Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കലാശപ്പോരിനും മഴ വില്ലന്‍, ഉപേക്ഷിച്ചാല്‍ ആരാവും ചാംപ്യന്‍മാര്‍? ഇതാ ഉത്തരം

ഏഷ്യാ കപ്പ് ഫൈനലിന്റെ ചിത്രം ഒടുവില്‍ തെളിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയും ശ്രീലങ്കയുമാണ് മുഖാമുഖം വരുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്ന കലാശക്കൊട്ട്. ടൂര്‍ണമെന്റില്‍ ഇത്തവണ ശ്രീലങ്കയില്‍ നടന്ന മല്‍സരങ്ങളിലെല്ലാം വില്ലനായ മഴ ഫൈനലിനുമേലും കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഇതു ക്രിക്കറ്റ് പ്രേമികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ഫൈനലില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്കു ഒരു മണി മുതല്‍ രാത്രി ഏഴു മണി വരെ ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയെ തുടര്‍ന്നു ഫൈനല്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നതാണ് ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയിലാക്കുന്ന ചോദ്യം.

INDIA

നേരത്തേ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിനു റിസര്‍വ് ദിനമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ഞായറാഴ്ച നടക്കാനിരുന്ന മല്‍സരം പാതിവഴിയില്‍ തടസ്സപ്പെടുകയും റിസര്‍വ് ദിനമായ തിങ്കളാഴ്ച പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ ഫൈനലിന റിസര്‍വ് ദിനമൊന്നും അനുവദിക്കപ്പെട്ടിട്ടില്ലെന്നതാണ് കൗതുകരമായ കാര്യം. അതുകൊണ്ടു തന്നെ മഴയെ തുടര്‍ന്നു ഞായറാഴ്ച മല്‍സരം നടക്കാതെ വന്നാല്‍ കളി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗവുമില്ല.

ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റവും കുറഞ്ഞത് 20 ഓവറുകള്‍ വീതമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അതു ഔദ്യോഗിക മല്‍സരമായി പരിഗണിക്കുകയുള്ളൂ. അതിനു സാധിക്കാതെ വന്നാല്‍ മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കും. മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കിടുകയാണ് ചെയ്യുക. അങ്ങനെ സംഭവിച്ചാല്‍ ആദ്യമായിട്ടാവില്ല ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളാവുന്നത്.

2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും നേരത്തേ ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കുവച്ചിരുന്നു. അന്നും ശ്രീലങ്കയായിരുന്നു ടൂര്‍ണമെന്റിനു വേദിയായത്. ഫൈനലിനു റിസര്‍വ് ദിനവും അനുവദിക്കപ്പെട്ടിരുന്നു. സപ്തംബര്‍ 29നായിരുന്നു ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. പക്ഷെ 29നും റിസര്‍വ് ദിവസമായ 30നും മല്‍സരം നടന്നില്ല. ഇതേ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യയും ശ്രീലങ്കയും സംയുക്ത വിജയികളാവുകയും ചെയ്യുകയായിരുന്നു.

SRILANKA

അന്നു ഇന്ത്യയെ നയിച്ചത് സൗരവ് ഗാംഗുലിയും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയുമായിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത് ശ്രീലങ്കയായിരുന്നു. നിശ്ചിത 50 ഓവര്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു. ഏഴു വിക്കറ്റിനു 222 റണ്‍സാണ് അവര്‍ നേടിയത്. ആദ്യദിനം ലങ്കയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ മഴ അനുവദിച്ചിരുന്നില്ല.

തുടര്‍ന്നു മല്‍സരം റിസര്‍വ് ദിനത്തിലേക്കു കടക്കുകയായിരുന്നു. 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവറില്‍ 38 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തുകയും കളി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് മല്‍സരം പുനരാരംഭിക്കാന്‍ കഴിയാതെ വരികയും ഒടുവില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

ഇത്തവണ അത്തമൊരു സംഭവം ആവര്‍ത്തിക്കരുതേയെന്ന പ്രാര്‍ഥനയിലാണ് ഇരുടീമുകളുടെയും ആരാധകര്‍. ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റില്‍ രണ്ടാം തവണ മുഖാമുഖം വരുന്ന മല്‍സരം കൂടിയായിരിക്കും ഫൈനല്‍. നേരത്തേ സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടിയപ്പോള്‍ ബൗളിങ് മികവില്‍ ലങ്കയെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. 41 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

Story first published: Friday, September 15, 2023, 12:34 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+