For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: റിസര്‍വ് ദിനത്തെ പേടിക്കണം, അന്നു കിവികള്‍ ഇന്ത്യയെ കരയിച്ചു! എങ്ങനെ മറക്കും?

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പോരാട്ടം മഴയെ തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഞായറാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയില്‍ ഇന്ത്യ പിടിമുറുക്കവെയായിരുന്നു മഴ പാകിസ്താന്റെ രക്ഷയ്‌ക്കെത്തിയത്. 25 ഓവര്‍ പോലും മല്‍സരം നടക്കാന്‍ മഴ അനുവദിച്ചില്ല. ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സില്‍ നില്‍ക്കെ കളി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് റിസര്‍വ് ദിനത്തിലേക്കു മല്‍സരം മാറ്റിയത്.

അതേസമയം, റിസര്‍വ് ദിനമെന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര സുഖകരമായ ഓര്‍മകളല്ല നല്‍കുന്നത്. കാരണം അവസാനമായി ഏകദിനത്തില്‍ ഇതുപോലെ ഒരു റിസര്‍വ് ദിനത്തില്‍ കളിച്ചപ്പോള്‍ ഇന്ത്യക്കു വന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു റിസര്‍വ് ദിനം ഇന്ത്യയെ കരയിച്ചത്.

ROHIT BABAR

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി പോരാട്ടമായിരുന്നു മഴയെ തുടര്‍ന്നു തടസ്സപ്പെട്ടത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരവും ഇതു തന്നെയായിരുന്നു. വിരാട് കോലിക്കു കീഴില്‍ ടൂര്‍ണമെന്‍റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ രണ്ടു ദിവസമായി നടന്ന സെമിയില്‍ കിവികള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ലോകകപ്പ് പോലെയുള്ള വമ്പന്‍ ടൂര്‍ണമെന്റുകളില്‍ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ക്കു എല്ലായ്‌പ്പോഴും റിസര്‍വ് ദിനവും ഉള്‍പ്പെടുത്താറുണ്ട്. അന്നു ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയത്. മല്‍സരത്തിനു മഴ ഭീഷണിയുള്ളതിനാല്‍ തന്നെ ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റിനു 211 റണ്‍സില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്നു മഴ നില്‍ക്കുമെന്നു നാലു മണിക്കൂറോളം എല്ലാവരും കാത്തു നിന്നെങ്കിലും അതിനു കാര്യമുണ്ടായില്ല. കളി പുനരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യമായതോടെ റിസര്‍വ് ദിനത്തിലേക്കു മല്‍സരം മാറ്റുകയായിരുന്നു. റിസര്‍വ് ദിനത്തില്‍ 50 ഓവറില്‍ എട്ടു വിക്കറ്റിനു 239 റണ്‍സ് കിവികള്‍ നേടുകയും ചെയ്തു.

INDIA

ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 240 റണ്‍സ്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യക്കു ഈ ടോട്ടല്‍ ചേസ് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പിച്ചിലെ ഈര്‍പ്പവും മൂടിക്കെട്ടിയ കാലാവസ്ഥയും ഇന്ത്യയെ ചതിച്ചു. ന്യൂസിലാന്‍ഡ് പേസര്‍മാര്‍ പിച്ചും കാലാവസ്ഥയുമെല്ലാം ശരിക്കും മുതലെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സാവുമ്പോഴേക്കും രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ ഇന്ത്യക്കു നഷ്ടമായിരുന്നു. പിന്നാലെ 24 റണ്‍സായപ്പോഴേക്കും നാലാം വിക്കറ്റും കൈവിട്ടു. റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും 32 റണ്‍സ് വീതമെടുത്ത് മടങ്ങിയതോടെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ധോണി- രവീന്ദ്ര ജഡേജ സഖ്യം 116 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

പക്ഷെ റണ്‍ റേറ്റിലെ സമ്മര്‍ദ്ദം കാരണം ഫിഫ്റ്റിക്കു പിന്നാലെ ജഡേജ പുറത്തായി. വൈകാതെ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ തകര്‍പ്പനൊരു ത്രോയില്‍ ധോണി റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പരാജയത്തിലേക്കു വീണു. 18 റണ്‍സിന്റെ വിജയവുമായി ന്യൂസിലാന്‍ഡ് ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ഇന്ത്യക്കു ഒരിക്കല്‍ക്കൂടി കിരീടമില്ലാതെ നിരാശപ്പെടേണ്ടി വന്നു.

Story first published: Monday, September 11, 2023, 13:36 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+