ഏഷ്യാ കപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ടീം ഇന്ത്യ ബെംഗളൂരുവിലെ ആലൂരിലെ ക്യാംപില്‍ കഠിനപ്രയത്‌നത്തിലാണ്. 30നാണ് ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു പാകിസ്താനില്‍ തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം സപ്തംബര്‍ രണ്ടിനു ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയില്‍ ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമുമായിട്ടാണ് കിരീടം തിരിച്ചുപിടിക്കാന്‍ ടീമിന്റെ പടയൊരുക്കം.
അതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലന മല്‍സരത്തില്‍ നിന്നുള്ള സ്‌കോര്‍ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന കാര്യം വ്യക്തമല്ല. ആരവ് എന്ന യൂസറാണ് എക്‌സിലൂടെ (ട്വിറ്റര്‍) പരിശീലന മല്‍സരത്തില്‍ നിന്നുള്ള സ്‌കോര്‍ ബോര്‍ഡെന്ന് അവകാശപ്പെട്ട് പ്രധാനപ്പെട്ട സ്‌കോറുകള്‍ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ അഞ്ചു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ സ്‌കോറുകളാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ടീം 50 ഓവറില്‍ മൂന്നു വിക്കറ്റിന് 368 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും ബാക്കിയുള്ള നാലു പേരും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ടീമില്‍ ഏറ്റവും മികച്ചുനിന്നത്. 123 ബോളില്‍ 160 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരം കൂടിയാണ് കോലി. അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയാല്‍ ഇന്ത്യയുടെ കിരീടസാധ്യത വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങില്‍ ക്ലിക്കായില്ല. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു. എന്നാല്‍ ഹിറ്റ്മാന്റെ ഈ പ്രകടനത്തില്‍ ടീമിനു കാര്യമായ ആശങ്കയുണ്ടാവില്ല. കാരണം ഏഷ്യാ കപ്പില്‍ വളരെ മികച്ച റെക്കോര്‍ഡാണ് രോഹിത്തിന്റേത്.
മാത്രല്ല വലിയ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യാറുണ്ട്. പരിശീലന മല്‍സരത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്‍ ഫിഫ്റ്റിയുമായി മിന്നിച്ചു. 35 ബോളില്‍ 52 റണ്‍സാണ് അദ്ദേഹം നേടിയത്.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലും ബാറ്റിങില്‍ തിളങ്ങി. ഇരുവരും അപരാജിത ഫിഫ്റ്റികളുമായി ക്രീസില്‍ തുടരുകയായിരുന്നു. പരിക്കില്‍ നിന്നും മോചിതരായ ശേഷം ഇരുവരുടെയും ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഏഷ്യാ കപ്പ്.
അതുകൊണ്ടു തന്നെ ശ്രേയസിന്റെയും രാഹുലിന്റെയും പ്രകടനം ടീം മാനേജ്‌മെന്റിനു ആഹ്ലാദിക്കാന്‍ വക നല്‍കുകയും ചെയ്യും. ശ്രേയസ് 71 ബോളില്‍ പുറത്താവാതെ 85 റണ്‍സാണ് അടിച്ചെടുത്തത്. രാഹുല്‍ 67 ബോളില്‍ പുറത്താവാതെ 55 റണ്‍സും നേടി.
നാലാം നമ്പറില്‍ ഇന്ത്യയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത താരമാണ് ശ്രേയസ്. പരിക്കേറ്റ് അദ്ദേഹം പുറത്തായപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യ നടത്തിയ നീക്കങ്ങളെല്ലാം ഫ്‌ളോപ്പാവുകയായിരുന്നു. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരായിരുന്നു ഈ റോളിലേക്കു ഇന്ത്യ കണ്ടുവച്ചിരുന്ന താരങ്ങള്‍.
പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കാന്‍ ഇരുവര്‍ക്കുമായില്ല. ഇതിനിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രേയസ് ഏഷ്യാ കപ്പ് ടീമിലേക്കു തിരിച്ചെത്തിയത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ രാഹുലായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. രാഹുലിന് കളിക്കാനായില്ലെങ്കില്‍ മാത്രമേ ബാക്കപ്പായി ടീമിലുള്ള സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.