Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിക്ക് വിശ്രമം മെയിന്‍? അവസാന 8ല്‍ ബാറ്റ് ചെയ്തത് വെറും മൂന്നില്‍ മാത്രം

ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു വീണ്ടുമൊരു കളിയില്‍ കൂടി ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലാണ് അദ്ദേഹത്തിനു വിശ്രമം നല്‍കിയത്. എന്നാല്‍ ലോകകപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ കോലിക്കു വിശ്രമം നല്‍കേണ്ടിയിരുന്നോ എന്നതാണ് ചോദ്യം.

പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറി കുറിച്ചിരുന്നെങ്കിലും സമീപകാലത്തു കോലി ഏകദിനത്തില്‍ അധികം ബാറ്റ് ചെയ്തിട്ടില്ലെന്നു കാണാം. മാത്രമല്ല പാകിസ്താനെതിരേ പുറത്താവാതെ 122 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും കോലിക്കു ചൂണ്ടിക്കാണിക്കാനുമില്ല. അതുകൊണ്ടു തന്നെ ലോകകപ്പിനു മുമ്പ് പരമാവധി മല്‍സരങ്ങളില്‍ ബാറ്റ് ചെയ്തു താളം നിലനിര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

VIRAT KOH;LI

ഇന്ത്യന്‍ ടീം കളിച്ച അവസാനത്തെ എട്ടു ഏകദിന മല്‍സരങ്ങള്‍ എടുക്കുകയാണെങ്കില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ കോലി ബാറ്റ് ചെയ്തിട്ടുള്ളൂവെന്നൂ കാണാം. ഇതില്‍ രണ്ടെണ്ണത്തില്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഒറ്റയക്ക സ്‌കോറുകള്‍ക്കാണ് അദ്ദേഹം ഇവയില്‍ പുറത്തായത്. ഏഷ്യാ കപ്പിന്റെ ഗ്രൂപ്പു ഘട്ടത്തിലും സൂപ്പര്‍ ഫോറിലുമായിരുന്നു ഇത്. ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ ഏഴു ബോളില്‍ നാലു റണ്‍സിന് കോലി പുറത്തായിരുന്നു.

പിന്നീട് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേയും അദ്ദേഹം നിരാശപ്പെടുത്തി. 12 ബോളില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് കോലി മടങ്ങുകയായിരുന്നു. പാകിസ്താനെതിരേ നേടിയ 122 റണ്‍സ് മാത്രമേ അവസാനത്തെ എട്ടു ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുള്ളൂ.

ഏഷ്യാ കപ്പിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിച്ചിരുന്നു. ഇതില്‍ ആദ്യത്തെ കളിയില്‍ കോലി ബാറ്റിങിന് ഇറങ്ങിയില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുകയും ചെയ്തു. ഇതിനു ശേഷം പാകിസ്താനെതിരേ ഏഷ്യാ കപ്പിലെ ആദ്യ മല്‍സരം കളിച്ച കോലി നേപ്പാളുമായുള്ള അടുത്ത മല്‍സരത്തില്‍ ബാറ്റ് ചെയ്തതുമില്ല.

VIRAT KOHLI

പാകിസ്താനെതിരേ സെഞ്ച്വറിയുമായി തിരിച്ചുവന്നെങ്കിലും ലങ്കയ്‌ക്കെതിരേ കാലിടറി. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിനു വിശ്രമവും നല്‍കിയിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള മല്‍സരഫലം അപ്രസക്തമായിരുന്നെങ്കിലും കോലിക്കു വലിയൊരു ഇന്നിങ്‌സുമായി ഫൈനലിനുവേണ്ടി മികച്ച തയ്യാറെടുപ്പ് നടത്താന്‍ സാധിക്കുമായിരുന്നു.

അതേസമയം, ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയുമായുള്ള അവസാനത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ അഞ്ചു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

കോലിയെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കി. തിലക് വര്‍മ ഈ കളിയിലൂടെ ഏകദിനത്തില്‍ അരങ്ങേറിയപ്പോള്‍ സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലേക്കു വന്നു.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, September 15, 2023, 16:45 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+