ദുബായ്: വീരേന്ദര്‍ സെവാഗിനും രോഹിത് ശര്‍മയ്ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വെടിക്കെട്ട് വീരന്‍ താനാണെന്നു തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള അദ്ദേഹത്തിന്റെ തീപ്പൊരി പ്രകടനത്തെ ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രശംസ കൊണ്ടു മൂടുകയാണ്.
വെറും 39 ബോളില്‍ 189.74 സ്‌ട്രൈക്ക് റേറ്റില്‍ അഭിഷേക് വാരിക്കൂട്ടിയത് ആറു ഫോറും അഞ്ചു സിക്‌സറുകളുമാണ്. പാക് ടീമിനെ ഏറെക്കുറെ തനിച്ചു തന്നെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം തീര്‍ക്കുകയായിരുന്നു. ഈ പ്രകടനത്തിനു ശേഷം താരത്തെ ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ്. എന്താണ് ഇതിനു പിന്നിലെന്നു നോക്കാം.

അഭിഷേക് 'കുറ്റക്കാരന്‍'
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വളരെ കൗതുകമുണര്‍ത്തുന്ന, അതോടൊപ്പം രസകരവുമായ പോസ്റ്റുകളുമായി ശ്രദ്ധ നേടാറുള്ള ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് (Iceland Cricket) ഇത്തവണയും പതിവു തെറ്റിച്ചില്ല. ഏഷ്യാ കപ്പില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുമായി പാകിസ്താന്‍ ടീമിന്റെ അന്തകനായി മാറിയ ഇന്ത്യന്‍ യുവ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ കുറിച്ചാണ് അവരുടെ പുതിയ പോസ്റ്റ്.
പാകിസ്താനെതിരേ അഭിഷേക് വലിയ കുറ്റം ചെയ്തതായും ശിക്ഷിണമെന്നാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് തമാശരൂപേണ ആവശ്യപ്പെട്ടിരിക്കുന്നത്. 'ക്രിക്കറ്റില്‍ വയലന്‍സിനു ഒരു സ്ഥാനവുമില്ല. ഇപ്പോള്‍ അഭിഷേക് ശര്‍മയുടെ ബാറ്റ് ഉപയോഗിച്ചുള്ള ചൂഷണവും ഇതിലുള്‍പ്പെടുന്നു.
വാസ്തവത്തില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള എതൊരു ബാറ്ററെയും ഐസിസിയുടെ ലെവല്‍ ത്രീ നിയമലംഘനം നടത്തിയതായി കണക്കാക്കണം'- ഇങ്ങനെയായിരുന്നു അഭിഷേകിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തെ പരോക്ഷമായി പ്രശംസിച്ചു കൊണ്ടുള്ള ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ പോസ്റ്റ്.
അതേസമയം, പാകിസ്താനെതിരായ കിടിലന്‍ ഫിഫ്റ്റിയോടെ ഈ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കും, കയറിയിരിക്കുകയാണ് അഭിഷേക്. നാലു മല്‍സരങ്ങളില്‍ നിന്നും 43.25 ശരാശരിയില്‍ 208.43 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ 173 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. 12 സിക്‌സറുകളും 17 ഫോറുകളും അഭിഷേക് ഇതിനകം പായിച്ചു കഴിഞ്ഞു. ഏറ്റവുമധികം ഫോറുകളും സിക്‌സും അദ്ദേഹത്തിന്റെ പേരില്‍ തന്നെ.

പാക് പടയെ വീണ്ടും തുരത്തി ഇന്ത്യ
ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇന്ത്യ തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തില്‍ ഏുഴു വിക്കറ്റിനായിരുന്നു സൂര്യകുമാര്‍ യാദവും സംഘവും എതിരാളികളെ വാരിക്കളഞ്ഞത്. ബാറ്റിങിലോ, ബൗളിങിലോ കാര്യമായി പൊരുതാതെയാണ് പാക് ടീം നിരുപാധികം ഈ കളിയില്‍ കീഴടങ്ങിയത്.
എന്നാല്‍ സൂപ്പര്‍ ഫോറില്‍ അവര്‍ ബാറ്റിങില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ചു വിക്കറ്റിനു 171 റണ്‍സെന്ന ദുബായിലെ പിച്ചില്‍ ജ യിക്കാവുന്ന ടോട്ടല്‍ പാക് ടീം പടുത്തുയര്‍ത്തി. മുമ്പൊരിക്കലും പാകിസ്താനെതിരേ 170 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നതിനാല്‍ സൂര്യയും ടീമും ഫേവറിറ്റുകളായിരുന്നില്ല.
എന്നാല്‍ അഭിഷേക് ശര്‍മയും ബാല്യകാല സുഹൃത്തും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 10 ഓവറിനിടെ തന്നെ മല്‍സരം പാകിസ്താനില്‍ നിന്നും തട്ടിയകറ്റി. ഓപ്പണിങ് വിക്കറ്റില്‍ 105 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. വെറും 9.5 ഓവറുകളിലാണിത്. 28 ബോളില്‍ 47 റണ്‍സടിച്ച ഗില്‍ പുറത്താവുമ്പോള്‍ തന്നെ ഇന്ത്യ വിജമുറപ്പിച്ചിരുന്നു.