കാന്‍ഡി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് ടീമുകള്‍ക്കൊപ്പവും തകര്‍പ്പന്‍ താരനിരയുള്ളതിനാല്‍ ചിരവൈരി പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുന്നത്. പോരാട്ടത്തിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിക്കഴിഞ്ഞു. ആവേശപ്പോരാട്ടം കാണാന്‍ എല്ലാവരും കാത്തിരിക്കവെ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
മത്സരത്തില്‍ മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. അങ്ങനെയെങ്കില്‍ സൂപ്പര്‍ പോരാട്ടം കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. കനത്ത മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. സെപ്തംബര്‍ 2ന് കനത്ത കാറ്റോടുകൂടിയ മഴ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വെതര്‍ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം 90 ശതമാനം മഴ സാധ്യത നിലനില്‍ക്കുന്നു. ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മഴ കൂടുതല്‍ നേരം പെയ്താല്‍ മത്സരം ഒഴിവാക്കേണ്ടി വരും.
പകലും രാത്രിയുമായാണ് മത്സരം. വൈകുന്നേരം ഇടിയോടുകൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മത്സരം നടക്കാതിരിക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മത്സരം നടക്കാത്ത സാഹചര്യം ഉണ്ടായാല്‍ ആരാധകരെ സംബന്ധിച്ചത് വലിയ നിരാശയുണ്ടാക്കും. മത്സരം നടന്നാലും മുഴുവന്‍ ഓവറും മത്സരം നടക്കാത്ത സാഹചര്യം ഉണ്ടാവാനുള്ള സാധ്യതയാണ് കൂടുതല്‍. 10 ശതമാനം മഴ മാറിപ്പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
അതുകൊണ്ടുതന്നെ മത്സരം നടക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. ഇടവേളക്ക് ശേഷമാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. അതുകൊണ്ടുതന്നെ മത്സരത്തെ വരവേല്‍ക്കാന്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വാനോളം പ്രതീക്ഷയുള്ളതിനാല്‍ മത്സരം നടക്കാതെ പോയാല്‍ വലിയ നിരാശയുണ്ടാവുമെന്നുറപ്പാണ്. ഇത്തവണയും ഇന്ത്യയുടെ ബാറ്റിങ് കരുത്തും പാകിസ്താന്റെ ബൗളിങ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനാവും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

ഇന്ത്യ രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെയെല്ലാം ബാറ്റിങ്ങിലാണ് വലിയ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെയെല്ലാം പേസ് കരുത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് വിരാട് കോലിയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ വിജയിച്ചു.
പക്ഷെ ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം നടത്തിയാണ് പാകിസ്താന്‍ കീഴടങ്ങിയത്. അവസാന പന്തുവരെ അവര്‍ പൊരുതിയിരുന്നു. ഇത്തവണയും ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ പ്രകടനം ഇന്ത്യയെ ഭയപ്പെടുത്തുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം ഇടം കൈയന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ അല്‍പ്പം പ്രയാസമുണ്ട്. ഇത് കൃത്യമായി മുതലാക്കാന്‍ ഷഹീന് സാധിക്കുന്നുണ്ട്.
ഹാരിസ് റഊഫും നസീം ഷായും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ഇരുവരുടേയും അതിവേഗ പന്തുകളും ഇന്ത്യക്ക് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. ഷദാബ് ഖാന്റെ സ്പിന്‍ മികവും പാകിസ്താന് കരുത്ത് പകരുന്നു. ഇന്ത്യയെക്കാളും ശക്തമായ വാലറ്റവും പാക് ടീമിന് അവകാശപ്പെടാം. ഇതെല്ലാം ഇന്ത്യക്കെതിരേ പാക് ടീമിന് മുന്‍തൂക്കം നല്‍കുന്നു. ശ്രീലങ്കയില്‍ സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമാവും.
ഒന്നാം നമ്പര്‍ ഏകദിന ടീമായാണ് പാകിസ്താന്‍ ഏഷ്യാ കപ്പിലേക്കെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയ പാകിസ്താന്‍ നേപ്പാളിനെതിരേ മത്സരവും കളിച്ചാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇടവേളക്ക് ശേഷമാണ് കളിക്കുന്നത്. ഇതും പാകിസ്താന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. മത്സരം നടന്നാല്‍ തീപാറുന്ന പോരാട്ടം തന്നെ കാണാനാവുമെന്നതില്‍ തര്‍ക്കമില്ല.