ചിരവൈരികളായ പാകിസ്താനുമായി ശനിയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനെ നഷ്ടമായതാണ് ഇന്ത്യയെ കുഴപ്പത്തിലാക്കിയത്. പാകിസ്താനെതിരേ മാത്രമല്ല നേപ്പാളുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ രണ്ടാമത്തെ കളിയിലും അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭിക്കില്ല.
അതുകൊണ്ടു തന്നെ രാഹുലിനെ മാറ്റിനിര്‍ത്തി ഏറ്റവും മികച്ചൊരു ടീം കോമ്പിനേഷന്‍ എങ്ങനെ തയ്യാറാക്കമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യയെ സംബന്ധിച്ച് ഏകദിനത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് രാഹുല്‍. വിക്കറ്റ് കീപ്പിങിനൊപ്പം അഞ്ചാം നമ്പറില്‍ അദ്ദേഹത്തിന്റെ ബാറ്റിങും ടീമിനു പ്രധാനപ്പെട്ടതാണ്.

രാഹുലിനു പകരം വിക്കറ്റ് കീപ്പറാവുന്നതിനൊപ്പം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല ഓപ്ഷന്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു. പക്ഷെ 17 അംഗ സ്‌ക്വാഡില്‍ അദ്ദേഹത്തെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിനൊപ്പം യാത്ര ചെയുന്ന ബാക്കപ്പ് (18ാമന്‍) വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു സ്‌ക്വാഡിലുള്ളത്. ഒരു ടീമിനു പരമാവധി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ പരിധി 17 ആണ്.
അതുകൊണ്ടു തന്നെ രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയെങ്കില്‍ മാത്രമേ സഞ്ജുവിനെ പ്രധാന ടീമിലേക്കും തുടര്‍ന്നു പ്ലെയിങ് ഇലവനിലേക്കും കൊണ്ടുവരാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. നിലവില്‍ ടീമിനു സാധിക്കാവുന്ന ഒരേയൊരു കാര്യം രാഹുലിന്റെ പകരക്കാരനയി ഇഷാന്‍ കിഷനെ കളിപ്പിക്കുകയെന്നതാണ്. പക്ഷെ ഓപ്പണിങ് റോളിലെ സ്പഷ്യലിസ്റ്റായ അദ്ദേഹത്തെ എങ്ങനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കും?
ഇഷാന്റെ കാര്യത്തില്‍ മൂന്നു ഓപ്ഷനുകളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഇതില്‍ ആദ്യത്തേത് ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ ഓപ്പണിങ് അദ്ദേഹത്തിനു നല്‍കുകയെന്നതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാനെ ഓപ്പണറാക്കാം. അപ്പോള്‍ ശുഭ്മന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്കു മാറ്റേണ്ടതായി വരും. മൂന്നാമായി ഏകദിനത്തില്‍ നാലു തവണയാണ് ഗില്‍ ഇതുവരെ കളിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരേ അദ്ദേഹം 130 റണ്‍സ് നേടിയത് ഈ പൊസിഷനിലായിരുന്നു. ഗില്‍ മൂന്നാനായാല്‍ വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലുമായിരിക്കും ബാറ്റ് ചെയ്യുക. ശ്രേയസിനെക്കൂടാതെ സൂര്യകുമാര്‍ യാദവാണ് അഞ്ചാം നമ്പറില്‍ മറ്റൊരു ഓപ്ഷന്‍. പക്ഷെ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ശ്രേയസില്‍ വിശ്വാസമര്‍പ്പിക്കുന്നതാവും നല്ലത്.
രണ്ടാമത്തെ ഓപ്ഷന്‍ രോഹിത്- ഗില്‍ ജോടിയെ മാറ്റാതെ ഇഷാനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കുകയെന്നതാണ്. കരിയറില്‍ നേരത്തേ ഈ പൊസിഷനില്‍ നാലു തവണ കളിക്കുകയും രണ്ടു ഫിഫ്റ്റികളടക്കം താരം നേടുകയും ചെയ്തിട്ടുണ്ട്. ഇഷാന്‍ മൂന്നാമനായാലും കോലി, ശ്രേയസ് എന്നിവരുടെ സ്ഥിരം ബാറ്റിങ് പൊസിഷനുകളില്‍ ഇളക്കം സംഭവിക്കും. കോലിക്കു നാലാം നമ്പറിലും ശ്രേയസിനു അഞ്ചാം നമ്പറിലുമായിരിക്കും ബാറ്റ് ചെയ്യേണ്ടതായി വരിക.
മൂന്നാമത്തെ ഓപ്ഷന്‍ ടോപ് ത്രീയെ തൊടാതെ നാലാം നമ്പറില്‍ ഇഷാനെ ഇറക്കുകയെന്നതാണ്. പക്ഷെ നേരത്തേ ഈ പൊസിഷനില്‍ കളിച്ചപ്പോള്‍ അദ്ദേഹം തിളങ്ങിയിട്ടില്ലെന്നതു തലവേദനയാണ്. ആറു ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇഷാന് നേടാനായിട്ടുള്ളൂ.
നാലാം നമ്പറില്‍ ഇഷാന്‍ കളിക്കുകയാണെങ്കില്‍ ശ്രേയസിനു അഞ്ചാം നമ്പറിലേക്കു ഇറങ്ങേണ്ടതായി വരും. രാഹുലിന്റെ അഭാവത്തില്‍ പാകിസ്താന്‍, നേപ്പാള്‍ എന്നിവരുമായുള്ള ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മികച്ച പ്ലെയിങ് ഇലവന്‍ ഏതാണെന്നു നമുക്കു നോക്കാം.
ഗ്രൂപ്പുഘട്ടത്തിലെ ബെസ്റ്റ് പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.