അബുദാബി: ഏഷ്യാ കപ്പിലെ അവസാന ലീഗ് മല്‍സരത്തില്‍ വലിയൊരു അട്ടിമറിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, അസോസിയേറ്റ് ടീമായ ഒമാനെ കളി പഠിപ്പിക്കാനുറച്ച് ഇറങ്ങിയ സൂര്യമാര്‍ യാദവിനും സംഘത്തിനും അപ്രതീക്ഷിത ഷോക്കാണ് നേരിട്ടത്. 21 റണ്‍സിന്റെ ചെറിയ മാര്‍ജിനിലുള്ള ജയവുമായി ഇന്ത്യ തടിതപ്പുകയായിരുന്നു.
ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിര റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ പരിചയസമ്പത്ത് തീരെ കുറഞ്ഞ ഒമാന്‍ ടീം വളരെ അനായാസമാണ് ബാറ്റ് വീശിയത്. ഇന്ത്യ നല്‍കിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മാന്‍ മൂന്നക്കം കടക്കുമെന്നു ആരും പ്രതീക്ഷിച്ചതല്ല. പക്ഷെ വീറുറ്റ ബാറ്റിങ് പുറത്തെടുത്ത അവര്‍ 167 റണ്‍സ് വരെയെത്തി. ഇന്ത്യക്കു വീഴ്ത്താനായത് വെറും നാലുവി വിക്കറ്റുകള്‍ മാത്രം.

ഒമാനെ സംബന്ധിച്ച് ഈ തോല്‍വി യഥാര്‍ഥത്തില്‍ ജയത്തിനു തുല്യമാണ്. മറുഭാഗത്ത് സൂപ്പര്‍ ഫോറിനു മുമ്പ് ഇന്ത്യക്കു ഒട്ടും സംതൃപ്ത നല്‍കുന്നതല്ല ഈ നിറംകെട്ട ജയം. ഒമാനു ജയിക്കാമായിരുന്ന കളിയിലെ ടേണിങ് പോയിന്റ് ഒരു ബ്രില്ല്യന്‍സായിരുന്നു. സൂര്യയും സംഘവും കളി മാറ്റിയ ആ സംഭവം എന്താണെന്നറിയാം.
ഒമാന്‍ കളി കൈവിട്ടത് എവിടെ?
189 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഒമാന്‍ വളരെ ബുദ്ധിപൂര്‍വ്വമാണ് ബാറ്റ് വീശിയത്. വലിയ റിസ്‌കുകളെടുത്ത് വിക്കറ്റ് വലിച്ചെറിയുന്നതിനു പകരം ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി വിക്കറ്റ് കാത്തു സൂക്ഷിച്ച ശേഷം പിന്നീട് ഗിയര്‍ മാറ്റാനായിരുന്നു പ്ലാന്‍. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
ആദ്യക്കെ രണ്ടു വിക്കറ്റുകളിലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഒമാന്‍ ടീം ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്- ആമിര്‍ കലീം സഖ്യം ടീം സ്‌കോറിലേക്കു 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ കലീം - ഹമ്മാദ് മിര്‍സ സഖ്യം 93 റണ്‍സും അടിച്ചെടുത്തു. ഇതോടെയാണ് ഇന്ത്യ പരാജയം മുന്നില്‍ കണ്ടത്.
ശിവം ദുബെയെറിഞ്ഞ 15ാം ഓവറില്‍ 16 റണ്‍സും കുല്‍ദീപ് യാദവിന്റെ അടുത്ത ഓവറില്‍ 15 റണ്‍സും കലീം-മിര്‍സ ജോടി അടിച്ചെത്തിരുന്നു. അര്‍ഷ്ദീപ് സിങിന്റെ 17ം ഓവറില്‍ 10 റണ്‍സും വന്നു. ഹര്‍ഷിത് റാണയ്ക്കായിരുന്നു 18ാം ഓവറിലെ ആദ്യ രണ്ടു ബോളിലും ഫോറടിച്ചാണ് കലീം അദേഹത്തെ വരേറ്റത്. ഇതോടെ ഒമാന് ജയിക്കാന്‍ 15 ബോളില്‍ വേണ്ടത് 40 റണ്‍സ്. ഇന്ത്യ പരാജയം മണത്തു തുടങ്ങിയ നിമിഷങ്ങള്‍.
ഹര്‍ഷിത്തിന്റെ അടുത്ത ബോളില്‍ കലീമിന് റണ്ണെടുക്കാനായില്ല. തൊട്ടടുത്ത ബോളിലായിരുന്നു കളിയിലെ ടേണിങ് പോയിന്റ്. ഇന്ത്യ ജയിച്ചതും ഒമാന്‍ കളി കൈവട്ടതും അവിടയാണ്. ഉറപ്പായും സിക്‌സറാവേണ്ടിയിരുന്ന കലീമിന്റെ ഷോട്ട് ഹാര്‍ദിക് പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു.

ഫൈന്‍ ലെഗിലേക്കു മിന്നല്‍ വേഗത്തില്‍ പറന്ന ബോള്‍ ഹാര്‍ദിക് തന്റെ വലതു വശത്തേക്കു ഓടിയ ശേഷം ബൗണ്ടറി ലൈനനു തൊട്ടരികില്‍ വച്ച് റണ്ണിങ് ക്യാച്ചിലൂടെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. ഓട്ടത്തിനിടെ അദ്ദേഹം നിയന്ത്രണം വിട്ട് ബൗണ്ടറി ലൈനില്‍ ചവിട്ടിയിരുന്നെങ്കില്‍ അതു സിക്‌സര്‍ വിളിച്ചേനെ.
പക്ഷെ അസാമാന്യ മേയ്‌വഴക്കത്തോടെ ക്യാച്ചെുത്ത ശേഷം ഓട്ടത്തിനിടെ ബൗണ്ടറി ലൈനില്‍ തട്ടാതെ ഹാര്‍ദിക് റണ്ണിങിനിടെ ശരീരത്തിന്റെ ബാലന്‍സ് കാത്തുസൂക്ഷിക്കുകയായിരുന്നു. ഇതോടെ 46 ബോളില്‍ 64 റണ്‍സെടുത്ത കലീം പുറത്താവുകയും ചെയ്തു.
പുതുതായെത്തുന്ന ഒരു ബാറ്റര്‍ക്കു അത്ര എളുപ്പം സ്‌കോര്‍ ചെയ്യാവുന്ന പിച്ചായിരുന്നില്ല ഇത്. അതുകൊണ്ടു തന്നെ കലീം മടങ്ങിയതോടെ ഒമാന്റെ സ്‌കോറിങ് വേഗതയും കുറഞ്ഞു. 19ാ ഓവറില്‍ ഒരു ഫോറടക്കം വെറു ആറു റണ്‍സ് മാത്രമേ വന്നുള്ളൂ.
ഇതിനിടെ ഫിഫ്റ്റിയോടെ ക്രീസിലുണ്ടായിരുന്ന മറ്റൊരു ബാറ്ററായ മിര്‍സയും (33 ബോളില്‍ 51) മടങ്ങിയതോടെ ഇന്ത്യ വിജയവും ഉറപ്പിക്കുകയായിരുന്നു. ഹാര്‍ദിക്കിന്റെ ആ ക്യാച്ച് സിക്‌സറായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നവുമായിരുന്നുവെന്ന് ഉറപ്പാണ്. കളിയിലെ ടേണിങ് പോയിന്റും അതു തന്നെ.