ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ 41 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ന്നും നിരാശപ്പെടുത്തിയിരുന്നു. ഒടുവില്‍ ബൗളര്‍മാരായിരുന്നു ചെറിയ ടോട്ടല്‍ പ്രതിരോധിച്ചു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
സ്പിന്‍ ബൗളര്‍മാര്‍ അരങ്ങുവാണ കൊളംബോയിലെ പിച്ചില്‍ ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും അവര്‍ക്കായിരുന്നു. ഇതാദ്യമായിട്ടാണ് ഏകദിനത്തില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നതായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്.

ഇത്തരം പിച്ചുകളില്‍ ആദ്യമായല്ല സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയതെന്നും നേരത്തേയും ഇതു സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഇന്ത്യന്‍ ബാറ്റിങിന്റെ ഒരു സ്ഥിരം രീതിയായി ഇതു മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നേരത്തേ ചെന്നൈയില്‍ നടന്ന മല്‍സരം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും.
അന്നു ബോള്‍ അല്‍പ്പം ഗ്രിപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യ റണ്ണെടുക്കാന്‍ പാടുപെട്ടിരുന്നു. 260 റണ്‍സോ, മറ്റോ ആയിരുന്നു ഇന്ത്യ അന്നു ചേസ് ചെയ്തത്. ഓസീസ് നിരയില്‍ ആദം സാപ, ആഷ്ടണ്‍ ഏഗര്‍ എന്നിവരുമുണ്ടായിരുന്നു. പക്ഷെ നമുക്കു ആ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാനായില്ലെന്നും ഗംഭീര്‍ നിരീക്ഷിച്ചു.
ബോള്‍ ഗ്രിപ്പ് ചെയ്തിട്ടുള്ളപ്പോഴെല്ലാം നമ്മുടെ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇത്തരം ഘട്ടത്തില്‍ മല്‍സരം അവസാനം വരെ കൊണ്ടു പോവാന്‍ സാധിക്കുമോയെന്നും നമുക്കറിയില്ല. ശ്രീലങ്കയുമായുള്ള ഈ മല്‍സരത്തിലേത് 350 റണ്‍സ് വിക്കറ്റല്ല. 270 റണ്‍സ് പോലും ഇവിടെ സ്‌കോര്‍ ചെയ്യുക ദുഷ്‌കരമാണ്.
40 ഓവറില്‍ ടീം മൂന്നിന് 160-170 റണ്‍സെന്ന നിലയിലാണെന്നു സങ്കല്‍പ്പിക്കുക. അപ്പോഴാണ് ബോള്‍ ഗ്രിപ്പ് ചെയ്യുന്നതെങ്കില്‍ അതുമായി ബാറ്റര്‍മാര്‍ പൊരുത്തപ്പെടുകയെന്നതു പ്രധാനമാണെന്നും ഗംഭീര്‍ വിലയിരുത്തി.
വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും സോഫ്റ്റായ പുറത്താവലുകളായിരുന്നു. പക്ഷെ മറ്റുള്ളവരെല്ലാം ഫ്രണ്ട് ഫൂട്ടില്‍ ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. രോഹിത് ശര്‍മയെ ബോളിന്റെ വേഗതയാണ് വീഴ്ത്തിയത്. ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റെടുത്തത് വളരെ മികച്ചൊരു ബോളായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 11 ഓവറില്‍ വിക്കറ്റ് പോവതെ 80 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഇതോടെ 300 പ്ലസ് റണ്‍സ് തീര്‍ച്ചയായും ഇന്ത്യ കുറിക്കുമെന്നു എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ കറങ്ങി വീഴുകയായിരുന്നു. 49.1 ഓവറില്‍ 213 റണ്‍സ് മാത്രമെടുത്ത് ഇന്ത്യ കൂടാരംകയറുകയും ചെയ്തു.

കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത യുവ സ്പിന്നര്‍ ദുനിത് വെല്ലലെഗെയാണ് ഇന്ത്യയെ ഞെട്ടിച്ചത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 40 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ താരം കടപുഴക്കുകയായിരുന്നു.
പാര്‍ട്ട് ടൈം ബൗളറായി പരീക്ഷിക്കപ്പെട്ട ചരിത് അസലെന്‍ക നാലു വിക്കറ്റുകളും പോക്കറ്റിലാക്കി. ശേഷിച്ച ഒരു വിക്കറ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ മഹീഷ് തീക്ഷണയും സ്വന്തമാക്കിയതോടെ ഇന്ത്യയുടെ കഥ കഴിയുകയായിരുന്നു.
എങ്കിലും 213 റണ്‍സെന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചു വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 41.3 ഓവറില്‍ 172 റണ്‍സിനു ലങ്കയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. നാലു വിക്കറ്റുകളുമായി സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചു.