ദുബായ്: ഏഷ്യാ കപ്പില്‍ ഇത്തവണ എതിരാളികളുടെ പേടിസ്വപ്‌നമായിരിക്കുകയാണ് ടീം ഇന്ത്യ. കിരീടമുയര്‍ത്തണമെങ്കില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ടത് സൂര്യകുമാര്‍ യാദവിനെയും സംഘത്തെയുമാണ്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യയെ ഇനി ആരെങ്കിലും തോല്‍പ്പിക്കുമോയെന്നതും സംശയമാണ്.
ഇന്ത്യക്കും കപ്പിനുമിടയില്‍ ശേഷിക്കുന്നത് ഇനി വെറും മൂന്നു വിജയങ്ങളുടെ ദൂരം മാത്രം. ഇത്തവണ ഇന്ത്യക്കു കിരീടമുയര്‍ത്താനായില്ലെങ്കില്‍ അതാവും ഏറ്റവും വലിയ അദ്ഭുതമെന്നു ഉറപ്പിച്ച് പറയാം. 2022ലായിരുന്നു അവസാനമായി ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ നടന്നത്.
അന്നു രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ ഫൈനല്‍ പോലുമെത്താതെ സൂപ്പര്‍ ഫോറില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാമതായാണ് സൂപ്പര്‍ 4ല്‍ ഇന്ത്യ ഫിനിഷ് ചെയ്തത്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ അടിമുടി മാറിയിരിക്കുകയാണ്. എന്തെല്ലാം മാറ്റങ്ങളാണ് ഇന്ത്യയെ ഇത്രയും സൂപ്പറാക്കി മാറ്റിയെതന്നു നോക്കാം.

പുതിയ ഓപ്പണിങ് ജോടികള്‍
2022ലെ ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ ഇപ്പോള്‍ ഇത്രയും സൂപ്പറവാനുള്ള ആദ്യത്തെ കാരണം പുതിയ ഓപ്പണിങ് ജോടികളാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുമായിരുന്നു അന്നു ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്.
എന്നാല്‍ ഇത്തവണ യുവ ബാറ്റിങ് സെന്‍സേഷനുകളായ അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഓപ്പണിങിലുള്ളത്. അന്നു രോഹിത്-രാഹുല്‍ ജോടി നാലു ഇന്നിങ്‌സുകളില്‍ നിന്നും 26 ശരാശരിയില്‍ 142.46 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 104 റണ്‍സായിരുന്നു.
അതേസമയം, അഭിഷേക്-ഗില്‍ സഖ്യം അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണ്. നാലിന്നിങ്‌സുകളില്‍ നിന്നും 45.25 ശരാശരിയില്‍ 175.72 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 181 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 2022ലെ ഇന്ത്യന്‍ ഓപ്പണിങ് എത്ര മാത്രം സ്ലോയും വിരസവുമായിരുന്നുവെന്നു ഈ കണക്കുകള്‍ തെളിയിക്കുന്നു.
രാഹുലിനെ ടി20യില്‍ നിന്നും ഒഴിവാക്കി കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന അഭിഷേകിനെ പോലെയുള്ളവരെ ടീമിലേക്കു കൊണ്ടു വന്നതിന് കോച്ച് ഗൗതം ഗംഭീര്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. ടൂര്‍ണമെന്റില്‍ മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ ആഭിഷേക്- ഗില്‍ ജോടിക്കു സാധിക്കുവെന്നതാണ് ടീമിന്റെ ഒരു പ്രധാന വിജയരഹസ്യം.
ബൗളിങ് പ്ലാന്‍ മാറി
ഏഷ്യാ കപ്പി്‌ന്റെ 2022ലെയും ഇപ്പോഴത്തെയും ഇന്ത്യന്‍ ടീമിലെ മറ്റൊരു സുപ്രധാന മാറ്റം ബൗളിങ് തന്ത്രം അടിമുടി മാറിയെന്നതാണ്. അന്നു പേസ് ബൗളിങിലായിരുന്നു ഇന്ത്യ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്പിന്നര്‍മാരാണ് ടീമിന്റെ പ്രധാനപ്പെട്ട ആയുധം.
ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ് എന്നിവരായിരുന്നു 2022ലെ ടീമിലെ സ്പിന്നര്‍മാര്‍. അന്നു ടീമില്‍ ഇവരുടെ റോള്‍ വളരെ പരിമിതമായിരുന്നു. പക്ഷെ ഇപ്പോള്‍ ബൗളിങിലെ തുറുുപ്പുചീട്ടുകളാണ് കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ജോടികള്‍.
2022ലെ ടൂര്‍ണമെന്റില്‍ പേസര്‍മാര്‍ 59.79 ശശതമാനം ഓവറുകളും സ്പിന്നര്‍മാര്‍ 40.20 ശതമാന ഓവറുമായിരുന്നു ബൗള്‍ ചെയ്തിരുന്നത്. പേസര്‍മാര്‍ക്കു 70.96% വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കു 29.03 % വിക്കറ്റുകള്‍ ലളിക്കുകയും ചെയ്തു. പക്ഷെ ഇത്തവണ പേസ്- സ്പിന്‍ ഓവര്‍ അനുപാതം 51.93- 48-06 ആയി മാറിയിരിക്കുകയാണ്. 51.83 ശതമാനം വിക്കറ്റുകളും ഇപ്പോള്‍ സ്പിന്നര്‍മാര്‍ക്കാണ്. പേസര്‍മാര്‍ക്കു വീഴ്ത്താനായത് 48.18 ശതമാനം മാത്രവുമാണ്.

ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം
2022ലെ ഏഷ്യാ കപ്പിലെയും ഇത്തവണത്തെ ടൂര്‍ണമെന്റിലെയും ടീമുകശെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു കാര്യം ഓള്‍റൗണ്ടര്‍മാരുടെ എണ്ണത്തിലുള്ള വലിയ അന്തരമാണ്. അന്നു ടീം പ്രധാനമായും ആശ്രയിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അക്ഷര്‍ പട്ടേലിനെ ഒരു കളിയില്‍ ഇറക്കിയപ്പോള്‍ രവീന്ദ്ര ജഡേജയും ദീപക് ഹൂഡയും കളിച്ചത് രണ്ടു വീത മല്‍സരങ്ങളില്‍ മാത്രം.
പക്ഷെ ഹാര്‍ദിക്, അക്ഷര്‍ എന്നിവരെക്കൂടാതെ ശിവം ദുബെ, അഭിഷേക് ശര്‍മ, തിലക് വര്‍മ തുടങ്ങി ബാറ്റിങിനൊപ്പം ബൗളിങും ചെയ്യാന്‍ ശേഷിയുള്ള പലരും സംഘത്തിലുണ്ട്. ഇതു തീര്‍ച്ചയായും വലിയ പ്ലസ് പോയിന്റ് തന്നെയാണ്.