ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ യോ-യോ ടെസ്റ്റില്‍ വിജയം നേടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനായത്. ഇതില്‍ തനിക്കു ലഭിച്ച സ്‌കോര്‍ എത്രയാണെന്നു ഇന്‍സ്റ്റഗ്രാം സറ്റോറിയിലൂടെ കോലി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായി ബിസിസിഐ സംഘടിപ്പിക്കുന്ന യോ-യോ ടെസ്റ്റില്‍ പാസാവാന്‍ ഒരു താരത്തിനു ലഭിക്കേണ്ട സ്‌കോര്‍ 16.5 ആണ്. എന്നാല്‍ തനിക്കു ഈ ടെസ്റ്റില്‍ ലഭിച്ച സ്‌കോര്‍ 17.2 ആണെന്നാണ് കോലി പറയുന്നത്.

ഭയാനകമായ കോണുകള്‍ക്കിടയില്‍ യോ-യോ ടെസ്റ്റ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം. 17.2 നേടിയിരിക്കുന്നുവെന്നാണ് ടിക്ക് മാര്‍ക്കോടു കൂടിയ ഇമോജിക്കൊപ്പം ഗ്രൗണ്ടില്‍ കിടന്നുകൊണ്ടുള്ള സെല്‍ഫിയോടെ കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
യോ-യോ ടെസ്റ്റില്‍ തന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറിനു അടുത്തു പോലും കോലിക്കു ഇത്തവണ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് എടുത്തു പറയേണ്ടതാണ്. 19 ആണ് ഈ ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം വരെയുള്ള യോ-യോ ടെസ്റ്റിലെ സ്‌കോറുകളെടുത്താല്‍ ലോക ക്രിക്കറ്റില്‍ കോലിക്കു എട്ടാംസ്ഥാനം മാത്രമേയുള്ളൂ.
22.1 എന്ന ഞെട്ടിക്കുന്ന സ്‌കോറുമായി പാകിസ്താന്‍ താരം ഷാന്‍ മസൂദിനാണ് നിലവില്‍ യോ-യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലഭിച്ചിരിക്കുന്നത്. 21.8 സ്‌കോറുമായി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഫിറ്റ്‌നസ് ടെസ്റ്റില്‍ 20ന് മുകളില്‍ സ്‌കോര്‍ നേടിയിരിക്കുന്ന രണ്ടു താരങ്ങള്‍ ഈ രണ്ടു പേര്‍ മാത്രമാണ്.
ഇന്ത്യയുടെ മായങ്ക് ഡഗര്‍ (19.3), ഇംഗ്ല്ണ്ടിന്റെ വനിതാ താരം ബെത് ലാങ്സ്റ്റണ്‍ (19.2), പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (19.2), സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ (19.2), ഇന്ത്യയുടെ മുന്‍ താരം മനീഷ് പാണ്ഡെ (19.2) എന്നിവരാണ് യോ-യോ ടെസ്റ്റില്‍ കോലിക്കു മുന്നിലുള്ള മറ്റു താരങ്ങള്‍. കോലിയെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെയും യോ- യോ ടെസ്റ്റിലെ ബെസ്റ്റ് സ്‌കോര്‍ 19 ആണ്.

യോ- യോ ടെസ്റ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കു വളരെ മുമ്പ് തന്നെ നിര്‍ബന്ധമാക്കിയിരുന്നു. ടീം സെലക്ഷനു യോഗ്യത നേടണമെങ്കില്‍ ഈ ടെസ്റ്റില്‍ വിജയിക്കേണ്ടത് പ്രധാനവുമാണ്. നേരത്തേ സഞ്ജു സാംസണുള്‍പ്പെടെയുള്ള ചില താരങ്ങള്‍ യോ- യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കളിക്കാരുടെ വേഗതയും സഹനശക്തിയുമെല്ലാം അളക്കുന്നതിനായി നടത്തുന്ന രണ്ടു കിമി ടൈം സര്‍ക്യൂട്ട് ട്രയലാണ് യോ- യോ ടെസ്റ്റ്.
ഇന്ത്യന്‍ ടീമിലെ മാത്രമല്ല ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് കോലി. അതുകൊണ്ടു തന്നെ യോ-യോ ടെസ്റ്റില്‍ എല്ലായ്‌പ്പോഴും മികച്ച സ്‌കോര്‍ കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതിനായി കോലി ബെംഗളൂരുവിലെത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ഇവിടെയെത്തിയിട്ടുണ്ട്. രോഹിത്, ജഡേജ എന്നിവരും എന്‍സിഎയില്‍ യോ-യോ ടെസ്റ്റിനു വിധേയരാവുന്നുണ്ടെന്നാണ് വിവരം.