പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പുഘട്ടത്തിലെ ചിരവൈരി പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രതീക്ഷകളും സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടത്തിലേക്കാണ്. എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം 100 ശതമാനവും മഴ പെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഏത് വിധേനെയും ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ മത്സരം നടത്താനുള്ള ശ്രമത്തിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇതിന്റെ ഭാഗമായി 10ാം തീയ്യതി മത്സരം മുടങ്ങിയാല്‍ 11ാം തീയ്യതി റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ-പാക് മത്സരത്തിന് മാത്രമായാണ് റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റൊരു സൂപ്പര്‍ ഫോര്‍ മത്സരത്തിലും റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ പ്രഖ്യാപിച്ചതിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.
പല പ്രമുഖരും ഒരു മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ പ്രഖ്യാപിച്ച തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് ഇത്തരമൊരു തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് ടീമുകളോട് കാട്ടുന്ന വഞ്ചനയാണിത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുടെ മുഖ്യ പരിശീലകരും ഒരു മത്സരത്തില്‍ മാത്രം റിസര്‍വ് ഡേ പ്രഖ്യാപിച്ച തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
മറ്റ് ടീമുകളോട് കാട്ടുന്ന അനീതിയാണിത്. ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസര്‍വ് ഡേ ലഭിച്ചാല്‍ ഇവര്‍ക്ക് ഫൈനലിലെത്താനുള്ള സാധ്യത ഉയരും. മറ്റ് ടീമുകള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും റിസര്‍വ് ഡേ കൊണ്ടുവരുന്നതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഇരു ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സമ്മതിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിക്കുകയായിരുന്നുവെന്ന ആരോപണമാണ് ശക്തമാവുന്നത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ വെങ്കടേഷ് പ്രസാദും ഒരു മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ പ്രഖ്യപിച്ചതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു നീക്കം പെട്ടെന്ന് നടത്താനുള്ള കാരണമെന്താണെന്നും സ്വന്തം ടീമുകളുടെ ഫൈനല്‍ സാധ്യത ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും പ്രസാദ് ആരോപിച്ചു.
ഇന്ത്യ-പാക് മത്സരത്തിലെ മഴ സാധ്യതയുള്ളതിനാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഇത് മറികടക്കാനും ആരാധകരെ ഗ്യാലറിയിലേക്ക് എത്തിക്കാനുമാണ് പെട്ടെന്ന് റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. 10ാം തീയ്യതിയിലെ ടിക്കറ്റ് ഉപയോഗിച്ച് 11ാം തീയ്യതിയും മത്സരം കാണാന്‍ സാധിക്കും. മത്സരം കാണാന്‍ കൂടുതല്‍ കാണികളെ എത്തിക്കാനാണ് റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തം.
എന്നാല്‍ സൂപ്പര്‍ ഫോറിലെ മറ്റ് മത്സരങ്ങളും മഴ മുടക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ടനുസരിച്ച് ഇനിയും ഒരാഴ്ചയെങ്കിലും ശ്രീലങ്കയില്‍ മഴ തുടര്‍ന്നേക്കും. അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങളെല്ലാം ഉപേക്ഷിക്കേണ്ട സാഹചര്യം വരും. ഇതോടെ ആരൊക്കെയാണ് ഫൈനല്‍ കളിക്കുകയെന്നത് മഴ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസര്‍വ് ഡേ പ്രഖ്യാപിച്ചതോടെ മറ്റ് ടീമുകളോട് എസിസി കാട്ടിയത് കടുത്ത അനീതിയാണെന്നതാണ് വാസ്തവം.
ബിസിസിഐയുടെ പിടിവാശിയാണ് ഏഷ്യാ കപ്പ് കുളമാകാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്. പാകിസ്താനാണ് ഇത്തവണ ഏഷ്യാ കപ്പിന് ആതിഥേയരാവേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാട് ബിസിസിഐ എടുത്തതോടെ മത്സരം ശ്രീലങ്കയിലേക്കെത്തുകയായിരുന്നു. യുഎഇയില്‍ മത്സരം നടത്താമെന്ന പിസിബിയുടെ നിര്‍ദേശവും ബിസിസിഐയാണ് തള്ളിയത്. അതുകൊണ്ടുതന്നെ ശ്രീലങ്കയില്‍ മഴ വില്ലനാവുമ്പോള്‍ ബിസിസിഐക്കെതിരേയാണ് വിമര്‍ശനം ശക്തമാവുന്നത്.