പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം ഞായറാഴ്ച നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലൂടെ ചിരവൈരി പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ കൊളംബോയില്‍ നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടവും മഴ മുടക്കിയേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഈ മത്സരത്തിന്റെ ആവേശവും ആരാധകര്‍ക്ക് നഷ്ടമാവും.
ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് കൊളംബോയിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇന്ത്യ-പാക് മത്സരം മുടങ്ങാതിരിക്കാന്‍ നിര്‍ണ്ണായക മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ നിശ്ചയിച്ചാണ് മത്സരം ഏത് വിധേനയും നടത്താന്‍ പദ്ധതിയിടുന്നത്. ഞായറാഴ്ച മത്സരം മഴ മുടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 100 ശതമാനമാണ് മഴ സാധ്യത.
എന്നാല്‍ 11ാം തീയ്യതി വൈകീട്ടത്തെ മഴ സാധ്യത നിലവില്‍ 65 ശതമാനത്തില്‍ താഴെയാണ്. ഇത് മാറാനുള്ള സാധ്യതയുണ്ടെങ്കിലും നിലവില്‍ റിസര്‍വ് ഡേ പ്രഖ്യാപിച്ച് മത്സരം നടത്താനുള്ള ശ്രമമാണ് എസിസി നടത്തുന്നത്. ഇന്ത്യ-പാക് ഗ്രൂപ്പുഘട്ട മത്സരം മുടങ്ങിയതോടെ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ ടിക്കറ്റുകള്‍ പലരും ക്യാന്‍സല്‍ ചെയ്യുന്ന സാഹചര്യമുണ്ടായി. കാലാവസ്ഥ റിപ്പോര്‍ട്ടും പ്രതികൂലമായതോടെ കാണികള്‍ എത്താത്ത സാഹചര്യവും ഉണ്ടായേക്കും.
ഇത് മുന്നില്‍ക്കണ്ടാണ് റിസര്‍വ് ഡേ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. 10ാം തീയ്യതി മത്സരം മുടക്കിയാല്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് 11ാം തീയ്യതി മത്സരം കാണാനാവും. ടിക്കറ്റ് എല്ലാവരും സൂക്ഷിക്കണമെന്നും റിസര്‍വ് ഡേക്ക് സാധ്യതയുണ്ടെന്നും എസിസി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തില്‍ മാത്രമാണ് റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്ക-ഇന്ത്യ മത്സരത്തില്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ലെന്നും എസിസി വ്യക്തമാക്കിയിട്ടുണ്ട്.

ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. അതുകൊണ്ടുതന്നെ രണ്ട് മത്സരവും ഒഴിവാക്കേണ്ടി വന്നാല്‍ വലിയ നിരാശയായി ഇത് മാറും. ശ്രീലങ്കയിലെ മഴ സാധ്യത വിലയിരുത്തി ആതിഥേയരായ പാകിസ്താന്‍ വേദി മാറ്റത്തിനായി എസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എസിസി ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് മത്സരം മഴയില്‍ മുങ്ങാനുള്ള കാരണം. ശ്രീലങ്കയില്‍ ഇനിയും മഴ തുടര്‍ന്നേക്കുമെന്നാണ് സൂചന.
ശ്രീലങ്ക വേദിയാവുന്ന ശേഷിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരങ്ങളെല്ലാം മഴ മുടക്കിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ ആരൊക്കെ ഫൈനല്‍ കളിക്കണമെന്നത് മഴക്കളിക്കൊടുവില്‍ കണ്ടറിയേണ്ടി വരും. പാകിസ്താനാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് ആതിഥേയരായത്. ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ പോകില്ലെന്ന നിലപാടെടുത്തതോടെയാണ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയത്. ഇതാണ് മത്സരങ്ങളെല്ലാം മഴയില്‍ കുളമാകാന്‍ കാരണമായത്.
നേരത്തെ യുഎഇയില്‍ ഏഷ്യാ കപ്പ് നടത്താമെന്ന നിര്‍ദേശവും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കനത്ത ചൂടത്ത് കളിക്കാനാവില്ലെന്ന് പറഞ്ഞ ബിസിസിഐയാണ് വേദി ശ്രീലങ്കയിലേക്കെത്തിച്ചത്. ഇതില്‍ കടുത്ത അതൃപ്തി പിസിബിക്കുണ്ട്. ബിസിസിഐ സെക്രട്ടറി റോജര്‍ ബിന്നി ഉള്‍പ്പെടെയുള്ള സംഘം ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് പാകിസ്താനിലേക്ക് പോയിരുന്നു. എന്നാല്‍ കളിക്കാര്‍ക്ക് പോകാന്‍ അനുവാദം നിഷേധിച്ചതാണ് കൗതുകമുണ്ടാക്കുന്ന കാര്യം.
ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇതിനായി പാക് ടീം ഇന്ത്യയിലേക്ക് വരുന്നുണ്ട്. എന്നാല്‍ പാകിസ്താനിലേക്ക് പോകാന്‍ ഇന്ത്യക്ക് അനുവാദമില്ല. എന്തായാലും സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ മിക്കവയും മഴമുടക്കാനാണ് സാധ്യത. മഴമാറാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ഇന്ത്യ പാക് പോരാട്ടം നഷ്ടമായേക്കുമെന്ന് തന്നെ വേണം വിലയിരുത്താം.