പല്ലെക്കെലെ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം റിസര്‍വ് താരമായാണ് സഞ്ജു സാംസണ്‍ ഇടം നേടിയത്. കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യ ഒപ്പം കൂട്ടിയത്. ആദ്യ രണ്ട് മത്സരത്തിലും ടീമിനൊപ്പം ഇല്ലാതിരുന്ന രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രാഹുല്‍ ഉണ്ടായേക്കും.
രാഹുല്‍ തിരിച്ചെത്തിയതോടെ റിസര്‍വ് താരമായി ഒപ്പമുണ്ടായിരുന്ന സഞ്ജു സാംസണെ ഇന്ത്യ ടീമില്‍ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏഷ്യാ കപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്ക് മടക്കി അയച്ചുവെന്ന തരത്തില്‍ വ്യാപക വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ജു നാട്ടിലേക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശരിയായ കാരണം പുറത്തുവന്നിരിക്കുകയാണ്.
രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നിട്ട് സഞ്ജുവിന് കാര്യമില്ല. കാരണം കളിക്കാനുള്ള അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സഞ്ജു നാട്ടിലേക്ക് സ്വന്തം ഇഷ്ടപ്രകാരം മടങ്ങിയതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒക്ടോബര്‍ 5ന് ഏകദിന ലോകകപ്പ് ആരംഭിക്കുകയാണ്. അതിന് മുമ്പായി ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായി മൂന്ന് മത്സര ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി നാട്ടിലേക്ക് പോകാന്‍ സഞ്ജു താല്‍പര്യം കാട്ടുകയായിരുന്നുവെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം അയര്‍ലന്‍ഡ് പര്യടനത്തിലും സഞ്ജു ടീമിന്റെ ഭാഗമായുണ്ടായിരുന്നു. പിന്നാലെയാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു പോയത്. റിസര്‍വ് താരമായി പരിഗണിച്ചാല്‍ ഓസീസ് പരമ്പരയില്‍ത്തന്നെ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിന് ചേരേണ്ടി വരും.

ഇത് മുന്നില്‍ക്കണ്ട് വ്യക്തിപരമായ കാര്യങ്ങള്‍ക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. ലോകകപ്പില്‍ കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമാണ് സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവു. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റാലും സഞ്ജുവിന് വിളിയെത്താനുള്ള സാധ്യതയാണ് കൂടുതല്‍.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സഞ്ജുവില്‍ വിശ്വാസമില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാം. രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജുവിന് വഴിയൊരുക്കിയത് ദ്രാവിഡാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ എ ടീമിനൊപ്പവും സഞ്ജു കളിച്ചിട്ടുണ്ട്. സഞ്ജുവിന്റെ കരുത്തും ദൗര്‍ബല്യവും ദ്രാവിഡിന് നന്നായി അറിയാം. എന്നാല്‍ രോഹിത് സഞ്ജുവിനെ പിന്തുണക്കുന്നില്ല.
55ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. എന്നിട്ടും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനാണ് ഇന്ത്യ ലോകകപ്പ് ടീമില്‍ അവസരം നല്‍കിയത്. ഇതിന് പിന്നില്‍ രോഹിത് ശര്‍മയുടെ ഇടപെടല്‍ വ്യക്തം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുണ്ട്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ മോശമാണ്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല.
സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്ലില്‍ അതി ഗംഭീര പ്രകടനം നടത്തണം. നിലവില്‍ സഞ്ജുവിന്റെ പ്രകടനം സ്ഥിരതയോടെ ഉള്ളതല്ല. കൂടാതെ രാജസ്ഥാന്‍ വിട്ട് മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ എന്നീ ടീമുകളിലൊന്നിലേക്ക് എത്തിയാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറില്‍ അത് വലിയ മാറ്റമുണ്ടാക്കിയേക്കുമെന്നുറപ്പാണ്.