ഐസിസിയുടെ ചാംപ്യന്‍ന്‍സ് ട്രോഫിക്കു ശേഷം ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കു വീണ്ടും വേദിയൊരുങ്ങുന്നു. അടുത്ത മാസം ഒമ്പതിനു ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലാണ് ബദ്ധവൈരികളുടെ പോരാട്ടം. സപ്ംബര്‍ 14നാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ.
സമീപകാലത്തൊന്നും ഒരു ടൂര്‍ണമെന്റിലും ഇന്ത്യയെ വീഴ്ത്താന്‍ പാക്പടയ്ക്കായിട്ടില്ല. ഇതിന്റെയെല്ലാം ക്ഷീണം ഏഷ്യാ കപ്പില്‍ തീര്‍ക്കാനായിരിക്കും അവരുടെ ലക്ഷ്യം. സൂപ്പര്‍ ഫോറും ഫൈനലുമടക്കം മൂന്നു തവണ ഇരുടീമും ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിടയുണ്ട്.
നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയില്‍ നിന്നും കിരീടം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും ശക്തമായ ടീമിനെ ഏഷ്യാ കപ്പില്‍ അണിനിരത്താനൊരുങ്ങുകയാണ് പാകിസ്താന്‍. അവരുടെ സാധ്യതാ ടീം എങ്ങനെയാവുമെന്നു നോക്കാം.

ബാബറിനെ തിരിച്ചുവിളിച്ചേക്കും
മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം ഇപ്പോള്‍ പാകിസ്താന്‍ ടി20 ടീമിന്റെ ഭാഗമല്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നുണ്ട്. ബാബറിന്റെ മടങ്ങിവരവിനെപ്പറ്റി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഏഷ്യാകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ തങ്ങള്‍ക്കു മുതല്‍ക്കൂട്ടായി മാറുമെന്ന പ്രതീക്ഷ തീര്‍ച്ചയായും പാകിസ്താനുണ്ടാവും. മാത്രമല്ല, ഇന്ത്യക്കെതിരേ ചില മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുമുണ്ട്.
2024 ഡിസംബറിലാണ് പാകിസ്താനു വേണ്ടി ബാബര്‍ അവസാനമായി ടി20യില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ പാക് ടീമിന്റെ നിരാശാജനകമായ പ്രകചനത്തിനു ശേഷം അദ്ദേഹം ടി20 കരിയര്‍ അവതാളത്തിലാവുകയായിരുന്നു.
അവസാനമയി കളിച്ച 10 ടി20കളില്‍ 26 ശരാശരിയില്‍ 236 റണ്‍സാണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. അദ്ദേഹത്തിന്റെ നിലവിവെ ഫോമിനേക്കാള്‍ അനുഭവസമ്പത്ത്, ലീഡര്‍ഷിപ്പ് എന്നിവ പരിഗണിച്ച് ഏഷ്യാ കപ്പ് ടീമിലേക്കു വിളിക്കാനാണ് കോച്ച് മൈക്ക് ഹസ്സന്‍ ആലോചിക്കുന്നത്.
പരിക്കു കാരണം വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ഷദാബ് ഖാന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തോൡനേറ്റ പരിക്കു കാരണം മൂന്നു മാസത്തോളം അദ്ദേഹത്തിനു കളിക്കാന്‍ കഴിയില്ല. ഒക്ടോബറില്‍ മാത്രമേ ഷദാബ് ഖാന് തിരികെയെക്കാന്‍ കഴിഞ്ഞേക്കൂയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, വെടിക്കെട്ട് ഇടംകൈയന്‍ ബാറ്ററും ഓപ്പണറുമായ ഫഖര്‍ സമാനും കളിക്കുന്ന കാര്യം സംശയമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് ഫഖറിനുള്ളത്. ഫഖറിന്റെ അസാന്നിധ്യവും ബാബറിനെ ടീമിലേക്കു തിരികെ വിളിക്കാന്‍ പാകിസ്താനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
നിലവില്‍ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഫഖറിന്റെ ഫിറ്റ്‌നസ് പിസിബിയുടെ മെഡിക്കല്‍ ടീം നിരീക്ഷിച്ചു വരികയാണ്. അദ്ദേഹം ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന കാര്യം പിസിബി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോയെന്നത് അനിശ്ചിതത്വത്തില്‍ തന്നെയാണ്.

ടി20യില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സല്‍മാന്‍ അലി ആഗയാണ് ടി20യില്‍ നിലവില്‍ അവരെ നയിക്കുന്നത്.. ഏഷ്യാ കപ്പിലും ആഗ തന്നെ ക്യാപ്റ്റനായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിനു കീഴില്‍ പാക് ടീമിന്റെ ടി20യിലെ പ്രകടനം സമ്മിശ്രമാണെന്നു കാണാം. സിംബാബ്‌വെ, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ ടി20 പരമ്പരകള്‍ ജയിക്കാനായെങ്കിലും കരുത്തരായ ന്യൂസിലാന്‍ഡിനോടു തോല്‍വിയറിഞ്ഞു.
ഏഷ്യാ കപ്പിനുള്ള പാകിസ്താന്റെ സാധ്യതാ ടീം
സയിം അയൂബ്, ബാബര്‍ ആസം, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ഹസ്സന്‍ നവാസ്, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഖുശ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്, സാഹ്‌സദ ഫര്‍ഹാന്‍, ഫഹീം അഷ്‌റഫ്, സൂഫിയാന്‍ മുഖീം, സല്‍മാന്‍ മിര്‍സ.