ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഏഷ്യാ കപ്പിലെ കന്നിയങ്കത്തിനായി പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്ത ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. എന്തു വില കൊടുത്തും ഈ പോരാട്ടം ജയിക്കാന്‍ രോഹിത് ശര്‍മയും സംഘവും എല്ലാ അടവുകളും പയറ്റുകയാണ്. നായകന്‍ ബാബര്‍ ആസമുള്‍പ്പെട്ട ബാറ്റിങ് നിരയേക്കാള്‍ പാകിസ്താന്റെ പേസാക്രമണമാണ് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്.
ഇടംകൈയന്മാരും അതിവേഗ ബൗളര്‍മാരുള്‍പ്പെടുന്ന മൂര്‍ച്ചയേറിയ പേസ് നിരയാണ് പാകിസ്താന്റേത്. പാക് നിരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ഇടംകൈന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ന്യൂബോള്‍ ബൗളറാണ് അദ്ദേഹം. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ കൊയ്യാന്‍ അസാധാരണ മിടുക്ക് ഷഹീനുണ്ട്.

മാത്രമല്ല ഇടംകൈയന്‍ ബൗളറായതിനാല്‍ തന്നെ ഷഹീന്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്യുന്നു. കാരണം സമീപകാലത്തായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത് ഇടംകൈയന്‍ പേസര്‍മാരാണ്. ഷഹീനെക്കൂടാതെ ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടും ഇന്ത്യയെ ഭയപ്പെടുത്തുന്ന ബൗളറാണ്.
ഏഷ്യാ കപ്പില്‍ ഇത്തവണ ഷഹീനെ സമര്‍ഥമായി നേരിടാന്‍ ചില മാസ്റ്റര്‍ പ്ലാനുകള്‍ ഇന്ത്യ തയ്യാറാക്കിയിരിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ ആലൂരില്‍ നടക്കുന്ന ടീമിന്റെ പരിശീലന ക്യാംപില്‍ ഇടംകൈയന്‍ പേസര്‍ക്കെതിരേ കൂടുതല്‍ നേരം ബാറ്റ് ചെയ്യുകയെന്നതാണ്. ഇതിലൂടെ ഷഹീനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
പരിശീലന ക്യാംപില്‍ ടീമിനെ ഈ ദൗത്യത്തില്‍ സഹായിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അനികേത് ചൗധരിയെയാണ്. കഴിഞ്ഞ ദിവസം നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കെതിരേയെല്ലാം ചൗധരി ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ബൗളറാണ് 33കാരനായ അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടിയാണ് ചൗധരി കളിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും 56 മല്‍സരങ്ങളില്‍ നിന്നും 6.36 ഇക്കോണമി റേറ്റില്‍ 187 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മൂന്നു 10 വിക്കറ്റ് നേട്ടവും 12 അഞ്ചു വിക്കറ്റ് നേട്ടങ്ങളും ഇതിലുള്‍പ്പെടും.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏഴു കളിയില്‍ നിന്നും ആറു വിക്കറ്റുകള്‍ ചൗധരി നേടിയത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനായെങ്കിലും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല.

ഷഹീന്റെയത്ര മിടുക്കോ, ബൗളിങില്‍ മൂവ്‌മെന്റോ സൃഷ്ടിക്കാന്‍ കഴിയാത്ത ബൗളറാണ് ചൗധരി. പക്ഷെ പരിശീലന ക്യാംപില്‍ അദ്ദേഹത്തിനെതിരേ കൂടുതല്‍ ബോളുകള്‍ കളിക്കുന്നത് ഷഹീന്റെ ബൗളിങിനെയും തന്ത്രങ്ങളെയും കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ സഹായിക്കും. ഈ കാരണത്താല്‍ തന്നെയാണ് ചൗധരിയെ ഇന്ത്യന്‍ ക്യാംപിലെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകന്‍ രോഹിത്തും ഷഹീനും ഇതുവരെ മൂന്നു തവണ മാത്രമേ മുഖാമുഖം വന്നിട്ടുള്ളൂ. ഇതില്‍ ഒന്ന് ഏകദിനത്തിലും ശേഷിച്ച രണ്ടും ടി20യിലുമായിരുന്നു. 2018ലെ ഏഷ്യാ കപ്പിലായിരുന്നു ഏകദിനത്തില്‍ ഹിറ്റ്മാനെതിരേ ഷഹീന്‍ ബൗള്‍ ചെയ്തത്. 18 ബോളുകള്‍ നേരിട്ട രോഹിത് അന്നു 19 റണ്‍സെടുക്കുകയും ചെയ്തു.
2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ രോഹിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കാന്‍ ഷഹീനായിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഷഹീനു രോഹിത് വിക്കറ്റ് വിട്ടുകൊടുത്തില്ല. അഞ്ചു ബോളില്‍ നിന്നും നാലു റണ്‍സാണ് അദ്ദേഹം നേടിയത്.