ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ട ഫൈനലിനൊടുവില്‍ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനു യുഎഇില്‍ തിരശീല വീണിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനെ മൂന്നാം തവണയും വീഴ്ത്തിയാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏഷ്യന്‍ സിംഹാസനം ഇന്ത്യ നിലനിര്‍ത്തിയത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ തുടര്‍ച്ചയായി ഏഴു വിജയങ്ങളോടെ കിരീടമുയര്‍ത്താന്‍ കഴിഞ്ഞതില്‍ ഇന്ത്യക്കു തീര്‍ച്ചയായും അഭിമാനിക്കാം.
ടൂര്‍ണമെന്റില്‍ നടത്തിയിട്ടുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുക? ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് എങ്ങനെയാവുമെന്നു നോക്കാം.

തലപ്പത്തുള്ളത് ആരെല്ലാം?
ഇന്ത്യന്‍ താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍തിയാല്‍ 10ല്‍ 10ഉം അര്‍ഹിക്കുന്നത് വെറും രണ്ടു പേര്‍ മാത്രം. ഒരാള്‍ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മാണ്. മറ്റൊരാളാവട്ടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവുമാണ്.
ഏഴു കളിയില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ ഹാട്രിക്ക് ഫിഫ്റ്റികളടക്കം 314 റണ്‍സാണ് അഭിഷക് അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും അദ്ദേഹമായിരുന്നു. കുല്‍ദീപാണ് ടൂര്‍ണമെന്റില്‍ സ്വപ്‌നതുല്യമായ പ്രകടനം കാഴ്ചവച്ച മറ്റൊരാള്‍.
കളിച്ച എല്ലാ മല്‍സരങ്ങളിലും മികച്ച ഇംപാക്ടുണ്ടാക്കാന്‍ ചൈനാമാന്‍ സ്പിന്നര്‍ക്കു സാധിച്ചു. 6.27 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളാണ് അദ്ദേഹം ടൂര്‍ണെമന്റില്‍ പിഴുതത്. വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തും കുല്‍ദീപാണ്,
തിലക് വര്‍മയാണ് റേറ്റിങില്‍ മൂന്നാമതെത്തിയ താരം. 10ല്‍ ഒമ്പതാണ് അദ്ദേഹത്തിന്റെ റേറ്റിങ്. 71 ശരാശരിയില്‍ 213 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. ഇതില്‍ എടുത്തു പറയേണ്ടത് പാകിസ്താനുമായുള്ള കലാശപ്പോരില്‍ 53 ബോളില്‍ പുറത്താവാതെ നേടിയ 69 റണ്‍സാണ്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന് തന്നെയാണ് ഇതെന്നു നിസംശയം പറയാം.
മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് റേറ്റിങില്‍ തിലകിനു തൊട്ടു പിന്നില്‍. എട്ടാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ആറു കളിയില്‍ നിന്നും ഏഴു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ശിവം ദുബെയുടെ റേറ്റിങ് 10ല്‍ ഏഴാണ്.
ബാറ്റിങില്‍ ഫൈനലിലൊഴികെ കാര്യമായ സംഭാവന ലഭിച്ചില്ലെങ്കില്‍ ബൗളിങില്‍ താരം സര്‍പ്രൈസ് പ്രകടനം നടത്തി. ആറു കളിയില്‍ അഞ്ചു വിക്കറ്റെടുത്ത ദുബെ ബാറ്റിങില്‍ 50 റണ്‍സും സ്‌കോര്‍ ചെയ്തു. ഫൈനലില്‍ പാകിസ്താനെതിരേ റണ്‍ചേസില്‍ 22 ബോളില്‍ 33 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ സംബന്ധിച്ച് അത്ര മികച്ച ടൂര്‍ണമെന്റായിരുന്നില്ല ഇത്. അഞ്ചു കളിയില്‍ നിന്നും 7.43 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം നേടിയ അദ്ദേഹത്തിന്റെ റേറ്റിങ് ആറാണ്. സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ. അക്ഷര്‍ പട്ടേല്‍, റിങ്കു സിങ് എന്നീ നാലു പേരുടെയും റേറ്റിങ് അഞ്ചാണ്.
ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയ സഞ്ജു നിരാശപ്പെടത്തിയില്ല. നാലിന്നിങ്‌സുകളില്‍ നിന്നും 33 ശരാശരിയില്‍ 124 സ്‌ട്രൈക്ക് റേറ്റില്‍ 132 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. അക്ഷര്‍ ഏഴു കളിയില്‍ നിന്നും ആറു വിക്കറ്റെടുക്കുന്നതിനൊപ്പം 50 റണ്‍സും നേടി.
ഹാര്‍ദിക്കാവട്ടെ നാലിന്നിങ്‌സില്‍ നിന്നും 48 റണ്‍സ് നേടുന്നതിനൊപ്പം നാലു വിക്കറ്റുകളും പിഴുതു. റിങ്കുവിനു ഫൈനലില്‍ ഒരു ബോള്‍ മാത്രമേ ടൂര്‍ണമെന്റിലാകെ കളിക്കാനായുള്ളൂ. ബൗണ്ടറിയോടെ താരം ഇതു ആഘോഷിക്കുകയും ചെയ്തു.
ഇവര്‍ ഫ്‌ളോപ്പുകള്‍
റേറ്റിങില്‍ അഞ്ചില്‍ താഴെ റേറ്റിങുമായി വന്‍ ഫ്‌ളോപ്പായവര്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ്. സൂര്യയുടെയും ഗില്ലിന്റെയും റേറ്റിങ് മൂന്നാണ്. ഏഴിന്നിങ്‌സുകളില്‍ നിന്നും സൂര്യക്കു സകോര്‍ ചെയ്യാനായത് വെറും 72 റണ്‍സാണ്.

ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഗില്ലും നിരാശപ്പെടുത്തി. ഏഴിന്നിങ്‌സില്‍ നേടാനായത് 127 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. രണ്ടു മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച അര്‍ഷ്ദീപിന്റെ റേറ്റിങ് നാലാണ്. 10.37 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റ് മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.
ഹര്‍ഷിത്താണ് റേറ്റിങില്‍ അവസാന സ്ഥാനത്ത്. വെറും രണ്ടാണ് താരത്തിന്റെ റേറ്റിങ്. രണ്ടു മല്‍സങ്ങളില്‍ അവസരം ലഭിച്ച പേസര്‍ 11.28 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും രണ്ടു വിക്കറ്റുകളാണ്.