പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ്ങിന് പിന്നാലെ തന്നെ ശക്തമായ മഴയെത്തുകയും മത്സരം ഉപേക്ഷിക്കേണ്ടി വരികയുമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 266 റണ്‍സിനാണ് ഓള്‍ഔട്ടായത്. 7 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്.
പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ടോപ് ഓഡര്‍ ഒരിക്കല്‍ക്കൂടി തകരുന്നതാണ് കാണാനായത്. രോഹിത് ശര്‍മ (11), ശുബ്മാന്‍ ഗില്‍ (10), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (14) എന്നിവരെല്ലാം ഫ്‌ളോപ്പായപ്പോള്‍ ഇഷാന്‍ കിഷന്റെയും (82) ഹാര്‍ദിക് പാണ്ഡ്യയുടേയും (87) ഇന്നിങ്‌സുകളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ഇഷാന്റെ പ്രകടനമാണ്. ഏകദിനത്തില്‍ ആദ്യമായാണ് ഇഷാന്‍ അഞ്ചാം നമ്പറില്‍ കളിക്കുന്നത്.
കെ എല്‍ രാഹുലിന് ആദ്യ രണ്ട് മത്സരവും നഷ്ടമാകുന്ന സാഹചര്യത്തില്‍ പകരക്കാരനായാണ് ഇഷാനെത്തിയത്. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന് സീറ്റ് നഷ്ടമാകുമോ? സീനിയര്‍ താരമാണെങ്കിലും രാഹുല്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തരുത്. ഇഷാന്‍ തന്നെ അഞ്ചാം നമ്പറില്‍ തുടരണം. ഇത് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാരണം ഇഷാന്റെ ഫോമാണ്. അവസാനം കളിച്ച നാല് ഏകദിന മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാനായി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് മത്സരത്തിലും ഓപ്പണറായി ബാറ്റുചെയ്ത ഇഷാന്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് നേടിയത്. ഇപ്പോള്‍ പാകിസ്താനെതിരേയും തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചാണ് ഇഷാന്‍ കസറുന്നത്. 66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നിരിക്കുന്ന സമയത്താണ് ഇഷാന്‍ രക്ഷകനായത്.

81 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പറത്തിയാണ് ഇഷാന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. 101ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പാകിസ്താന്റെ ശക്തമായ ബൗളിങ് നിരയെ നേരിട്ട് ഇത്തരമൊരു സമ്മര്‍ദ്ദ സാഹചര്യത്തില്‍ കസറുകയെന്നത് ഇഷാന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ്. രാഹുല്‍ തിരിച്ചുവരുമ്പോഴേ ഇന്ത്യ ഇഷാനെ പുറത്താക്കിയാല്‍ ടീമിന് തന്നെ അത് തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്.
രണ്ടാമത്തെ കാര്യം ഇഷാന്റെ സാന്നിധ്യം പ്ലേയിങ് 11 സംതുലിതാവസ്ഥ നല്‍കുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഏറെ നാളുകളായുള്ള പ്രശ്‌നമാണ്. നിലവിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് ഇഷാന്‍ മാറി നിന്നാല്‍ രവീന്ദ്ര ജഡേജ മാത്രമാവും ഇടം കൈയനായുള്ളത്. രോഹിത്, കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്.
ഇവര്‍ക്കൊപ്പം ഇടം കൈയനുണ്ടാവാത്ത പക്ഷം എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. മധ്യനിരയില്‍ ഇഷാന്‍ കളിച്ചാല്‍ ഇടത്-വലത് കൂട്ടുകെട്ട് ലഭ്യമാവും. ഇത് ടീമിന് ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ഇഷാന്‍ ടീമില്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത താരത്തെ ഇപ്പോള്‍ തിരക്കുപിടിപ്പിച്ച് കളിപ്പിച്ചാല്‍ വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യതയും ഉണ്ടാകുന്നു.
ഇഷാന്‍ സമ്മര്‍ദ്ദ സാഹചര്യങ്ങളിലടക്കം നന്നായി ബാറ്റു ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിനെ കളിപ്പിക്കുകയും ഇഷാനെ പുറത്തിരുത്തുകയും ചെയ്താല്‍ യുവതാരത്തോട് ചെയ്യുന്ന വഞ്ചനയാവും. മധ്യനിരയില്‍ ഇഷാന്‍ മികവ് കാട്ടുന്നത് ഭാവിയിലും ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.