ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യയുടെ ഏറ്റവും നിര്‍ണായക താരങ്ങളിലൊരാളാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കു കപ്പുയര്‍ത്തണമെങ്കില്‍ കോലിയില്‍ നിന്നും മികച്ച സംഭാവന ടീമിനു ലഭിച്ചേ തീരൂ. തന്റെ പഴയ ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞ അദ്ദേഹത്തിന്റെ ബാറ്റ് ഏഷ്യാ കപ്പിലും തീതുപ്പുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാ കപ്പില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അദ്ദേഹം. ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റില്‍ നേരത്തേ നടന്നപ്പോള്‍ 11 മല്‍സരങ്ങളില്‍ നിന്നും 61.30 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ കോലി വാരിക്കൂട്ടിയത് 613 റണ്‍സാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിനു ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണുള്ളത്.

സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിന് തൊട്ടരികില്‍ നില്‍ക്കുകയാണ് അദ്ദേഹം. 49 സെഞ്ച്വറികളോടെയാണ് സച്ചിന്‍ തലപ്പത്തുള്ളത്. 46 സെഞ്ച്വറികളുമായി കോലി തൊട്ടുപിന്നാലെയുണ്ട്.
ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് കോലിയെ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ക്കാനൊരുങ്ങുന്നത്. ഏകദിനത്തില്‍ ഏറ്റവുമധികം ഫിഫ്റ്റികളുള്ള മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് നിലവില്‍ പോണ്ടിങിന് അവകാശപ്പെട്ടതാണ്. ഇതാണ് കോലി ഏഷ്യാ കപ്പില്‍ തിരുത്താന്‍ കച്ചമുറുക്കുന്നത്.
112 ഫിഫ്റ്റികളോടെയാണ് ഓള്‍ടൈം ലിസ്റ്റില്‍ പോണ്ടിങ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 111 ഫിഫ്റ്റികളോടെ തൊട്ടരികില്‍ കോലിയുണ്ട്. ഏഷ്യാ കപ്പില്‍ രണ്ടു ഫിഫ്റ്റികള്‍ കുറിക്കാനായാല്‍ പോണ്ടിങിനെ പിന്തള്ളി പുതിയ മൂന്നാം നമ്പറായി അദ്ദേഹം മാറും.
ഏകദിനത്തില്‍ ഏറ്റവുമധികം ഫിഫ്റ്റികളെന്ന ലോക റെക്കോര്‍ഡ് നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഭദ്രമാണ്. 145 ഫിഫ്റ്റികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഈ റെക്കോര്‍ഡ് ഇനിയാരും തകര്‍ക്കാനും സാധ്യതയില്ല. സച്ചിനു പിന്നില്‍ രണ്ടാംസ്ഥാനം ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയ്ക്കാണ്. 118 ഫിഫ്റ്റികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ഏകദിനത്തില്‍ 100ന് മുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ മറ്റൊരു താരം സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് (103 ഫിഫ്റ്റി). കോലിക്കു 111 ഫിഫ്റ്റികളിലെത്താന്‍ വെറും 265 ഇന്നിങ്‌സുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. സച്ചിന്‍ 452ഉം സങ്കക്കാര 380ഉം പോണ്ടിങ് 365ഉം ഇന്നിങ്‌സുകളാണ് കളിച്ചത്.

ഏകദിനത്തിലെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളെടുത്താല്‍ കോലിക്കു അരികില്‍പ്പോലും ഇന്ത്യയുടെ മറ്റൊരു താരത്തിനു എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. കോലിക്കു പിറകില്‍ മൂന്നാംസ്ഥാനത്തുള്ളത് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 78 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഏകദിനത്തില്‍ ഹിറ്റ്മാന്‍ കുറിച്ചത്. 56 ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
വിവിധ ഫോര്‍മാറ്റുകളിലായി ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തും കോലിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200നു മുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യയുടെ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. 559 ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ പേരിലുള്ളത് 207 ഫിഫ്റ്റികളാണ്.
ഈ ലിസ്റ്റിലും ലോക റെക്കോര്‍ഡ് സച്ചിനാണ്. 782 ഇന്നിങ്‌സുകളില്‍ നിന്നും 264 ഫിഫ്റ്റികളുമായി അദ്ദേഹം ബഹുദൂരം മുന്നിലാണ്. 668 ഇന്നിങ്‌സുകളില്‍ നിന്നും 217 ഫിഫ്റ്റികളോടെ പോണ്ടിങ് രണ്ടാംസ്ഥാനത്തും നില്‍ക്കുകയാണ്. സങ്കക്കാര (216 ഫിഫ്റ്റി, 666 ഇന്നിങ്‌സ്), കാലിസ് (211, 617) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.