കൊളംബോ: ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 30നാണ് ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏഷ്യാ കപ്പ് കിരീടം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. ഇത്തവണയും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്താനും ശ്രീലങ്കയുമുണ്ടാവും.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. വിരാട് കോലി-ബാബര്‍ ആസം എന്നിവരുടെ ബാറ്റിങ് പ്രകടനമാവും വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. പാകിസ്താനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ശ്രീലങ്കയാണ്. കോലിക്കും ബാബറിനും മികച്ച ബാറ്റിങ് റെക്കോഡാണ് ശ്രീലങ്കയിലുള്ളത്. എന്നാല്‍ ഇവരില്‍ കൂടുതല്‍ കേമനാര്? കണക്കുകള്‍ നോക്കി വിലയിരുത്താം.

23 ഏകദിനമാണ് കോലി ശ്രീലങ്കയില്‍ കളിച്ചത്. 47.31 ശരാശരിയില്‍ 899 റണ്‍സും അദ്ദേഹം നേടി. ഇതില്‍ നാല് സെഞ്ച്വറിയും ഉള്‍പ്പെടും. ശ്രീലങ്കയ്‌ക്കെതിരേ 53.87 ശരാശരിയില്‍ 862 റണ്‍സാണ് ഏകദിനത്തില്‍ കോലി നേടിയത്. കോലിയുടെ നാല് സെഞ്ച്വറിയും ശ്രീലങ്കയ്‌ക്കെതിരേയാണ്. ശ്രീലങ്കയിലെ പിച്ച് ഏറെക്കുറെ ഇന്ത്യയിലെ പിച്ചിനോട് സമാനമാണ്. സ്പിന്നിന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന പിച്ചാണ് ശ്രീലങ്കയിലേത്. കോലിയെ കുരുക്കാന്‍ സ്പിന്‍ തന്ത്രം തന്നെയാവും എതിരാളികള്‍ മെനയുക.
പാക് നായകന്‍ ബാബര്‍ ആസമിന് അത്ര മികച്ച റെക്കോഡ് ശ്രീലങ്കയില്‍ അവകാശപ്പെടാനാവില്ല. നാല് മത്സരങ്ങള്‍ മാത്രമാണ് ബാബര്‍ ശ്രീലങ്കയില്‍ കളിച്ചത്. 22.50 ശരാശരിയില്‍ നേടിയത് 90 റണ്‍സ് മാത്രമാണ്. പാകിസ്താന്റെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്ക് ശ്രീലങ്കയാണ് വേദി. ആദ്യ മത്സരത്തില്‍ ഡെക്കിനാണ് ബാബര്‍ പുറത്തായത്.
ശ്രീലങ്കയിലെ കണക്കില്‍ ബാബര്‍ ആസമിനെക്കാള്‍ കേമന്‍ കോലിയാണ്. സമീപകാലത്തായി കോലി മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ഇത്തവണയും അദ്ദേഹം കസറിയേക്കും. ബാബറിനെക്കാളും ശ്രീലങ്കന്‍ പിച്ചില്‍ അനുഭവസമ്പത്തും കോലിക്കാണ്. സ്പിന്നര്‍മാരെ നേരിടാന്‍ രണ്ട് പേര്‍ക്കും അല്‍പ്പം പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ആരാവും കൂടുതല്‍ കസറുകയെന്നത് കാത്തിരുന്ന് കണ്ടറിയണം.
രോഹിത് ശര്‍മയ്ക്കും ശ്രീലങ്കയില്‍ മികച്ച റെക്കോഡുള്ളത്. രോഹിത്തിന്റെ ഇഷ്ട മൈതാനങ്ങളിലൊന്നാണ് ശ്രീലങ്ക. കെ എല്‍ രാഹുലിനും മികച്ച പ്രകടനം ശ്രീലങ്കയില്‍ അവകാശപ്പെടാം. എന്നാല്‍ പാകിസ്താനെതിരേ രാഹുല്‍ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യ-പാക് പോരാട്ടത്തില്‍ നിര്‍ണ്ണായകമാവുന്നത് ബൗളര്‍മാരുടെ പ്രകടനം. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ വിറപ്പിക്കുന്ന ബൗളര്‍മാരാണ് പാകിസ്താനൊപ്പമുള്ളത്.
ഷഹീന്‍ ഷാ അഫ്രീദിയുടെ പേസ് മികവ് ഇന്ത്യന്‍ ടോപ് ഓഡറിന്റെ പേടി സ്വപ്‌നമാണ്. ഇടം കൈയന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പൊതുവേ പ്രയാസം നേരിടാറുണ്ട്. ഹാരിസ് റഊഫിന്റെ അതിവേഗ പന്തുകളും ഇന്ത്യക്ക് വലിയ ഭീഷണിയാണ്. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് വിരാട് കോലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്.
ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 17 മത്സരങ്ങളിലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. 9 മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 6 മത്സരത്തിലാണ് പാകിസ്താന് ജയിക്കാനായത്. രണ്ട് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടത്തിന് ആവേശം കൂടും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ശക്തമായി തുടരവെ നടക്കുന്ന മത്സരമായതിനാല്‍ ഇത്തവണയും വാശിക്ക് കുറവുണ്ടാവില്ല.
ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരുന്നു. ഇതില്‍ പാകിസ്താന് അതൃപ്തിയുമുണ്ട്. മുന്‍ പാക് താരങ്ങളടക്കം ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പാകിസ്താനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരേ പാകിസ്താന് പ്രതിഷേധമുള്ള സാഹചര്യത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്.