മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന രീതിയാണ് യോയോ ടെസ്റ്റ്. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് നടത്താറുണ്ട്. ഏഷ്യാ കപ്പ് വരാനിരിക്കെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിരാട് കോലിയേയും ഹാര്‍ദിക് പാണ്ഡ്യയേയുമെല്ലാം മറികടന്ന് ശുബ്മാന്‍ ഗില്ലാണ് യോയോ ടെസ്റ്റില്‍ കൂടുതല്‍ സ്‌കോര്‍ നേടിയത്. ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് നടത്തിയിട്ടുമില്ല.
വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമില്‍ യോയോ ടെസ്റ്റ് പരിശോധന ശക്തവും നിര്‍ബന്ധവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യോയോ ടെസ്റ്റിന് വലിയ പ്രാധാന്യം ഇന്ത്യ നല്‍കുന്നില്ല. രോഹിത് ശര്‍മയടക്കമുള്ള പല താരങ്ങളും മികച്ച ഫിറ്റ്‌നസുള്ളവരാണെന്ന് പറയാനാവില്ല. കോലി ക്യാപ്റ്റനായിരിക്കെ യോയോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് പല പ്രമുഖരും ഇന്ത്യന്‍ ടീമിന് പുറത്തായിട്ടുണ്ട്.
ഇത്തരത്തില്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ടീമിന് പുറത്തായ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ്ങാണ് ഇതിലൊരാള്‍. മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളായിരുന്നു യുവരാജ്. എന്നാല്‍ അര്‍ബുദ രോഗ ബാധിതനായത് യുവിയുടെ ആരോഗ്യത്തെ ബാധിച്ചു. 2017ലെ ശ്രീലങ്കന്‍ പരമ്പരക്ക് മുമ്പ് യുവരാജ് യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതോടെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു.
2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ യുവരാജിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലെ താരമായിരുന്നു യുവി. എന്നാല്‍ വിരമിക്കല്‍ മത്സരം ലഭിക്കാതെയാണ് അദ്ദേഹം പടിയിറങ്ങിയത്. മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. മികച്ച ഫിറ്റ്‌നസുള്ള യുവതാരങ്ങളിലൊരാളാണ് സഞ്ജു.

2015 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും ഇതുവരെ സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിനായിട്ടില്ല. ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിലും സഞ്ജുവിന് ഇടമില്ല. 2018ല്‍ ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന് സഞ്ജുവിനെ തിരഞ്ഞെടുത്തെങ്കിലും യോയോ ടെസ്റ്റ് പാസാകാനായില്ല. ഇതോടെ പകരം ഇഷാന്‍ കിഷന് ടീമില്‍ ഇടം ലഭിച്ചു. ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവിനും യോയോ ടെസ്റ്റില്‍ തോല്‍വി നേരിടേണ്ടി വന്നിട്ടുണ്ട്.
2018ലെ ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് റായിഡുവിന് വിളി ലഭിച്ചെങ്കിലും യോയോ ടെസ്റ്റ് പാസാകാനായില്ല. പകരക്കാരനായി സുരേഷ് റെയ്‌ന ടീമിലേക്കെത്തുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പില്‍ റായിഡു തഴയപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന്റെ പ്രതിഷേധമെന്നോളമാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന സീസണോടെ ഐപിഎല്ലില്‍ നിന്നും റായിഡു വിരമിച്ചു.
ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന സുന്ദര്‍ 2017ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. എന്നാല്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ കളിക്കാന്‍ സാധിച്ചില്ല. പരിമിത ഓവറില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് സുന്ദര്‍. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സുന്ദര്‍ പതിയെ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.
മുഹമ്മദ് ഷമിയാണ് മറ്റൊരാള്‍. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളായ ഷമി മികച്ച ഫിറ്റ്‌നസുള്ള താരമാണ്. എന്നാല്‍ ഷമിയും ഒരു തവണ യോയോ ടെസ്റ്റ് പരാജയപ്പെട്ടു. 2018ലെ അഫ്ഗാനിസ്ഥാന്‍ പരമ്പരക്ക് മുമ്പ് യോയോ ടെസ്റ്റ് നടത്തിയപ്പോള്‍ ഷമി പരാജയപ്പെട്ടു. ഇതോടെ താരം ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം ഷമി ഉണ്ടാവും.