കാന്‍ഡി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്നാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഇടവേളക്ക് ശേഷമാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മ-ബാബര്‍ ആസം എന്നീ നായകന്മാരുടെ കരുത്ത് വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്ക്? ആവേശ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കവെ മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ഇന്നത്തെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്കയിലെ കാന്‍ഡിയില്‍ തകര്‍പ്പന്‍ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉച്ച മുതല്‍ മഴ പ്രവചിക്കപ്പെടുന്നുണ്ട്. രാത്രിയില്‍ 94 ശതമാനത്തിന് മുകളിലാണ് മഴ സാധ്യതയുള്ളത്. ഇന്ത്യ-പാക് മത്സരം നടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. വൈകുന്നേരം എത്ര മണിക്കൂര്‍ മഴ പെയ്താലാണ് മത്സരം ഉപേക്ഷിക്കുക? മത്സരം നടക്കാന്‍ യാതൊരു സാധ്യതയുമില്ലേ?. മഴ പെയ്താല്‍ മത്സരം എങ്ങനെയാവും നടക്കുക എന്നത് പരിശോധിക്കാം.
ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് പോരാട്ടം നടക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തുടങ്ങുമ്പോള്‍ മുതല്‍ മഴ പെയ്യുകയും മൂന്ന് മണിക്കൂറിനുള്ളില്‍ മഴ തോരുകയും ചെയ്താല്‍ 20 ഓവര്‍ ഫോര്‍മാറ്റിലേക്ക് മത്സരം മാറ്റും.
രണ്ട് ടീമിനും 20 ഓവര്‍ വീതമാവും കളിക്കാന്‍ അവസരം ലഭിക്കുക. എന്നാല്‍ മൂന്ന് മണിക്ക് മത്സരം ആരംഭിക്കുകയും 6 മണിക്ക് ശേഷം മഴ ആരംഭിക്കുകയും രാത്രി 9 മണിയോടെ മത്സരം പുനരാരംഭിക്കുകയും ചെയ്യാന്‍ സാധിച്ചാല്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പിലാക്കും.
ഇതോടെ വിജയ ലക്ഷ്യം കളി നടത്താന്‍ സാധിക്കുന്ന ഓവറുകള്‍ക്ക് അനുസരിച്ച് പുനര്‍ നിശ്ചയിക്കുകയും ഡെക്ക് വര്‍ത്ത് നിയമപ്രകാരം വിജയിയെ കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്യും. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണിത്. അതേ സമയം പാകിസ്താന്റെ രണ്ടാം മത്സരമാണ് ഇന്ന് നടക്കേണ്ടത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍ നേപ്പാളിനെയാണ് നേരിട്ടത്. വമ്പന്‍ ജയം പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തു.

ഇന്നത്തെ ഇന്ത്യ-പാക് പോരാട്ടം ഒരു ഓവര്‍ പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഓരോ പോയിന്റ് വീതം ഇരു ടീമും പങ്കിടും. ഇതോടെ പാകിസ്താന് 3 പോയിന്റ് ലഭിക്കുകയും സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇന്ത്യക്ക് നാലാം തീയ്യതി നേപ്പാളിനെതിരായ മത്സരമുണ്ട്. നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനാവും. ഇന്ത്യ-പാക് പോരാട്ടം നടക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
രണ്ട് ടീമിന്റെയും താരങ്ങള്‍ ഇന്നലെ വൈകീട്ട് പരിശീലനം നടത്തിയപ്പോള്‍ പരസ്പരം സംസാരിക്കുകയും കോലിയും ഹാരിസ് റഊഫും ഷഹീന്‍ ഷാ അഫ്രീദിയുമെല്ലാം ഹസ്തദാനം ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. ആരാധകര്‍ തമ്മിലുള്ള ശത്രുത താരങ്ങള്‍ തമ്മില്‍ ഇല്ലെന്നതാണ് വസ്തുത. മത്സരത്തിനിറങ്ങുമ്പോള്‍ ഇരു ടീമിന് മുകളിലും വലിയ സമ്മര്‍ദ്ദമാവും ഉണ്ടാവുക. സമ്മര്‍ദ്ദത്തെ ഫലപ്രദമായി മറികടക്കുന്ന ടീമാവും വിജയം നേടുക.
ഇത്തവണ ഇന്ത്യക്കും പാകിസ്താനും ശക്തമായ ടീം കരുത്തുണ്ട്. അതുകൊണ്ടുതന്നെ സൂപ്പര്‍ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരത്തിന്റെ ടിക്കറ്റെല്ലാം നേരത്തേ തന്നെ വിറ്റുപോയതാണ്. അതുകൊണ്ടുതന്നെ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് മത്സരത്തെ കാത്തിരിക്കുന്നത്. മത്സരം നടക്കാതെ പോയാല്‍ ആരാധകര്‍ക്കത് കടുത്ത നിരാശ നല്‍കുമെന്ന കാര്യം ഉറപ്പാണ്. 20 ഓവറെങ്കിലും മത്സരം നടക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
20 ഓവര്‍ മത്സരം നടന്നാല്‍ പോരാട്ടം കടുക്കും. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. വിരാട് കോലിയുടെ ബാറ്റിങ് മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും കോലിയുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ പേസാക്രമണത്തെ ചെറുക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.