ലാത്ത നേട്ടം കൂടിയാണത്.
പക്ഷെ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തുന്നതോടെ ഏഷ്യാ കപ്പില്‍ സഞ്ജുവിനു തന്റെ ഓപ്പണിങ് റോള്‍ വിട്ടു കൊടുക്കേണ്ടതായി വന്നേക്കും. കാരണം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിലടക്കം ഓപ്പണറായിട്ടാണ് ഗില്‍ കളിച്ചുകൊണ്ടിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജിടിക്കായി 600 പ്ലസ് റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. അതിനാല്‍ ഏഷ്യാ കപ്പിലും ഗില്‍ ഓപ്പണിങില്‍ തുടരാനുള്ള സാധ്യത കൂടുതലാണ്.
അഭിഷേക് നേരത്തേ തന്നെ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചതാണ്. ഇപ്പോള്‍ റാങ്കിങിലും തലപ്പത്തേക്കു വന്നതോടെ അദ്ദേഹം ഇതു ഒന്നുകൂടി ഭദ്രമാക്കുകയും ചെയ്തു. അഭിഷേകും ഗില്ലും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുന്നതോടെ സഞ്ജുവിവു പുതിയ റോളിലേക്കു മാറേണ്ടിയും വരും.

മൂന്നാം നമ്പര്‍ നല്‍കൂ
ഏഷ്യാ കപ്പില്‍ ഓപ്പണിങ് റോള്‍ അസാധ്യമാണെങ്കില്‍ സഞ്ജു സാംസണിനു ഏറ്റവും അനുയോജ്യമായ പൊസിഷന്‍ മൂന്നാണ്. കരിയറില്‍ അദ്ദേഹം കൂടുതല്‍ കളിച്ചിട്ടുള്ളതും ഇവിടെ തന്നെ. പക്ഷെ അതു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണെന്നു മാത്രം. റോയല്‍സിിനായി മൂന്നാം നമ്പറില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്.
ഇന്ത്യക്കു വേണ്ടി വെറും മൂന്നു ടി20കളില്‍ മാത്രമേ അദ്ദേഹം വണ്‍ഡൗണായി കളിച്ചിട്ടുള്ളൂ. എന്നാല്‍ വിവിധ ടീമുകള്‍ക്കായി ഇതുവരെ കളിച്ചിട്ടുള്ള 291 ഇന്നിങ്‌സുകളില്‍ 133ലും സഞ്ജു ബാറ്റ് ചെയ്തത് മൂന്നാം നമ്പറിലാണ്.
4136 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 35.65 ശരാശരിയോടെയാണിത്. ആകെയുള്ള ടി20 കരിയര്‍ ശരാശരിയേക്കാള്‍ (29.68) മികച്ചതാണിത്. മൂന്നാമനായി മൂന്നു സെഞ്ച്വറികളും 1 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.
അതിനാല്‍ എഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍- അഭിഷേക് ശര്‍മ ജോടി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാംനമ്പര്‍ തീര്‍ച്ചയായും സഞ്ജുവിനു നല്‍കാം. എന്നാല്‍ മൂന്നിലേക്കു അദ്ദേഹം വരുന്നതോടെ പണി കിട്ടുക യുവതാരം തിലക് വര്‍മയ്ക്കാണ്.
അവസാനത്തെ കുറച്ചു ടി20കളില്‍ അദ്ദേഹം ഈ പൊസിഷനില്‍ ബാറ്റ് ചെയ്തത്. രണ്ടു സെഞ്ച്വറികളടക്കം തിലക് നേടുകയും ചെയ്തു.എന്നാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു അഞ്ചിലേക്കു മാറേണ്ടി വരും. നാലാം നമ്പറിന്റെ അവകാശി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്.