ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ ടീം നാളെ (ബുധന്‍) രാത്രി ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുകയാണ്. രാത്രി എട്ടു മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിലെ ആദ്യ കടമ്പ വിജയകരമായി പിന്നിട്ട ടീമുകളാണ് ഇരുവരും. അതുകൊണ്ടു തന്നെ തുടരെ രണ്ടാം ജയത്തോടെ ഫൈനലിനു തൊട്ടരികെയെത്താനാലും രണ്ടു പേരുടെയും ലക്ഷ്യം.
അഫ്ഗാനിസ്താനെയും ശ്രീലങ്കയെയും മുന്‍ മല്‍സരങ്ങളില്‍ ഞെട്ടിച്ച ബംഗ്ലാ കടുവകള്‍ ഇനി ഇന്ത്യക്കു ഷോക്ക് നല്‍കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. എന്നാല്‍ അപരാജിത കുതിപ്പ് നടത്തുന്ന സൂര്യകുമാര്‍ യാദവും സംഘവും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാവും.

ഇന്ത്യയും ബംഗ്ലാദശും തമ്മിലുള്ള പോരാട്ടത്തില്‍ ആരാവും ജയിക്കുക? ഒരിക്കല്‍ക്കൂടി വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മയാവുമോ ടീമിന്റെ ഹീറോ? വിജയമാര്‍ജിന്‍ എത്രയാവും? തുടങ്ങി ആരാധകരുടെ മനസ്സിലുള്ള ചോദ്യങ്ങളെ കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ (AI). ഇതേക്കുറിച്ചു നോക്കാം.
പിച്ചും സാഹചര്യങ്ങളും
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ മാച്ചിനു വേദിയാവുന്നത്. പരമ്പരാഗതമായി ഇവിടെ റണ്‍ചേസിങാണ് എളുപ്പമെന്നു കണക്കുകള്‍ പറയുന്നു. 2022 മുതല്‍ ഈ വര്‍ഷം വരെയുള്ള മല്‍സരങ്ങളുടെ കണക്കുകളെടുത്താല്‍ 60 ശതമാനം മല്‍സരങ്ങളിലും ജയിച്ചിട്ടള്ളത് രണ്ടാമത് ബാറ്റ് ചെയ്തിട്ടുള്ളവരാണ്.
ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 150-160 ആണ്. ഫാസ്റ്റ് ബൗളര്‍മാരുടെ ഇക്കോണമി റേറ്റ് 8.38ഉം സ്പിന്നര്‍മാരുടേത് 7.06ഉം ആണ്. രണ്ടു പേര്‍ക്കും പിച്ചില്‍ നിന്നും സഹായം ലഭിക്കാറുണ്ടെങ്കിലും സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമെന്നു കാണാം.
നേര്‍ക്കുനേര്‍ കണക്കുകള്‍
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അവസാനമായി മുഖാമുഖം വന്നിട്ടുള്ള അഞ്ചു മല്‍സരങ്ങളെടുത്താല്‍ എല്ലാത്തിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
എന്നാല്‍ ടി20യിലെ ഓവറോള്‍ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ 15 തവണയാണ് ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ 13ലും ഇന്ത്യ തന്നെ ജയിച്ചുകയറി. എന്നാല്‍ രണ്ടു തവണ ഇന്ത്യക്കു ഷോക്ക് നല്‍കാന്‍ ബംഗ്ലാ കടുവകള്‍ക്കായിട്ടുണ്ട്. സമാനമായ ഒരു അട്ടിമറിയാവും അവര്‍ ഇത്തവണ സൂപ്പര്‍ ഫോറിലും ലക്ഷ്യമിടുന്നത്.

ഇതാ പ്രവചനം
എഐയുടെ പ്രവചനം അനുസരിച്ച് ബംഗ്ലാദേശിനെതിരേ വിജയം ഇന്ത്യക്കു തന്നെയായിരിക്കും. നിലവിലെ ഫോം, നേര്‍ക്കുനേര്‍ റെക്കോര്‍ഡ്, വിദഗ്ധരുടെ വിശകലനങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തിയ ശേഷം ഇന്ത്യയുടെ വിജയശതമാനം 89 ആണെന്നു എഐ പറയുന്നു.
സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 170 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യും. എന്നാല്‍ ബംഗ്ലാദേശിനാണ് ആദ്യം ബാറ്റിങെങ്കില്‍ 140 പ്ലസ് റണ്‍സെടുക്കാന്‍ പോലും പാടുപെടുമെന്നും എആ പ്രവചിക്കുന്നു.
ബംഗ്ലാദേശിനെതിരേ റണ്‍ചേസാണ് ഇന്ത്യ നടത്തുന്നതെങ്കില്‍ ആറ് മുതല്‍ എട്ടു വിക്കറ്റുകള്‍ക്കായിരിക്കും വിജയം. എന്നാല്‍ ബംഗ്ലാദേശ് റണ്‍ചേസിനു ഇറങ്ങിയാല്‍ ഇന്ത്യന്‍ ജയം 25-30 റണ്‍സിനുമായിരിക്കും.
പ്ലെയര്‍ ഓഫി ദി മാച്ച് പുരസ്‌കാരം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയ്ക്കായിരിക്കും. കളിയില്‍ കൂടുതല്‍ റണ്‍സും സിക്‌സുമെല്ലാം അദ്ദേഹത്തിന്റെ പേരില്‍ തന്നെയാവും.
എന്നാല്‍ ബംഗ്ലാദേശ് ടീം തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകളെടുത്താല്‍ ഇന്ത്യക്കു പ്രശ്‌നം സൃഷ്ടിച്ചേക്കും. പക്ഷെ ബാറ്റിങിലെ ആഴം പരിഗണിക്കുമ്പോള്‍ ഒരു അട്ടിമറിക്കുളള സാധ്യത തീരെ കുറവാണെന്നും എഐ ചൂണ്ടിക്കാട്ടുന്നു.